വിദേശയാത്ര ചെലവേറും: തിരിച്ചടിയായത് രൂപയുടെ മൂല്യത്തിലെ ഇടിവ്

Published : Feb 27, 2025, 04:50 PM IST
വിദേശയാത്ര ചെലവേറും: തിരിച്ചടിയായത് രൂപയുടെ മൂല്യത്തിലെ ഇടിവ്

Synopsis

രൂപയുടെ മൂല്യത്തിലെ ഇടിവാണ് വിദേശയാത്ര ചെലവേറിയതാക്കി മാറ്റുന്നത്. കൂടാതെ ഹോട്ടല്‍ മുറികളുടെ നിരക്ക് കൂടിയതും തിരിച്ചടിയാണ്.

വേനല്‍ അവധിക്കാലത്ത് വിദേശത്തേക്ക് ഒരു വിനോദയാത്ര പോകാന്‍ പദ്ധതിയുണ്ടോ? എങ്കില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് നിങ്ങളുടെ യാത്ര ചെലവില്‍ 15% മുതല്‍ 20% വരെ വര്‍ധന ഉണ്ടാകും. രൂപയുടെ മൂല്യത്തിലെ ഇടിവാണ് വിദേശയാത്ര ചെലവേറിയതാക്കി മാറ്റുന്നത്. കൂടാതെ ഹോട്ടല്‍ മുറികളുടെ നിരക്ക് കൂടിയതും തിരിച്ചടിയാണ്. യൂറോപ്യന്‍ രാജ്യങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍, ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ യാത്രകളെ ആയിരിക്കും ചെലവിലെ വര്‍ധന കൂടുതല്‍ ബാധിക്കുക.  കോവിഡിന് ശേഷം ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ വലിയതോതില്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്. ഇതാണ് മിക്ക ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഹോട്ടല്‍ മുറികളുടെ നിരക്ക് കൂടുന്നതിന് ഇടയാക്കിയത്

2017 -18, 2018 -19 കാലയളവിലും സമാനമായ രീതിയില്‍ വിദേശയാത്ര ചെലവില്‍ വര്‍ദ്ധനയുണ്ടായിരുന്നതായി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്സ് പറയുന്നു. ആ രണ്ടു വര്‍ഷങ്ങളിലും ഡോളറിനെതിരെ രൂപയുടെ മൂല്യമുണ്ടായ ഇടിവ് തന്നെയാണ് വിദേശയാത്ര ചെലവേറിയതാക്കി മാറ്റിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 82.00 ആയിരുന്നു. ഇപ്പോഴത് 87 രൂപയ്ക്ക് മുകളിലാണ്. രൂപയുടെ മൂല്യം കുറഞ്ഞതോടെ അധികമായി ഉണ്ടാകുന്ന ചെലവ് ടൂര്‍ കമ്പനികള്‍ വിനോദസഞ്ചാരികളില്‍ നിന്ന് ഈടാക്കുകയാണ്.

നിലവില്‍ രാജ്യത്തെ പ്രധാനപ്പെട്ട ആഭ്യന്തര വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രത്യേകിച്ച് ഹില്‍ സ്റ്റേഷനുകളിലാണ് കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്നത്. തിരക്ക് കൂടിയതോടെയാണ് മിക്ക വിനോദസഞ്ചാരികളും വിദേശരാജ്യങ്ങള്‍ തെരഞ്ഞെടുക്കാന്‍ കാരണം. നിരവധി രാജ്യങ്ങള്‍ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഇ- വിസ ഏര്‍പ്പെടുത്തിയതും നടപടിക്രമങ്ങള്‍ ലഘൂകരിച്ചതും വിദേശയാത്ര കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റിയിട്ടുണ്ട്. പല രാജ്യങ്ങളും ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വിസ രഹിത യാത്രയും വാഗ്ദാനം ചെയ്യുന്നുണ്ട്.
 

PREV
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ