ജനജീവിതം ദുസ്സഹം: അവശ്യ സാധനങ്ങളുടെ വില കുതിക്കുന്നു; കുടുംബ ബജറ്റ് താളം തെറ്റുന്നു

By Web TeamFirst Published Nov 17, 2021, 10:27 AM IST
Highlights

കഴിഞ്ഞ രണ്ടു വർഷത്തിൽ സംസ്ഥാനത്ത് വലിയ വിലക്കയറ്റം ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ കുത്തനെ കൂടിയ ഇന്ധനവിലയും കനത്ത മഴയും കാരണം പച്ചക്കറികൾക്ക് അടക്കം ഇപ്പോൾ വില കൂടുകയാണ്

തിരുവനന്തപുരം: ഒടുവിൽ ഭയപ്പെട്ടത് തന്നെ സംഭവിക്കുന്നു. സംസ്ഥാനത്ത് അവശ്യസാധന വില കുതിക്കുന്നു. പച്ചക്കറി വില ഇരട്ടിയായതായാണ് വിപണിയിൽ നിന്നുള്ള വിവരം. തിരുവനന്തപുരത്ത് വെണ്ടയ്ക്കയും ബീൻസും നൂറിനടുത്താണ് കിലോയ്ക്ക് വില. ഒരാഴ്ചക്കിടെ അരിവിലയിൽ ആറു രൂപയുടെ വരെ വർധനവുണ്ടായി. പാക്കറ്റിലെത്തുന്ന ഭക്ഷ്യ വസ്തുക്കൾക്ക് എല്ലാം വില കൂടി. ശക്തമായ മഴയും അടിക്കടി ഉയരുന്ന ഇന്ധനവിലയുമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു.

കഴിഞ്ഞ രണ്ടു വർഷത്തിൽ സംസ്ഥാനത്ത് വലിയ വിലക്കയറ്റം ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ കുത്തനെ കൂടിയ ഇന്ധനവിലയും കനത്ത മഴയും കാരണം പച്ചക്കറികൾക്ക് അടക്കം ഇപ്പോൾ വില കൂടുകയാണ്. തിരുവനന്തപുരം നഗരത്തിൽ മിക്ക പച്ചക്കറികൾക്കും ഒരു മാസത്തിനിടെ ഇരട്ടി വിലയായി. അരി വിലയിൽ ഒരാഴ്ചക്കിടെ ആറു രൂപയുടെ വരെ വർധന ഉണ്ടായി.

പാക്കറ്റിൽ വരുന്ന എല്ലാ ഭക്ഷ്യ വസ്തുക്കൾക്കും വില കൂടി. മസാലപ്പൊടികൾ, മാവിനങ്ങൾ, പയറു വർഗങ്ങൾ എന്നിവയെല്ലാം കൂടിയ വിലയ്ക്കാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത്. കർണാടകയിൽ നിന്നുള്ള വടി മട്ട അരിക്ക് ഒരാഴ്ചക്കിടെ എട്ടു രൂപയാണ് കൂടിയത്. ഇതോടെ പല കുടുംബങ്ങളും മട്ട അരി ഉപേക്ഷിച്ച് മറ്റിനം അരികൾ ഉപയോഗിച്ച് തുടങ്ങി. പാലക്കാട്, ആലപ്പുഴ ജില്ലകളിൽ ഉണ്ടായ നെൽകൃഷി നാശവും കേരളത്തിലെ അരി വില ഉയരാൻ കാരണമാകുമെന്നാണ് വ്യാപാരികൾ പറയുന്നത്.

തമിഴ്‌നാട്ടിലെ കനത്ത മഴയാണ് പച്ചക്കറി വിപണിക്ക് തിരിച്ചടിയായത്. തമിഴ്‌നാട്ടിൽ നിന്നുള്ള എല്ലാ പച്ചക്കറികൾക്കും വില കൂടി. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമായ വില വ‌‍‍ർധനയ്ക്ക് ഇടയാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. വിപണിയിൽ ഇടപെടാനോ വിലക്കയറ്റം പിടിച്ചു നിർത്താനോ സർക്കാർ ഇടപെടുന്നില്ലെന്നും വിഡി സതീശൻ വിമർശിച്ചു.

click me!