ഇന്ത്യയില്‍ 'പറക്കുന്നവരുടെ' എണ്ണം കൂടുന്നു; പുതിയ റൂട്ടുകളും ടിക്കറ്റിന് ഓഫറുകളും പ്രഖ്യാപിച്ച് ഇന്ത്യന്‍ വിമാനക്കമ്പനികള്‍

By Web TeamFirst Published Apr 21, 2019, 10:26 PM IST
Highlights

ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയര്‍, വിസ്താര തുടങ്ങിയ രാജ്യത്തെ സ്വകാര്യ വ്യോമയാന കമ്പനികളെല്ലാം യാത്രികരുടെ എണ്ണത്തിലുണ്ടായ വര്‍ധനയെ തുടര്‍ന്ന് പുതിയ റൂട്ടുകള്‍ ആരംഭിക്കാനും ഓഫറുകള്‍ പ്രഖ്യാപിക്കാനും തിരക്ക് കൂട്ടുകയാണ്. 

ഇന്ത്യന്‍ വ്യോമയാന രംഗത്ത് ആഭ്യന്തര യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നു. ഇതോടെ വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ വ്യോമയാന കമ്പനികള്‍ പരസ്പരമുളള മത്സരവും കടുപ്പിച്ചിരിക്കുകയാണ്. പുതിയ റൂട്ടുകള്‍, വിമാന ടിക്കറ്റിന് ഇളവുകള്‍ തുടങ്ങി യാത്രയ്ക്ക് തയ്യാറെടുക്കുന്നവരെ ആകര്‍ഷിക്കാനായി നിരവധി പദ്ധതികളാണ് വിമാനക്കമ്പനികള്‍ നടപ്പാക്കുന്നത്. 

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം 2019 ലെ ആദ്യത്തെ രണ്ട് മാസത്തിനിടയ്ക്ക് ആഭ്യന്തര യാത്രികരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ സമാനകാലയിളവിനെക്കാള്‍ 7.42 ശതമാനത്തിന്‍റെ വര്‍ധനവാണുണ്ടായത്. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയര്‍, വിസ്താര തുടങ്ങിയ രാജ്യത്തെ സ്വകാര്യ വ്യോമയാന കമ്പനികളെല്ലാം യാത്രികരുടെ എണ്ണത്തിലുണ്ടായ വര്‍ധനയെ തുടര്‍ന്ന് പുതിയ റൂട്ടുകള്‍ ആരംഭിക്കാനും ഓഫറുകള്‍ പ്രഖ്യാപിക്കാനും തിരക്ക് കൂട്ടുകയാണ്. 

മുംബൈ, ദില്ലി എന്നിവടങ്ങളില്‍ നിന്ന് നിരവധി ആഭ്യന്തര സര്‍വീസുകളാണ് ഇന്‍ഡിഗോ പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ- അഹമ്മദാബാദ്, മുംബൈ- ഗോവ, മുംബൈ- ചെന്നൈ, മുംബൈ- അമൃതസര്‍, മുംബൈ - ബാംഗ്ലൂര്‍ എന്നീ റൂട്ടുകളില്‍ മെയ് അഞ്ച് മുതല്‍ ദിവസേന വിമാനസര്‍വീസുകളുണ്ടാകുമെന്നാണ് ഇന്‍ഡിഗോ അറിയിച്ചിരിക്കുന്നത്. ഇത് കൂടാതെ മെയ് 10 മുതല്‍ ദില്ലി- നാഗ്പൂര്‍, ദില്ലി- കൊല്‍ക്കത്ത, ദില്ലി- ഭോപ്പാല്‍ അഡീഷണല്‍ സര്‍വീസുകള്‍ ഉണ്ടാകുമെന്നും ഇന്‍ഡിഗോ പ്രഖ്യാപിച്ചിട്ടുണ്ട്. 

സ്പൈസ് ജെറ്റ് മുംബൈയെയും ദില്ലിയെയും ബന്ധിപ്പിക്കുന്ന തരത്തില്‍ നിരവധി സര്‍വീസുകളാണ് പുതിയതായി ആരംഭിക്കാന്‍ പോകുന്നത്. ഇത് കൂടാതെ ദില്ലിയില്‍ നിന്നും മുംബൈയില്‍ നിന്നും നിരവധി അന്താരാഷ്ട്ര സര്‍വീസുകളും സ്പൈസ് ജെറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയില്‍ നിന്ന് ഹോങ്കോങ്, ജിദ്ദ, ദുബായ്, കൊളംബോ, ധാക്ക, റിയാദ്, ബാങ്കോങ്, കാഡ്മണ്ഡു എന്നിവടങ്ങളിലേക്ക് പുതിയ സര്‍വീസുകള്‍ സ്പൈസ് ജെറ്റ് തുടങ്ങും.

വിമാനക്കമ്പനികളുടെ ഇടയില്‍ വലിയതോതില്‍ ടിക്കറ്റ് നിരക്കിളവുകള്‍ പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന കമ്പനി ഗോ എയറാണ്. ഗോ എയര്‍ വെബ്സൈറ്റ് വഴി വലിയ ഇളവുകളോടെയാണ് ടിക്കറ്റ് വില്‍പ്പന നടക്കാറുളളത്. 1,375 രൂപ നിരക്കില്‍ വരെ വിമാനടിക്കറ്റുകള്‍ വെബ്സൈറ്റ് വഴി ലഭിക്കാറുണ്ട്. ഏപ്രില്‍ 25 വരെ ഗോ എയര്‍ പുതിയ ഓഫര്‍ സെയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചില ആഭ്യന്തര- അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ടിക്കറ്റുകള്‍ 2,765 രൂപ, 7,000 രൂപ തുടങ്ങിയ നിരക്കുകളിലാണ് ആരംഭിക്കുന്നത്. 

ആഭ്യന്തര സര്‍വീസുകള്‍ക്ക് 10 ശതമാനം നിരക്ക് ഇളവാണ് വിസ്താര പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ- ദില്ലി- മുംബൈ, മുംബൈ- ഗോവ- മുബൈ റൂട്ടില്‍ പുതിയ വിമാന സര്‍വീസുകളും വിസ്താര പ്രഖ്യാപിച്ചിട്ടുണ്ട്. വിസതാര വെബ്സൈറ്റുകള്‍ വഴിയാണ് ടിക്കറ്റ് വില്‍പ്പന പൊടിപൊടിക്കുന്നത്. 

click me!