കൊവിഡിനെ അതിജീവിച്ച് ഇന്ത്യ അഞ്ച് ട്രില്യൺ ഡോളർ സാമ്പത്തിക ശേഷിയിലെത്തും: പ്രധാനമന്ത്രി

By Web TeamFirst Published Oct 29, 2020, 1:28 PM IST
Highlights

കൊവിഡ് പ്രതിരോധ വാക്സിൻ രാജ്യത്തെ എല്ലാ ജനങ്ങൾക്കും ഒരുപോലെ ഉറപ്പാക്കുമെന്നും ഒരു ഇംഗ്ളീഷ് ദിനപത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ മോദി അറിയിച്ചു

ദില്ലി: കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച് 2024 ൽ ഇന്ത്യ അഞ്ച് ട്രില്ല്യണ്‍ സാമ്പത്തിക ശേഷിയിലേക്ക് എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തിക ശക്തിയാകാൻ സംസ്ഥാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ലക്ഷ്യത്തിലെത്തുമെന്നത് ഉറച്ച പ്രതീക്ഷയെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധ വാക്സിൻ രാജ്യത്തെ എല്ലാ ജനങ്ങൾക്കും ഒരുപോലെ ഉറപ്പാക്കുമെന്നും ഒരു ഇംഗ്ളീഷ് ദിനപത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ മോദി അറിയിച്ചു.

സാമ്പത്തിക മേഖലക്ക് ഇരട്ടിപ്രഹരമായിരുന്നു കൊവിഡ് മഹാമാരി. ബീഹാറിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥയുമാണ് പ്രധാന ചര്‍ച്ച. അതിനിടെയാണ് സാമ്പത്തികരംഗം കരുത്താര്‍ജ്ജിക്കുമെന്ന ആത്മവിശ്വാസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകടിപ്പിക്കുന്നത്. 'സാമ്പത്തികരംഗത്തെ ഇപ്പോഴത്തെ സാഹചര്യമാകില്ല അടുത്ത വര്‍ഷങ്ങളിൽ. സാമ്പത്തിക പരിഷ്കരണ നടപടികൾ തുടരും. ആത്മവിശ്വാസമില്ലാത്തവരുടെ വാക്കുകൾക്ക് സര്‍ക്കാര്‍ ചെവികൊടുക്കുന്നില്ല. 2024ൽ അഞ്ച് ട്രില്ല്യണ്‍ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന ഉറച്ച പ്രതീക്ഷയുണ്ട്. തീരുമാനങ്ങൾ നടപ്പാക്കിയ ചരിത്രമാണ് തന്‍റെ സര്‍ക്കാരിനുള്ളതെന്നും അത് ജനങ്ങൾക്ക് അറിയാമെന്നും അഭിമുഖത്തിൽ മോദി പറഞ്ഞു.

ഇന്ത്യൻ സാമ്പത്തിക രംഗത്ത് 2023ന് മുമ്പ് വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഐഎംഎഫ് അടക്കം വിലയിരുത്തുമ്പോഴാണ് അഞ്ച് ട്രില്ല്യണ്‍ ലക്ഷ്യം യാഥാര്‍ത്ഥ്യമാകുമെന്ന മോദിയുടെ അവകാശവാദം. സാമ്പത്തിക ശക്തിയാകാൻ സംസ്ഥാനങ്ങളുടെ സഹകരണവും വേണം. നിക്ഷേപങ്ങൾ ആകര്‍ഷിക്കാൻ സംസ്ഥാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. കൊവിഡ് കാലത്ത് കൂടുതൽ പണം സംസ്ഥാനങ്ങൾക്ക് നൽകി. കേന്ദ്ര സംസ്ഥാന ബന്ധം ജിഎസ്ടിയിൽ മാത്രം ഒതുങ്ങുന്നതല്ല. കേന്ദ്രാവിഷ്കൃത പദ്ധതികളിൽ 19 ശതമാനത്തിന്‍റെ വര്‍ദ്ധനയാണ് ഈ സാമ്പത്തിക വര്‍ഷം വരുത്തിയത്. കൊവിഡ് പ്രതിരോധ വാക്സിൻ എത്രയും വേഗം ലഭ്യമാക്കാനാണ് ശ്രമം രാജ്യത്തെ എല്ലാ ജനങ്ങൾക്കും വാക്സിൻ ഉറപ്പാക്കുമെന്നും മോദി പറഞ്ഞു

click me!