ലോകബാങ്കില്‍ നിന്നും കൊവിഡ് പ്രതിരോധത്തിനായി 250കോടി ഡോളര്‍ വായ്പ ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്രം

By Web TeamFirst Published Sep 16, 2020, 9:27 PM IST
Highlights

ഏപ്രില്‍ 3നാണ് ആദ്യ വായ്പയില്‍ ഒപ്പിട്ടത്. രാജ്യവ്യാപകമായി ലോക്ഡൌണ്‍ പ്രഖ്യാപിച്ചതിന് തൊട്ട്പിന്നാലെയായിരുന്നു ഇത്. വായ്പയുടെ രണ്ടാം ഗഡു ലഭിച്ചത് മെയ് 15നായിരുന്നു. ഈ തുക പൂര്‍ണമായും ചെലവായിയെന്നും അനുരാഗ് താക്കൂര്‍ സഭയെ അറിയിച്ചു.

ദില്ലി: കൊവിഡ് മഹാമാരിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് വായ്പകളിലായി 250 കോടി ഡോളര്‍ ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ആരോഗ്യം, സാമൂഹ്യ സുരക്ഷ, സാമ്പത്തിക സ്ഥിരത എന്നീ മൂന്ന് വിഭാഗങ്ങളിലായി വേര്‍തിരിച്ചാണ് ലോകബാങ്ക് വായ്പ അനുവദിച്ചിരിക്കുന്നതെന്നാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ രാജ്യസഭയെ അറിയിച്ചത്. ഈ വായ്പകളുടെ സഹായം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ലഭിച്ചിട്ടുണ്ടെന്നും അനുരാഗ് താക്കൂര്‍ വിശദമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.. 

ഏപ്രില്‍ 3നാണ് ആദ്യ വായ്പയില്‍ ഒപ്പിട്ടത്. രാജ്യവ്യാപകമായി ലോക്ഡൌണ്‍ പ്രഖ്യാപിച്ചതിന് തൊട്ട്പിന്നാലെയായിരുന്നു ഇത്. വായ്പയുടെ രണ്ടാം ഗഡു ലഭിച്ചത് മെയ് 15നായിരുന്നു. ഈ തുക പൂര്‍ണമായും ചെലവായിയെന്നും അനുരാഗ് താക്കൂര്‍ സഭയെ അറിയിച്ചു. 750 ദശലക്ഷം  ഡോളറായിരുന്നു സാമൂഹ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ലഭിച്ചത്. പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ പാക്കേജിന്‍റെ ഗുണഭോക്താക്കള്‍ക്കാണ് ഈ തുക നല്‍കിയത്. 

മൂന്നാം ഗഡു രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഉള്ളതായിരുന്നു. ജൂലെ ആറിനാണ് ഈ തുക ലഭിച്ചത്. 750 ദശലക്ഷം ഡോളറായിരുന്നു ഇത്. 5 ദശലക്ഷം കൊവിഡ് കേസുകളാണ് ഇതിനോടകം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 82066 പേരാണ് ഇതിനോടകം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. ലോകത്തിലെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. 

click me!