പുതുക്കി നിശ്ചയിച്ച ജി എസ് ടി നിരക്കുകൾ പുനപരിശോധിക്കണമെന്ന് കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് ഡീലേഴ്‌സ് അസോസിയേഷൻ നിവേദനത്തിലൂടെ ധനകാര്യ വകുപ്പ് മന്ത്രിയോടും ജി എസ് ടി കൗൺസിൽ അംഗങ്ങളോടും അഭ്യർത്ഥിച്ചു. 2017-ൽ നിശ്ചയിച്ച ജി എസ് ടി നിരക്ക് 1000 രൂപ വരെ മൂല്യമുള്ള വില്പനകൾക്ക് 5 ശതമാനവും അതിന് മുകളിലുള്ള വില്പനകൾക്ക് 12 ശതമാനവുമാണ്. പുതിയ നിരക്ക് അനുസരിച്ച് 1000 എന്ന പരിധി 2500-ലേക്ക് ഉയർത്തുകയും അതിന് മുകളിലുള്ള വില്പനകൾക്ക് 18% നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 8 വർഷത്തിൽ ഉണ്ടായ പണപെരുപ്പത്തിന്റെ പശ്ചാത്തലത്തിൽ 1000 രൂപയിൽ നിന്ന് 2500 രൂപയിലേക്ക് പരിധി ഉയർത്തിയത് ഒട്ടും ആശ്വാസം നൽകുന്നതല്ല. 18% നികുതി ചുമത്താനുള്ള തീരുമാനം വസ്ത്രവിപണന മേഖലക്ക് നൽകുന്ന ആഘാതം ചെറുതല്ല.
ശരാശരി ഉപഭോക്താവ് ഉത്സവകാലങ്ങളിൽ ഏതാണ്ട് 2500 രൂപ വസ്ത്രങ്ങൾക്കായ് ചിലവഴിക്കുമെന്നാണ് കണക്ക്. ഇതിന് മുകളിൽ 18% നികുതി ചുമത്തുന്നത് ഉപഭോക്താകളെയും കച്ചവടക്കാരെയും സാരമായി ബാധിക്കും. കേരളത്തിലെയും തമിഴ്നാട്ടിലെയും വസ്ത്രവ്യാപാരികൾ ഇതിനകം തന്നെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. വ്യക്തിഗത സ്ഥാപനങ്ങൾ, പ്രതേകിച്ച് വിവാഹവസ്ത്രങ്ങൾ, പാരമ്പരാഗത വസ്ത്രങ്ങൾ എന്നിവ വിപണനം ചെയ്യുന്ന സംരംഭങ്ങൾ എന്നിവയ്ക്ക് ജി എസ് ടി നിരക്കിലെ വർദ്ധന മറികടക്കുക എന്നത് ഏറെ ക്ലേഷകരമായ കാര്യമാണ്. വൻകിട കുത്തകകളും ഓൺലൈൻ ഭീമന്മാരും ഉയർത്തുന്ന ഭീഷണി ഇതിനോടകം തന്നെ പാരമ്പരാഗത രീതിയിൽ നടന്ന് വരുന്ന വസ്ത്രവിപണിയെ നഷ്ടങ്ങളുടെ ആഴത്തിലേക്ക് തള്ളിവിട്ട് കഴിഞ്ഞിരിക്കുന്നു. വലിപ്പചെറുപ്പമില്ലാതെ എല്ലാവർക്കും 5% നികുതി എന്ന നല്ല വാർത്തയ്ക്കായ് കാത്തിരിക്കുമ്പോഴാണ് ഇത്തരമൊരു വർദ്ധന വസ്ത്രവിപണിയുടെ മുകളിൽ കരിനിഴൽ പരത്തിയിരിക്കുന്നത്.
കാർഷികരംഗം കഴിഞ്ഞാൽ ഏറ്റവും വലിയ വ്യവസായമേഖലയായി കാണുന്നത് വസ്ത്രവിപണന രംഗത്തെയാണ്. 18% നികുതി ഈ മേഖലയിൽ ആരോഗ്യകരമല്ലാത്ത പ്രവണതകൾക്കും നിയമയുദ്ധങ്ങൾക്കും കളമൊരുക്കുമെന്ന് പൊതുവെ വിലയിരിത്തപെടുന്നുണ്ട്. ഇതുവഴി ഭീമമായ നഷ്‌ടവും സുതാര്യത ഇല്ലായ്മയും സംജാതമാകുമെന്ന കാര്യത്തിൽ തർക്കമില്ല. ആയതിനാൽ ഇത്തമൊരു തീരുമാനത്തിൽ പുനർചിന്തനം വേണമെന്നും 5% എകികൃത നിരക്ക് ഏർപെടുത്തണം എന്നും കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് ഡീലേഴ്‌സ് അസോസിയേഷൻ അഭ്യർത്ഥിച്ചു. ഇരട്ട നിരക്ക് ഏർപെടുത്താനുള്ള തീരുമാനത്തിൽ നിന്ന് കൗൺസിലിന് വ്യതിചലിക്കാൻ സാധിച്ചില്ലെങ്കിൽ അത് 15000 രൂപ മുതലുള്ള വിനിമയങ്ങൾക്കായ് നിജപ്പെടുത്തണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. ഉപഭോക്താക്കൾ വിദേശവിപണികളെ ആശ്രയിക്കുന്ന ഈ കാലത്ത് ഇന്ത്യൻ വസ്ത്രവിപണി നേരിടുന്നത് കനത്ത വെല്ലുവിളികളാണ്.
അതിജീവനത്തിനായി പൊരുത്തുന്ന ഈ മേഖലയുടെ അഭ്യർത്ഥന അനുഭാവപൂർവ്വം പരിഗണിച്ചു ലക്ഷകണക്കിന് ആൾക്കാർക്ക് തൊഴിൽ നൽകുന്ന വസ്ത്രവിപണന മേഖലയെ സംരക്ഷിക്കണമെന്ന് കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ ടി എസ് പട്ടാഭിരാമൻ നിവേദനത്തിലൂടെ അഭ്യർത്ഥിച്ചു.