
തിരുവനന്തപുരം: ജിഎസ്ടി പരിഷ്കരണത്തിനെ തുര്‍ന്ന് സംസ്ഥാനത്ത് ലോട്ടറി വില വർധിപ്പിക്കില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ലോട്ടറിയുടെ കമ്മീഷൻ വ്യവസ്ഥയിൽ ഉൾപ്പെടെ ചെറിയ മാറ്റം വരുത്തി തത്കാലം പ്രതിസന്ധി പരിഹരിക്കുമെന്ന് കെ എൻ ബാലഗോപാൽ വ്യക്തമാക്കി. സമ്മാനത്തുകയിലും കുറവ് വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിഎസ്ടി പരിഷ്കരണത്തോടുകൂടിയാണ് ഈ നടപടി സ്വീകരിക്കേണ്ടി വരുന്നതെന്നായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.
ലോട്ടറിക്ക് ജിഎസ്ടി 28ൽ നിന്ന് 40 ആയി ഉയർത്തിയത് കേരളത്തിന് വൻ തിരിച്ചടിയായിരുന്നു. സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാതെ കേന്ദ്ര സർക്കാർ ജിഎസ്ടി മാറ്റത്തിന് എടുത്ത തീരുമാനം കേരളത്തിന് തലയ്ക്കേറ്റ അടിയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നേരത്തെ പ്രതികരിച്ചിരുന്നു. നികുതി കുറച്ചതിൻ്റെ ഗുണം സാധാരണക്കാർക്ക് കിട്ടുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. നാല്പത് ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയത് ലോട്ടറി മേഖലയിലെ 2 ലക്ഷം പേരെയാകും ബാധിക്കുകയെന്നും കെഎൻ ബാലഗോപാൽ കുറ്റപ്പെടുത്തി.
ജിഎസ്ടി നിരക്ക് കുറച്ചത് കേന്ദ്രം ആഘോഷിക്കുമ്പോഴും കടുത്ത ആശങ്കയാണ് കേരളം പ്രകടിപ്പിക്കുന്നത്. നികുതി കുറച്ചത് സാധാരണക്കാണക്കാരന് ഗുണം ചെയ്യുമോ എന്ന് ഉറപ്പില്ലെന്ന് മന്ത്രി കെഎൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി. സിമൻ്റിനുള്ള നികുതി കുറച്ചപ്പോൾ വില ഉയർത്താൻ കമ്പനികൾ തയ്യാറെടുക്കുന്നു എന്നാണ് അറിയാനായത്. ഇത് നിരീക്ഷിക്കാൻ കൃത്യമായ സംവിധാനം വേണമെന്ന് കേരളം ആവശ്യപ്പെട്ടു. സിമൻ്റ്, കാറുകൾ, ഇൻഷുറൻസ് എന്നിവയുടെ നികുതി കുറയുമ്പോൾ തന്നെ കേരളത്തിന് 2500 കോടി വരുമാന നഷ്ടം ഉണ്ടാകും.