ഹാർവാർഡ് ബിസിനസ് സ്കൂളിന് തുടർച്ചയായ രണ്ടാം വട്ടവും ഇന്ത്യൻ വംശജനായ ഡീൻ

By Web TeamFirst Published Oct 10, 2020, 2:55 PM IST
Highlights

ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ വ്യക്തിയാണ് ശ്രീകാന്ത് ദത്തർ. 

ലണ്ടൻ: ഇന്ത്യൻ വംശജനും അറിയപ്പെടുന്ന അക്കാഡമീഷ്യനുമായ ശ്രീകാന്ത് ദത്തറിനെ ഹാർവാർഡ് ബിസിനസ് സ്കൂളിന്റെ പുതിയ ഡീനായി തെരഞ്ഞെടുത്തു. നിതിൻ നോഹ്റിയ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് തുടർച്ചയായ രണ്ടാം വട്ടവും ഇന്ത്യൻ വംശജനായ ഒരാൾ ഈ സ്ഥാനത്തേക്ക് എത്തുന്നത്. 112 വർഷം പഴക്കമുള്ള വിദ്യാഭ്യാസ രംഗത്തെ, ലോകത്തിലെ തന്നെ അറിയപ്പെടുന്ന സ്ഥാപനത്തിന്റെ തലപ്പത്താണ് ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിച്ച് മറ്റൊരു ഇന്ത്യൻ വംശജൻ കൂടി നേതൃപദവി ഏറ്റെടുക്കുന്നത്.

ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ വ്യക്തിയാണ് ശ്രീകാന്ത് ദത്തർ. ആർതർ ലോസ് ഡിക്കിൻസൺ പ്രൊഫസർ, ഹാർവാർഡ് ബിസിനസ് സ്കൂളിന്റെ സർവകാലാശാല കാര്യങ്ങളുടെ ചുമതല വഹിച്ചിരുന്ന അസോസിയേറ്റ് ഡീനുമായിരുന്നു അദ്ദേഹം.

ജനുവരി ഒന്നിന് ദത്തർ പുതിയ ചുമതല ഏറ്റെടുക്കും. വിദ്യാഭ്യാസ രംഗത്ത് ദീർഘവീക്ഷണമുള്ള വ്യക്തിയാണ് ദത്തറെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊവിഡ് കാലത്ത് ഹാർവാർഡ് ബിസിനസ് സ്കൂൾ നേരിട്ട പ്രതിസന്ധി മറികടക്കുന്നതിൽ ദത്തറിന്റെ കാഴ്ചപ്പാടുകളും ആശയങ്ങളും വളരെയേറെ സഹായകരമായി. 25 വർഷത്തെ എച്ചിബിഎസ് ജീവിതത്തിനിടെ വിവിധ നേതൃപദവികൾ അദ്ദേഹം ഏറ്റെടുത്തിരുന്നു.
 

click me!