രാജ്യത്തെ ആഭ്യന്തര ഉത്പാദനം ഇടിഞ്ഞു: ഏപ്രിൽ - ജൂണിൽ 6 വ‍ർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ച

By Web TeamFirst Published Aug 30, 2019, 7:41 PM IST
Highlights

കഴിഞ്ഞ ആറ് വ‍ർഷത്തെ ഏറ്റവും കുറവ് വളർച്ചാ നിരക്കിലാണ് ആഭ്യന്തര ഉത്പാദന വളർച്ചാ നിരക്ക്. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ വെറും അഞ്ച് ശതമാനം മാത്രമാണ് വളർച്ച. 

ദില്ലി: രാജ്യത്തെ സാമ്പത്തിക വളർച്ചാ നിരക്ക് ഇടിവിലേക്ക്. രാജ്യത്തിന്‍റെ ആഭ്യന്തര ഉത്പാദനത്തിന്‍റെ വളർച്ചാ തോത് കഴിഞ്ഞ ആറ് വ‍ർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ വെറും അഞ്ച് ശതമാനം മാത്രമാണ് വളർച്ച. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷനാണ് ഏപ്രിൽ - ജൂൺ കാലത്തെ ജിഡിപി വളർച്ചാ നിരക്ക് പുറത്തുവിട്ടത്. 

കഴിഞ്ഞ വർഷം ഇതേ സമയത്ത് എട്ട് ശതമാനമായിരുന്നു ജിഡിപി വളർച്ചാ നിരക്ക്. അത് കുറഞ്ഞുവന്ന് കഴിഞ്ഞ പാദത്തിൽ (ജനുവരി - മാർച്ച്) 5.8 ശതമാനമായി കുറഞ്ഞു. 2013 മാർച്ചിലാണ് ഇതിന് മുമ്പ് ഏറ്റവും ചെറിയ വളർച്ചാ തോത് രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് 4.3 ശതമാനമായിരുന്നു വളർച്ചാ തോത്. 

തുടർച്ചയായി അഞ്ച് സാമ്പത്തിക പാദങ്ങളിലായി ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് കുറഞ്ഞു കുറഞ്ഞ് വരികയാണ്. ബിസ്കറ്റ് ഉത്പാദനം മുതൽ കാർ - ഓട്ടോമൊബൈൽ മേഖലയിലടക്കമുണ്ടായ മാന്ദ്യമാണ് ജിഡിപി വളർച്ചാ നിരക്കും കുറച്ചതെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്‍ധർ വിലയിരുത്തുന്നത്. 

ഉപഭോക്താക്കൾ വിപണിയിൽ വലിയ രീതിയിൽ സാധനങ്ങൾ വാങ്ങാതിരിക്കുകയും, സ്വകാര്യ നിക്ഷേപങ്ങൾ കുത്തനെ ഇടിഞ്ഞതും വളർച്ചാ മാന്ദ്യത്തിന് ആക്കം കൂട്ടി. 

click me!