ആളോഹരി ജിഡിപിയില്‍ ബംഗ്ലാദേശിനും പിന്നിലേക്ക് ഇന്ത്യ

By Web TeamFirst Published Oct 14, 2020, 10:09 PM IST
Highlights

ഇതോടെ ദക്ഷിണേഷ്യയിലെ മൂന്നാമത്തെ ഏറ്റവും ദരിദ്ര രാഷ്ട്രമായി ഇന്ത്യ മാറും. പാക്കിസ്ഥാനും നേപ്പാളും ഇന്ത്യക്ക് പുറകിലുണ്ടെന്നത് മാത്രമാണ് ആശ്വാസം.
 

ദില്ലി: കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക ആഘാതം ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ ആളോഹരി മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബംഗ്ലാദേശ് മറികടക്കുമെന്നാണ് കരുതുന്നത്. 

ഐഎംഎഫിന്റെ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്കിലാണ് ഇക്കാര്യം പറയുന്നത്. ബംഗ്ലാദേശിന്റെ ആളോഹരി ആഭ്യന്തര ഉല്‍പ്പാദനം നാല് ശതമാനം ഉയര്‍ന്ന് 1888 ഡോളറിലേക്ക് എത്തും. ഇന്ത്യയുടേത് 10.3 ശതമാനം ഇടിഞ്ഞ് 1877 ഡോളറാവും.  നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയാണിത്.

ഇതോടെ ദക്ഷിണേഷ്യയിലെ മൂന്നാമത്തെ ഏറ്റവും ദരിദ്ര രാഷ്ട്രമായി ഇന്ത്യ മാറും. പാക്കിസ്ഥാനും നേപ്പാളും ഇന്ത്യക്ക് പുറകിലുണ്ടെന്നത് മാത്രമാണ് ആശ്വാസം. ബംഗ്ലാദേശ്, ഭൂട്ടാന്‍, ശ്രീലങ്ക, മാലിദ്വീപ് എന്നിവര്‍ ഇന്ത്യയ്ക്ക് മുകളിലായിരിക്കും. കൊവിഡില്‍ ഏറ്റവും വലിയ തകര്‍ച്ച നേരിടുന്ന രാജ്യം ഇന്ത്യയായിരിക്കുമെന്നാണ് ഐഎംഎഫിന്റെ റിപ്പോര്‍ട്ട്. 

ശ്രീലങ്കയുടെ ആളോഹരി ജിഡിപി നാല് ശതമാനം ഇടിയും. നേപ്പാളിന്റെയും ഭൂട്ടാന്റെയും സമ്പദ് വ്യവസ്ഥകള്‍ വളര്‍ച്ച രേഖപ്പെടുത്തും. പാക്കിസ്ഥാന്റെ റിപ്പോര്‍ട്ട് ഐഎംഎഫ് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ആളോഹരി ജിഡിപി കുതിച്ചുയരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 8.2 ശതമാനം വളര്‍ച്ച നേടും. ഇതേസമയം ബംഗ്ലാദേശ് 5.4 ശതമാനം വളര്‍ച്ചയേ നേടൂ. ഇതോടെ ഇന്ത്യയുടെ ആളോഹരി ജിഡിപി 2030 ഡോളറും ബംഗ്ലാദേശിന്റേത് 1990 ഡോളറുമാകും. ഇന്ത്യ നേരത്തെയുണ്ടായിരുന്ന മേധാവിത്തം തിരികെ പിടിക്കും.

click me!