
സംസ്ഥാന സർക്കാരിന് ഒരു കോടി രൂപ ലാഭ വിഹിതം നല്കാൻ പൊതു മേഖലാ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപറേഷൻ (kerala financial corporation). കെഎഫ്‌സിയുടെ വാർഷിക പൊതു യോഗത്തിലാണ് ലാഭ വിഹിതം കൈമാറുന്നതിനെ കുറിച്ചുള്ള പരാമർശം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കെഎഫ്‌സിക്ക് 13.20 കോടിയുടെ അറ്റാദായമാണ് ഉണ്ടായത്. മുൻ വർഷത്തെ അപേക്ഷിച്ച് 2021-22 കാലയളവിൽ മികച്ച നേട്ടമാണ് കെഎഫ്‌സി കൈവരിച്ചത്. അറ്റാദായത്തിൽ 6.64 കോടി രൂപയുടെ വർധനവാണ് ഉണ്ടായത്. 2020-21 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം 6.56 കോടിആയിരുന്നു.
ഇന്നലെയായിരുന്നു പൊതു മേഖലാ സ്ഥാപനമായ കെഎഫ്‌സിയുടെ വാർഷിക പൊതുയോഗം നടന്നത്. ഇതിൽ വാർഷിക കണക്കിന്റെ റിപ്പോർട്ട് പ്രകാരം മൊത്തം കിട്ടാക്കടം 3.27 ശതമാനമായി കുറഞ്ഞു എന്നും അറ്റ നിഷ്‌ക്രിയ ആസ്തി 1.28 ശതമാനം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ കെഎഫ്‌സി ലാഭവിഹിതം വിതരണം ചെയ്തിരുന്നില്ല. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷങ്ങളിലെ ലാഭവിഹിതം മൂലധന ആവശ്യങ്ങൾക്കും മറ്റുമായി മാറ്റി വെക്കുകയായിരുന്നു. 2021-22 വർഷത്തിലെ കെഎഫ്‌സിയുടെ ആകെ ആസ്തി 695 കോടി രൂപയായി ഉയർന്നു.
വാർഷിക യോഗത്തിൽ തീരുമാനിച്ചത് പ്രകാരം കെഎഫ്‌സി ഈ വർഷം വായ്പ നൽകുന്ന തുകയുടെ പരിധി 10000 കോടി രൂപയായി ഉയർത്തി. കൂടാതെ മുഖ്യമന്ത്രിയുടെ സംരംഭക വികസന പരിപാടിയിലൂടെ ചെറുകിട വ്യവസായങ്ങൾക്ക് നൽകുന്ന വായ്പാ തുകയും രണ്ട് കോടിയാക്കി ഉയർത്തും. മാത്രമല്ല കെഎഫ്‌സി ബ്രാഞ്ചുകളുടെ എണ്ണവും ഈ വർഷം വർധിപ്പിക്കും.