
ബന്ധങ്ങള്‍ വേര്‍പെടുമ്പോള്‍ ഹൃദയബന്ധങ്ങള്‍ മാത്രമല്ല, സാമ്പത്തിക ബന്ധങ്ങളും പലപ്പോഴും തകരാറിലാകുന്നു. വിവാഹമോചനം ഒരു വ്യക്തിയുടെ ജീവിതത്തില്‍ വരുത്തുന്ന ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളാണ്. ഈ വേര്‍പിരിയല്‍ ക്രെഡിറ്റ് സ്‌കോറിനെ എങ്ങനെ ബാധിക്കുന്നു എന്നത് പലപ്പോഴും അവഗണിക്കപ്പെടുന്ന ഒന്നാണ്. കൃത്യമായ നിയമപരമായ വേര്‍പിരിയല്‍ നടപടികള്‍ ഇല്ലാത്ത പക്ഷം, കടങ്ങള്‍, ഇഎംഐകള്‍, മറ്റ് സാമ്പത്തിക ബാധ്യതകള്‍ എന്നിവ നിലനില്‍ക്കുകയും, അവ ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ തിരിച്ചടവ് മുടങ്ങുകയും, കടം-വരുമാനം അനുപാതം വര്‍ധിക്കുകയും, ഒടുവില്‍ ഇരുവരുടേയും ക്രെഡിറ്റ് സ്‌കോര്‍ കുറയുകയും ചെയ്യും.
വിവാഹമോചനവും സാമ്പത്തിക ബാധ്യതകളും:
ജോയിന്റ് ലോണുകള്‍: വിവാഹമോചനം എന്നത് ബാങ്കുകള്‍ക്കോ എന്‍ബിഎഫ്‌സികള്‍ക്കോ ഒരു ജോയിന്റ് ലോണ്‍ റദ്ദാക്കാനുള്ള നിയമപരമായ കാരണമല്ല. ദമ്പതികള്‍ ഒരുമിച്ച് ലോണിന് ഒപ്പിട്ടിട്ടുണ്ടെങ്കില്‍, വ്യക്തിഗത ലോണ്‍, വാഹന ലോണ്‍, ഭവന വായ്പ എന്നിവയുടെ കാര്യത്തില്‍ ഒരുമിച്ച് തിരിച്ചടയ്ക്കാനോ അല്ലെങ്കില്‍ പുനഃക്രമീകരിക്കാനോ അവര്‍ നിയമപരമായി ബാധ്യസ്ഥരാണ്.
ജീവനാംശം : വിവാഹമോചന കരാറിലെ ഒരു പ്രധാന ഭാഗമാണ് ജീവനാംശം. പണം നല്‍കുന്നയാള്‍ക്ക് സാമ്പത്തിക ഉത്തരവാദിത്തമുണ്ടെന്ന് കാണിക്കാന്‍ ഈ ബാധ്യതകള്‍ കൃത്യമായി നിറവേറ്റുന്നത് സഹായിക്കും. ഇത് ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കില്ല; മറിച്ച്, കൃത്യമായ പേയ്മെന്റുകള്‍ ഭാവിയിലെ വായ്പ നല്‍കുന്നവര്‍ക്ക് നിങ്ങള്‍ വിശ്വാസയോഗ്യനാണെന്ന് കണക്കിലെടുക്കാനുള്ള ഉപാധിയാകും.
ക്രെഡിറ്റ് കാര്‍ഡുകള്‍: ദമ്പതികള്‍ സാധാരണയായി ക്രെഡിറ്റ് കാര്‍ഡുകള്‍ പങ്കിടാറുണ്ട്. ഒരു ക്രെഡിറ്റ് കാര്‍ഡ് ഉടമ തന്റെ മുന്‍ പങ്കാളിയെ ഒരു അംഗീകൃത ഉപയോക്താവ്്് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തില്ലെങ്കില്‍, ആ കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കപ്പെടുകയോ, പരിധിയില്‍ കവിഞ്ഞ് ഉപയോഗിക്കപ്പെടുകയോ, തിരിച്ചടവ് മുടങ്ങുകയോ ചെയ്യാം. ഇത് കാര്‍ഡ് ഉടമയുടെ ക്രെഡിറ്റ് സ്‌കോറിനെയാണ് ബാധിക്കുക.
ജോയിന്റ് ഹോം ലോണുകള്‍: ഒരു പങ്കാളി വീടിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്താലും, വായ്പ പുനഃക്രമീകരിക്കുന്നതുവരെ വായ്പ ഇരു കക്ഷികളുടെയും പേരുകളില്‍ തുടരാം. പുതിയ ഉടമ വായ്പ അടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍, അത് ഇരു കക്ഷികളുടെയും ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും.
വിവാഹമോചനത്തിന് ശേഷം ക്രഡിറ്റ് സ്‌കോര്‍ എങ്ങനെ സംരക്ഷിക്കാം?
ക്രെഡിറ്റ് റിപ്പോര്‍ട്ട് വാങ്ങി പരിശോധിക്കുക.
കോടതി വിധിയില്‍ മാത്രം ആശ്രയിക്കാതെ, ജോയിന്റ് ലോണുകള്‍ പുനഃക്രമീകരിക്കാനോ അവസാനിപ്പിക്കാനോ ശ്രമിക്കുക.
ഉത്തരവാദിത്തങ്ങളും സ്റ്റാറ്റസും മാറ്റുന്നതിനെക്കുറിച്ച് ബാങ്കുകളുമായി സംസാരിക്കുക.
മുന്‍ പങ്കാളിയുമായി ബന്ധപ്പെട്ട ഉപയോഗിക്കാത്ത കാര്‍ഡുകള്‍ മരവിപ്പിക്കുകയും അംഗീകൃത ഉപയോക്താക്കളെ നീക്കം ചെയ്യുകയും ചെയ്യുക.
ഇഎംഐകള്‍ക്കായി ഓട്ടോ-പേ അല്ലെങ്കില്‍ അലേര്‍ട്ടുകള്‍ സജ്ജീകരിക്കുക, അങ്ങനെ ഒരു പേയ്മെന്റും മുടങ്ങില്ല.