സ്വകാര്യ ട്രെയിനുകൾ 2023ൽ തന്നെ; ആദ്യ ഘട്ടത്തിൽ 12, ബാക്കിയുള്ളവ പിന്നീട്

By Web TeamFirst Published Jul 20, 2020, 10:49 AM IST
Highlights

രാജ്യത്തെമ്പാടും 109 ജോഡി റൂട്ടുകളിൽ 151 സ്വകാര്യ ട്രയിനുകൾക്കായി ഈ മാസമാദ്യം റെയിൽവെ പ്രൊപോസലുകൾ ക്ഷണിച്ചിരുന്നു.

ദില്ലി: സ്വകാര്യ ട്രെയിനുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് റെയിൽവെ തീരുമാനത്തിൽ മാറ്റം. ആദ്യ ഘട്ടത്തിൽ 12 സ്വകാര്യ ട്രെയിനുകൾ 2023ഓടെ സർവീസ് ആരംഭിക്കും. 2024ൽ 45 ട്രെയിനുകൾ കൂടി പ്രവർത്തനം തുടങ്ങും. 2027ഓടെ ആകെയുള്ള 151 സ്വകാര്യ ട്രെയിനുകളും സർവീസ് ആരംഭിക്കും.

രാജ്യത്തെമ്പാടും 109 ജോഡി റൂട്ടുകളിൽ 151 സ്വകാര്യ ട്രയിനുകൾക്കായി ഈ മാസമാദ്യം റെയിൽവെ പ്രൊപോസലുകൾ ക്ഷണിച്ചിരുന്നു. 30000 കോടിയുടെ സ്വകാര്യ നിക്ഷേപമാണ് റെയിൽവെ ഇതിലൂടെ പ്രതീക്ഷിക്കുന്നത്.

റെയിൽവെയുടെ പദ്ധതി പ്രകാരം 2022-23 കാലത്ത് 12 ട്രെയിനുകളും 2023-24 കാലത്ത് 45 ട്രെയിനുകളുമാണ് ട്രാക്കിലെത്തുക. 2025-26 കാലത്ത് 50 ട്രെയിനുകളും 2026-27 കാലത്ത് 44 ട്രെയിനുകളും കൂടി സർവീസ് ആരംഭിക്കുന്ന വിധത്തിലാണ് റെയിൽവെ തീരുമാനം.

സ്വകാര്യ ട്രെയിനുകളിൽ 70 ശതമാനവും ഇന്ത്യയിൽ തന്നെ നിർമ്മിക്കാനാണ് ശ്രമം. 160 കിലോമീറ്റർ വരെ വേഗത സാധ്യമാകുന്ന തരത്തിലാവും ട്രെയിനുകളുടെ രൂപകൽപ്പന. ട്രെയിനുകളിൽ ലോക്കോ പൈലറ്റും ഗാർഡും റെയിൽവെയുടെ സ്റ്റാഫായിരിക്കും.

click me!