സാമ്പത്തിക വളര്‍ച്ചയോ? 62 ശതമാനം സിഇഒമാര്‍ക്കും പ്രതീക്ഷയില്ല: കെപിഎംജി സര്‍വേ ഫലം ഇങ്ങനെ

By Web TeamFirst Published Oct 7, 2020, 9:02 PM IST
Highlights

വിപണിയില്‍ ഡിജിറ്റല്‍ ട്രാസ്‌ഫോര്‍മേഷന്‍ നടക്കുന്നതായാണ് സിഇഒമാരുടെ വിലയിരുത്തല്‍. അതിനാല്‍ തന്നെ ഭാവിയെ കരുതി ഇത്തരം പദ്ധതികളില്‍ നിക്ഷേപത്തിന് പ്രാധാന്യം നല്‍കാനാണ് ഇവര്‍ ആലോചിക്കുന്നത്.
 

ദില്ലി: ഇന്ത്യയിലെ പത്തില്‍ ആറ് സിഇഒമാര്‍ക്കും സാമ്പത്തിക വളര്‍ച്ചയില്‍ വലിയ പ്രതീക്ഷയില്ലെന്ന് സര്‍വേ ഫലം. കൊവിഡിന്റെ തിരിച്ചടിയെ തുടര്‍ന്ന് ഇവരെല്ലാം സാലറി കട്ട് സ്വീകരിച്ചു. മാനേജ്‌മെന്റിന്റെ ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായിട്ടായിരുന്നു ഇത്.

കെപിഎംജി ഇന്ത്യയാണ് ആഗസ്റ്റില്‍ 100 സിഇഒമാരില്‍ നിന്നായി സര്‍വേ നടത്തിയത്. ഇതില്‍ മൂന്നിലൊരു ഭാഗം പേര്‍ മാത്രമാണ് സാമ്പത്തിക വളര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞത്. 62 ശതമാനം പേര്‍ സാലറി കട്ട് സ്വീകരിച്ചു. 42 ശതമാനം പേര്‍ക്ക് തങ്ങളുടെ കമ്പനിയുടെ വളര്‍ച്ചയില്‍ പ്രതീക്ഷയുണ്ട്. ജനുവരിയില്‍ നടത്തിയ സര്‍വേയില്‍ 78 ശതമാനം പേര്‍ സാമ്പത്തിക വളര്‍ച്ചയിലും 84 ശതമാനം കമ്പനിയുടെ വളര്‍ച്ചയിലും പ്രതീക്ഷ പുലര്‍ത്തിയിരുന്നു.

വിപണിയില്‍ ഡിജിറ്റല്‍ ട്രാസ്‌ഫോര്‍മേഷന്‍ നടക്കുന്നതായാണ് സിഇഒമാരുടെ വിലയിരുത്തല്‍. അതിനാല്‍ തന്നെ ഭാവിയെ കരുതി ഇത്തരം പദ്ധതികളില്‍ നിക്ഷേപത്തിന് പ്രാധാന്യം നല്‍കാനാണ് ഇവര്‍ ആലോചിക്കുന്നത്. ആഗോള തലത്തിലെ സാഹചര്യം നോക്കുമ്പോള്‍ ഇന്ത്യയിലെ സിഇഒമാരുടെ വേതനം മെച്ചപ്പെട്ടതാണ്. ഇവരില്‍ 19 ശതമാനം പേര്‍ വേതനം നിലവിലെ നിലയില്‍ തുടരുമെന്നോ അല്ലെങ്കില്‍ ഇടിയുമെന്നോ കരുതുന്നു. ആഗോള തലത്തില്‍ കമ്പനിയുടെ വരുമാനം ഇടിയുമെന്ന് കരുതുന്നത് 23 ശതമാനം പേരാണ്.

അപ്രതീക്ഷിതമായ മാറ്റങ്ങളാണ് കൊവിഡ് സാഹചര്യം മൂലം സംഭവിച്ചത്. തങ്ങളുടെ കമ്പനിയുടെ താത്കാലിക വളര്‍ച്ചയ്ക്ക് പരിശ്രമിക്കുന്ന സിഇഒമാര്‍ ഇനി ദീര്‍ഘകാല വളര്‍ച്ചയ്ക്ക് വേണ്ട പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന തിരിച്ചറിവിലെത്തിയിരിക്കുകയാണ്. 

click me!