ട്രെയിന്‍ ടിക്കറ്റെടുക്കാനുള്ള ദുരിതം തീരുമോ? പുതിയ സൂപ്പര്‍ ആപ്പുമായി റെയില്‍വെ, ഇതില്‍ എല്ലാം നടക്കും

Published : Jan 02, 2024, 02:49 PM IST
ട്രെയിന്‍ ടിക്കറ്റെടുക്കാനുള്ള ദുരിതം തീരുമോ? പുതിയ സൂപ്പര്‍ ആപ്പുമായി റെയില്‍വെ, ഇതില്‍ എല്ലാം നടക്കും

Synopsis

റെയില്‍വെയുടെ പല സേവനങ്ങള്‍ക്കായി പല ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അവയിലെല്ലാം രജിസ്ട്രേഷനും നടത്തി ബുദ്ധിമുട്ടേണ്ട സാഹചര്യം പുതിയ സൂപ്പര്‍ ആപ്പ് പുറത്തിറങ്ങുന്നതോടെ ഇല്ലാതാവും.

ഡല്‍ഹി: വിവിധ സേവനങ്ങള്‍ ഒരു കൂടക്കീഴിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ ഒരു 'സൂപ്പര്‍ ആപ്പ്' പുറത്തിറക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വെ. നിലവില്‍ ഒരു ഡസനിലേറെ മൊബൈല്‍ ആപ്ലിക്കേഷനുകളിലായി നടക്കുന്ന ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്, ട്രെയിനുകളുടെ തത്സമയ ട്രാക്കിങ് എന്നിങ്ങനെയുള്ള എല്ലാ സേവനങ്ങളും ഉള്‍ക്കൊള്ളിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനായിരിക്കും പുറത്തിറങ്ങുകയെന്ന് ഇക്കണോമിക് ടൈംസ് ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

റെയില്‍വെയുടെ പല സേവനങ്ങള്‍ക്കായി നിരവധി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇത് ഒഴിവാക്കി എല്ലാ സേവനങ്ങളും ഒരു സ്ഥലത്തു തന്നെ ലഭ്യമാവുന്ന തരത്തില്‍ സമഗ്രമായ ആപ്ലിക്കേഷനായിരിക്കും തയ്യാറാക്കുകയെന്ന് റിപ്പോര്‍ട്ട് പറയുന്നു. മൂന്ന് വര്‍ഷം കൊണ്ട് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന ഈ ആപ്പിന് ഏതാണ്ട് 90 കോടി രൂപയാണ് നിര്‍മാണ ചെലവ് കണക്കാക്കുന്നത്. റെയില്‍വെയുടെ ഐടി സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്ന സെന്റര്‍ ഫോര്‍ റെയില്‍വെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ആയിരിക്കും ആപ്പ് നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിലവില്‍ ഐ.ആര്‍.സി.ടി.സിയുടെ റെയില്‍ കണക്ട് ആപ്ലിക്കേഷനാണ് ഇന്ത്യന്‍ റെയില്‍വെയുടെ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഏറ്റവുമധികം പേര്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ്. 100 മില്യനിലധികം ഡൗണ്‍ലോഡുകളാണ് ഈ ആപ്ലിക്കേഷന് മാത്രമുള്ളത്. റെയില്‍ കണക്ടിന് പുറമെ Rail Madad, UTS, Satark, TMS-Nirikshan, IRCTC Air, PortRead എന്നിങ്ങനെ നിരവധി ആപ്ലിക്കേഷനുകള്‍ റെയില്‍വെയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇവയെല്ലാം ഒരൊറ്റ ആപ്ലിക്കേഷനിലേക്ക് കൊണ്ടുവരാനാണ് ലക്ഷ്യം. ഇതോടെ നിലവില്‍ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാന്‍ ഉൾപ്പെടെ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍ കൂടി പരിഹരിക്കപ്പെടുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ.

നിലവില്‍ ടിക്കറ്റ് റിസര്‍വേഷന് റെയില്‍ കണക്ടും റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകള്‍ എടുക്കാന്‍ യുടിഎസ് ആപ്പുമാണ് ഉപയോഗിക്കുന്നത്. പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാനുള്ള റെയില്‍ മദദ്, യാത്ര ചെയ്യാനുദ്ദേശിക്കുന്ന ട്രെയിനിന്റെ തത്സമയ വിവരങ്ങള്‍ അറിയാന്‍ കഴിയുന്ന നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റംസ് എന്നിവയൊക്കെ പല ആപ്പുകളിലായാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ യുടിഎസ് ആപ്പിന് 10 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളുണ്ട്. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഐആര്‍സിടിസിയുടെ ടിക്കറ്റ് റിസര്‍വേഷനുകളില്‍ പകുതിയോളവും മൊബൈല്‍ ആപ്പ് വഴിയാണ് നടന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി