രണ്ടാം പിണറായി സർക്കാരിന്റെ ആദ്യബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു.ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളെ മറികടക്കാൻ ലക്ഷ്യമിടുന്നതാണ് ബജറ്റ്. കാർഷിക മേഖലയ്ക്കും തീരദേശത്തിന് കൈത്താങ്ങ് നൽകുന്ന ബജറ്റിൽ നികുതിവർധനവില്ലെന്നതും ശ്രദ്ധേയമായി

04:25 PM (IST) Jun 04
സംസ്ഥാന ബജറ്റിൽ പാലായെ അവഗണിച്ചതായി മാണി സി കാപ്പൻ എം എൽ എ. ഇലവീഴാപൂഞ്ചിറ - ഇല്ലിക്കൽ കല്ല് പദ്ധതിയെയും അവഗണിച്ചു. റബ്ബറിന് കുറഞ്ഞത് ഇരുനൂറ് രൂപ തറവില പ്രഖ്യാപിക്കണമെന്ന ആവശ്യവും സർക്കാർ പരിഗണിച്ചില്ലെന്നും മാണി സി കാപ്പൻ അഭിപ്രായപ്പെട്ടു
03:51 PM (IST) Jun 04
സംസ്ഥാനത്തെ മൂവായിരം കെ എസ് ആർ ടി സി ഡീസൽ ബസുകൾ പ്രകൃതി വാതക ഇന്ധനത്തിലേയ്ക്ക് മാറ്റുന്നതിനായി ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി ഉടൻ തുടങ്ങുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു അറിയിച്ചു. ബജറ്റിൽ ഇതിനായി 300 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. കെ എസ് ആർ ടി സിയെ ലാഭകരമാക്കുന്നതിനുള്ള നടപടികളുടെ മുന്നോടിയായാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു
03:24 PM (IST) Jun 04
രണ്ടാം കൊവിഡ് പാക്കേജായി പ്രഖ്യാപിച്ച 20000 കോടിയിൽ ആശയകുഴപ്പമില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. ഇതിൽ 8500 കോടി രൂപ ചെറുകിട ഇടത്തര സംരഭങ്ങൾക്ക് വായ്പ നൽകുമെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഒന്നാം പാക്കേജിന് സമാനമായ പാക്കേജ് ആണ് ഇപ്പോൾ പ്രഖ്യാപിച്ചതെന്നും പണം ബഡ്ജറ്റിൽ വകയിരുത്തേണ്ടതില്ലന്നും ഐസക്ക് കൂട്ടിച്ചേർത്തു
03:12 PM (IST) Jun 04
കാലം ആവശ്യപ്പെടുന്നതും ഭാവി ഭദ്രമാക്കുന്നതുമായ ഇടതുപക്ഷ സമീപനങ്ങളുടെ തുടർച്ചയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്‍റെ കാലത്ത് അവതരിപ്പിച്ച സമഗ്ര ബജറ്റിന്‍റെ തുടർച്ചയായ ഈ ബജറ്റ്, പുതിയ കാലത്തിന്‍റെ ആകാശത്തേക്ക് ആദ്യം പറക്കുന്ന പക്ഷികളാവാൻ കേരളീയരെ പ്രാപ്തമാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
03:03 PM (IST) Jun 04
വിദ്യാർഥികളുടെ മാനസിക സംഘർഷം ലഘുകരിക്കാൻ വിവിധ പദ്ധതികൾ ബജറ്റിലുണ്ടെന്ന് മന്ത്രി ശിവൻകുട്ടി ചൂണ്ടികാട്ടി. വിഷയത്തെ കുറിച്ച് വിശദമായ പഠനം നടത്തുന്നതിനായി വിദ്യാഭ്യാസ,ആരോഗ്യ, സാമൂഹ്യ വിദഗ്ധരടങ്ങുന്ന സമിതിയെ നിയോഗിക്കും.
കൊവിഡ് രോഗവ്യാപനം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഭാവിയെക്കുറിച്ചുള്ള ഉൽക്കണ്ഠ സൃഷ്ടിക്കുന്നതോടൊപ്പം വിവിധ മാനസിക, ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. ഈ വിഷയം പരിഹരിക്കുന്നതിനായി ടെലി-ഓൺലൈൻ സംവിധാനങ്ങളിലൂടെ കൗൺസിലിംഗ് നൽകുന്നതിനായി ഒരു സ്ഥിരം സംവിധാനം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി
03:00 PM (IST) Jun 04
ബജറ്റിൽ വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി പ്രഖ്യാപിച്ച പദ്ധതികൾ സ്വാഗതം ചെയ്ത് മന്ത്രി ശിവൻകുട്ടി.
വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് രണ്ട് ലക്ഷം ലാപ്ടോപ്പുകൾ ലഭ്യമാക്കുന്നതിനുള്ള കെഎസ്എഫ്ഇ സ്കീം സമയബന്ധിതമായി നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി
02:43 PM (IST) Jun 04
മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ മുന്‍കൂട്ടിക്കണ്ടുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടെന്ന് മന്ത്രി വീണ ജോർജ് ചൂണ്ടികാട്ടി
02:43 PM (IST) Jun 04
മഹാമാരിക്കാലത്ത് ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകരുന്നതാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനുള്ള പാക്കേജ് കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള വലിയ ഊര്‍ജമാണ് ആരോഗ്യ മേഖലയ്ക്ക് നല്‍കുന്നതെന്ന് വീണ ചൂണ്ടികാട്ടി
02:33 PM (IST) Jun 04
കേരളത്തിന്‍റെ സാഹിത്യവും ജൈവ വൈവിധ്യവും സംരക്ഷിച്ച് ആകർഷകമാക്കുന്നതിനുള്ള രണ്ട് സർക്യൂട്ട് ടൂറിസം പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. മലബാർ ലിറ്റററി സർക്യൂട്ട്, ബയോഡൈവേഴ്സിറ്റി സർക്യൂട്ട് എന്നിവ ഈ മേഖലയിലെ പുതുമയാർന്ന പദ്ധതികളായി മാറും. രണ്ട് പദ്ധതികൾക്കും 50 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും റിയാസ് ചൂണ്ടികാട്ടി
02:31 PM (IST) Jun 04
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിനോദസഞ്ചാര മേഖലയുടെ തിരിച്ചു വരവ് സാധ്യമാക്കുന്ന പുത്തൻ പദ്ധതികൾക്ക് ഇടം നൽകി ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി കെ എൻ ബാലഗോപാലിനെ അഭിനന്ദിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വിനോദ സഞ്ചാര മേഖലയുടെ പുനരുജ്ജീവനത്തിനായി ബജറ്റിൽ പ്രഖ്യാപിച്ച സമഗ്ര പാക്കേജ് ഈ മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകും. പാക്കേജിന് സർക്കാർ വിഹിതമായി 30 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ടൂറിസം വകുപ്പിന്‍റെ മാർക്കറ്റിംഗിന് നിലവിലുള്ള 100 കോടി രൂപയ്ക്ക് പുറമെ 50 കോടി രൂപ ബജറ്റിൽ അധികമായി അനുവദിച്ചത് സന്തോഷകരമാണെന്നും റിയാസ് വ്യക്തമാക്കി
01:51 PM (IST) Jun 04
ബജറ്റിലെ 2021- 22ലെ പുതുക്കിയ എസ്റ്റിമേറ്റ് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ വിമർശനം. പുതുക്കിയ എസ്റ്റിമേറ്റില്‍ ഇപ്പോള്‍ പ്രഖ്യാപിച്ച അധിക ചെലവായി കാണിച്ചിരിക്കുന്നത് 1715. 10 കോടി രൂപയാണ്. അപ്പോള്‍ രണ്ടാം തരംഗ പാക്കേജായി പ്രഖ്യാപിച്ച 20000 കോടി എവിടെ എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിക്കുന്നത്. നേരിട്ട് പണം ലഭിക്കുന്നതിനായി 8900 കോടി രൂപ പ്രഖ്യാപിച്ചത് കബളിപ്പിക്കലാണ് എന്ന് പ്രതിപക്ഷം വാദിക്കുന്നു. നിലവില്‍ ഉള്ള പെൻഷൻ കൊടുക്കുന്നതിനാണ് 9000 കോടിയെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. അതിനാലാണ് അധിക ചെലവായി 20000 കോടി കാണിക്കാത്തത് എന്നും പ്രതിപക്ഷം വാദിക്കുന്നു.
01:21 PM (IST) Jun 04
ബജറ്റില്‍ പ്രഖ്യാപിച്ച തോട്ടം മേഖലയിലെ പരിഷ്‌ക്കാര നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നതായി കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിലും റബര്‍ ഉള്‍പ്പടെ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന പ്രഖ്യാപനം കാര്‍ഷിക മേഖലയ്ക്ക് വലിയ കരുത്ത് പകരുമെന്നും ജോസ് കെ.മാണി പറഞ്ഞു. ആരോഗ്യ അടിയന്തിരാവസ്ഥ നേരിടുമ്പോള്‍ ആ മേഖലയ്ക്ക് ഊന്നല്‍ നല്‍കികൊണ്ട് സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് ഉള്‍പ്പടെയുള്ള പ്രഖ്യാപനങ്ങള്‍ ആശ്വാസകരമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.
01:14 PM (IST) Jun 04
കരാർ കുടിശ്ശികയും പെൻഷൻ കുടിശ്ശികയും കൊടുകേണ്ടത് സർക്കാരിന്‍റെ ബാധ്യതയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബജറ്റിനെതിരെ വിമർശനമുന്നയിക്കുന്നതിനിടെയാണ് കുടിശ്ശിക കാര്യം സതീശൻ ചൂണ്ടികാട്ടിയത്
12:56 PM (IST) Jun 04
ബജറ്റിൽ സ്വകാര്യ ബസ് വ്യവസായ മേഖലക്ക് അവഗണനയെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ. ഡീസലിന്‍റെ അമിതമായ വിലവർദ്ധനവ് കാരണം സാമ്പത്തിക പ്രതിസന്ധിയിലാവുകയും ലോക്ക്ഡൗൺ വന്നതോടെ നിശ്ചലമാകുകയും ചെയ്ത സ്വകാര്യ ബസ് വ്യവസായ മേഖല അതിജീവനത്തിന് വേണ്ടി ബജറ്റിൽ വലിയ പ്രതീക്ഷയിലായിരുന്നു ബസുടമകൾ. ഡീസലിന് സബ്സിഡിയോ നികുതിയിളവോ നൽകണമെന്ന് ഫെഡറേഷൻ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, ഗതാഗത മന്ത്രി മുതലായവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ന് അവതരിപ്പിച്ച ബഡ്ജറ്റിൽ അതു സംബന്ധിച്ചുള്ള ഒരു സൂചനയും ഇല്ലാത്തതിലുള്ള ഫെഡറേഷന്‍റെ പ്രതിഷേധം സർക്കാരിനെ അറിയിക്കുന്നു.ഈ സാഹചര്യത്തിൽ സർവീസ് നിർത്തിവെക്കുന്ന കാര്യം തീരുമാനിക്കേണ്ടി വരുമെന്നും സംസ്ഥാന ട്രഷറർ ഹംസ ഏരിക്കുന്നൻ വ്യക്തമാക്കി
12:34 PM (IST) Jun 04
ബജറ്റിലെ ജനക്ഷേമ പദ്ധതികളെ സ്വാഗതം ചെയ്യുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി കെ വി തോമസ്. പക്ഷേ പദ്ധതികൾ നടപ്പാക്കുന്നതിന് പണം എവിടെ നിന്ന് കണ്ടെത്തുമെന്ന് വ്യക്തമല്ല, കടം മേടിച്ച് മാത്രം മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. തീരദേശ ഹൈവേ നിർമ്മാണം തീരദേശ വാസികളെ വിശ്വാസത്തിലെടുത്ത് വേണം നടപ്പാക്കാനെന്നും അവരുടെ ജീവനോപാധിയും കിടപ്പാടവും സംരക്ഷിച്ചു വേണം ഹൈവേ നിർമിക്കാനെന്നും തോമസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
11:53 AM (IST) Jun 04
പുതിയ സര്‍ക്കാരിന്‍റെ പോക്ക് ഒട്ടും സുഖകരമാകില്ലെന്നതിന്‍റെ ആദ്യ സൂചനയാണ് ബജറ്റ് നൽകുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ജനങ്ങള്‍ പ്രതീക്ഷിച്ചതിന്‍റെ നേരെ വിപരീതമായ പ്രഖ്യാപനങ്ങളാണ് ഉണ്ടായതെന്നും അദ്ദേഹം വിമർശിച്ചു
11:44 AM (IST) Jun 04
സംസ്ഥാന ബജറ്റ് നിരാശാജനകമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്‍റെ പൊതു ധനസ്ഥിതിയെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും ബജറ്റ് വെറും രാഷ്ട്രീയ പ്രസംഗം മാത്രമായെന്നും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ ബജറ്റിൽ തോമസ് ഐസക് പ്രഖ്യാപിച്ച പദ്ധതികളിൽ പലതിനും ഇതിൽ തുടർച്ചയില്ലാതായി. കൊവിഡിന്‍റെ മൂന്നാം തരംഗം നേരിടാനുള്ള പദ്ധതികൾ ബജറ്റിൽ വിഭാവനം ചെയ്യുന്നില്ലെന്നും എൻ കെ പ്രേമചന്ദ്രൻ എം പി അഭിപ്രായപ്പെട്ടു.
11:36 AM (IST) Jun 04
ബജറ്റ് നിരാശജനകമെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡൻ്റ് ടി നസറുദ്ദീൻ പ്രതികരിച്ചു. വ്യാപാരികളെ സഹായിക്കുന്ന ബജറ്റല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാപാരികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു, വ്യാപാര മേഖലയിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാനുള്ള പദ്ദതികൾ ബജറ്റിലില്ലെന്നും അദ്ദേഹം വിമർശിച്ചു.കൊവിഡ് കാലത്ത് കടകളടച്ച് വ്യാപാരികൾ പൂർണമായും സർക്കാരിനൊപ്പം നിന്നിട്ടും ബജറ്റിലൂടെ തിരിച്ചൊരു സഹായവും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
11:32 AM (IST) Jun 04
5000 കോടി ബാക്കി വച്ചിട്ടാണ് പോയതെന്ന് കഴിഞ്ഞ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞിരുന്നെന്നും അതേ കുറിച്ച് ബജറ്റിൽ സൂചനയില്ലെന്നും വി ഡി സതീശൻ ചൂണ്ടികാട്ടി. ഇത് എവിടെയെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു
11:20 AM (IST) Jun 04
കെ എൻ ബാലഗോപാൽ അവതരിപ്പിച്ച പുതുക്കിയ ബജറ്റ് പുത്തരിക്കണ്ടം മൈതാനത്ത് നടത്തുന്ന രാഷ്ട്രീയ പ്രസംഗം പോലെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിമർശിച്ചു. ബജറ്റിൽ രാഷ്ട്രീയം കുത്തിനിറച്ചത് ശരിയായില്ല, കണക്കുകളില്‍ അവ്യക്തതയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു
11:18 AM (IST) Jun 04
ജിഎസ്ടി വന്നതോടെ നമ്മുടെ കഴുത്ത് അവരുടെ കക്ഷത്തിൽ ഇരിക്കുന്നത് പോലെയുള്ള സാഹചര്യമാണെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു
11:17 AM (IST) Jun 04
എല്ലാവർക്കും കൊവിഡ് വാക്സീൻ സൗജന്യമായി നൽകുന്നതിന് ധനകാര്യ കമ്മീഷൻ ഗ്രാൻഡ് അടക്കമുള്ളത് ഉപയോഗപ്പെടുത്തുമെന്ന് ബാലഗോപാൽ വ്യക്തമാക്കി. കുറച്ച് കടം എടുക്കേണ്ടി വരുമെന്നും ധവള പത്രം ഇപ്പോൾ ആലോചിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു
11:15 AM (IST) Jun 04
ക്ഷേമ പെൻഷനുകൾക്കായി ബജറ്റിൽ 1600 കോടി നീക്കിവെച്ചിട്ടുണ്ടെന്ന് ധനമന്ത്രി അറിയിച്ചു
11:14 AM (IST) Jun 04
സംസ്ഥാന സർക്കാർ നൽകുന്ന ഭക്ഷ്യ കിറ്റിന് 1470 കോടി അനുവദിച്ചെന്ന് ധനമന്ത്രി വ്യക്തമാക്കി
11:14 AM (IST) Jun 04
സംസ്ഥാനത്ത് നികുതി കൂട്ടേണ്ട സാഹചര്യം ഉണ്ടെന്ന് വ്യക്തമാക്കിയ ധനമന്ത്രി ഇത് പിന്നീട് പരിശോധിക്കുമെന്നും അറിയിച്ചു
11:12 AM (IST) Jun 04
തദ്ദേശ സ്ഥാപനങ്ങൾക്ക് 552 കോടി നൽകുമെന്ന് ധനമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി
11:11 AM (IST) Jun 04
ബജറ്റ് അവതരണത്തിന് ശേഷം ധനമന്ത്രി കെ എൻ ബാലഗോപാൽ മാധ്യമങ്ങളുമായി സംവദിച്ചു. കഴിഞ്ഞ ബജറ്റിലെ ഒരു നിർദേശവും മാറ്റിയിട്ടില്ലെന്ന് വ്യക്തമാക്കിയ ധനമന്ത്രി ഐസക്കിൻ്റെ ബജറ്റിലെ നിർദ്ദേശളെല്ലാം തുടരുമെന്നും അതിന്‍റെ കൂട്ടി ചേർക്കലുകളും തുടർച്ചയുമാണ് പുതിയ ബജറ്റെന്നും അറിയിച്ചു
10:52 AM (IST) Jun 04
ആരോഗ്യ മേഖലയ്ക്കാണ് ബജറ്റ് മുഖ്യമായും പ്രാധാന്യം നൽകിയതെന്ന് പറഞ്ഞുകൊണ്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരണം അവസാനിപ്പിച്ചു. ഒരു മണിക്കൂർ നീണ്ടുനിൽക്കുന്നതായിരുന്നു ബാലഗോപാലിൻ്റെ കന്നി ബജറ്റ് അവതരണം. ആരോഗ്യമേഖലയ്ക്കൊപ്പം ഭക്ഷണം, തൊഴിൽ എന്നിവയ്ക്കും പ്രാധാന്യം നൽകിയെന്ന് അദ്ദേഹം വ്യക്തമാക്കി
10:48 AM (IST) Jun 04
പത്രം വിതരണമടക്കമുള്ള വിതരണ ജോലികൾ ചെയ്യുന്നവർക്ക് വാഹനം ലഭ്യമാക്കാൻ വായ്പ അനുവദിക്കുമെന്ന് ബജറ്റ് വ്യക്തമാക്കി. ഇരുചക്ര മുച്ചക്ര വാഹനങ്ങൾ വാങ്ങാൻ സഹായം നൽകുന്നതാണ് പദ്ധതി. 10,000 ഇരുചക്ര വാഹനങ്ങൾ, 5000 ഓട്ടോറിക്ഷ എന്നിവ വാങ്ങാൻ 200 കോടിയുടെ വായ്പ അനുവദിക്കുമെന്ന് ധനമന്ത്രി
10:45 AM (IST) Jun 04
കൊവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ചതോടെ അനാഥരായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് സർക്കാർ. ഇതിനായി 5 കോടി രൂപ ബജറ്റിൽ അനുവദിച്ചു. കുട്ടികൾക്ക് 3 ലക്ഷം രൂപ ഒറ്റത്തവണ ആയി നൽകും, 18 വയസ് വരെ 2000 രൂപ വീതം നൽകും, ബിരുദം വരെയുള്ള വിദ്യാഭ്യാസ ചിലവ് ഏറ്റെടുക്കുമെന്നും ബജറ്റ് വ്യക്തമാക്കി
10:41 AM (IST) Jun 04
പ്രതിസന്ധി ഘട്ടത്തിൽ കടം വാങ്ങിയായാലും നാടിനെ രക്ഷിക്കുക എന്നത് സർക്കാരിൻ്റെ സമീപനമെന്ന് ധനമന്ത്രി. ഇത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി
10:40 AM (IST) Jun 04
സംസ്ഥാനത്തെ ധനസ്ഥിതി സുഖകരം അല്ലെന്ന് ധനമന്ത്രി. റവന്യു കമ്മി 16910.12 കോടിയെന്ന് ബജറ്റ് വ്യക്തമാക്കി
10:38 AM (IST) Jun 04
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും പുതിയ നികുതി നിർദേശങ്ങൾ ഒന്നും ബജറ്റിൽ ഉണ്ടായില്ല. അതേസമയം നികുതി-നികുതി ഇതര വരുമാനം കൂട്ടുമെന്ന് മന്ത്രി വ്യക്തമാക്കി. നികുതി നൽകാൻ ജനങ്ങൾ തയാറാവണമെന്നും ഇതിനായി ഉത്സാഹിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.
10:36 AM (IST) Jun 04
സംസ്ഥാന ജിഎസ്ടി നിയമത്തിൽ ഭേദഗതി വരുത്തുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കൊവിഡ് ഉയർത്തിയ സാമ്പത്തിക വെല്ലുവിളി മറികടക്കാനാണ് ഇതെന്നും ധനമന്ത്രി വ്യക്തമാക്കി.
10:36 AM (IST) Jun 04
അന്തരിച്ച മുൻമന്ത്രിമാരായ കെ ആർ ഗൗരിയമ്മക്കും ബാലകൃഷ്ണപിള്ളക്കും സ്മാരകം നിർമ്മിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം
10:27 AM (IST) Jun 04
സംസ്ഥാനത്ത് സ്മാർട്ട് കിച്ചൻ പദ്ധതിക്കായി 5 കോടി അനുവദിച്ചു
10:26 AM (IST) Jun 04
സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കുമെന്ന് പ്രഖ്യാപനം. കൃഷി ഓഫീസുകളും സ്മാർട്ടാക്കുമെന്ന് ബജറ്റ്
10:25 AM (IST) Jun 04
കെ എസ് ആർ ടി സിക്ക് സഹായം പ്രഖ്യാപിച്ച് ബജറ്റ്. വാർഷിക വിഹിതം 100 കോടിയായി ഉയർത്തുമെന്ന് ധനമന്ത്രി. 3000 ഡീസൽ ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റും. മുന്നൂറ് കോടിയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്
10:19 AM (IST) Jun 04
കെഎഫ്സി വായ്പ ആസ്തി അഞ്ചുവർഷം കൊണ്ട് 10,000 കോടിയായി ഉയർത്തുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം. കെഎഫ്സി ഈ വർഷം 4500 കോടി വായ്പ അനുവദിക്കുമെന്നും ധനമന്ത്രി
10:17 AM (IST) Jun 04
കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ 1000 കോടി വായ്പ നൽകുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം