കേരളം വഴിയുള്ള സ്വർണക്കടത്ത് തടയാൻ ശക്തമായ നടപടിയെന്ന് ധനമന്ത്രി; ഇ വേ ബിൽ നിർബന്ധമാക്കും

By Web TeamFirst Published Aug 14, 2020, 5:14 PM IST
Highlights

ഇനി പിഴയ്ക്ക് പകരം സ്വർണം പിടിച്ചെടുക്കും. ഇതിലെ 20 ശതമാനം തുക രഹസ്യവിവരം നൽകിയ ആൾക്ക് നൽകുമെന്ന് ധനമന്ത്രി.

തിരുവനന്തപുരം: കേരളം വഴിയുള്ള സ്വർണക്കടത്ത് തടയാൻ ശക്തമായ നടപടിയെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്ത് വലിയ തോതിൽ സ്വർണം കള്ളക്കടത്ത് കൂടുന്നുവെന്ന് ഐസക് പറഞ്ഞു. സംസ്ഥാനത്തിനുള്ളിൽ സ്വർണം മാറ്റാൻ ഇ വേ ബിൽ നിർബന്ധമാക്കാൻ തീരുമാനിച്ചുവെന്നും മന്ത്രി അറിയിച്ചു.

സ്വർണം സംബന്ധിച്ച് ജി എസ് ടി സബ് കമ്മിറ്റി ചേർന്നിരുന്നുവെന്ന് തോമസ് ഐസക് പറഞ്ഞു. സ്വർണത്തിന് ഇ വേ ബിൽ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടാനായിരുന്നു യോഗം. ഇ വേ ബിൽ വേണമെന്ന് യോഗത്തില്‍ കേരളം ആവശ്യപ്പെട്ടു. എന്നാല്‍, ഗുജറാത്ത്, ബിഹാർ എന്നീ സംസ്ഥാനങ്ങൾ ഇതിനോട് വിയോജിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. ഇ വേ ബിൽ കേരളത്തിൽ നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കള്ളക്കടത്ത് സ്വർണ്ണം പഴയ സ്വർണമായിട്ടാണ് വിൽപ്പന നടത്തുന്നത്. അതിനാൽ നികുതി വെട്ടിപ്പ് നടക്കുന്നു. സ്വർണ്ണക്കടത്ത് പിടിച്ചാൽ നിലവിൽ ആറ് ശതമാനം നികുതി അടച്ചാൽ കേസ് തീരും. ഇതിന് പകരം കർശന നടപടി എടുക്കാൻ തീരുമാനിച്ചു. ഇനി പിഴയ്ക്ക് പകരം സ്വർണം പിടിച്ചെടുക്കും. ഇതിലെ 20 ശതമാനം തുക രഹസ്യവിവരം നൽകിയ ആൾക്ക് നൽകും. കസ്റ്റംസിലെ നിയമങ്ങൾ ജിഎസ്ടിയിലും കൊണ്ടുവരുമെന്ന് തോമസ് ഐസക് അറിയിച്ചു. സർക്കാർ പിടിച്ചെടുത്ത സ്വർണ്ണം ലേലത്തിൽ നൽകുമെന്നും മന്ത്രി അറിയിച്ചു.

ഇ വേ ബില്ലും പാരിതോഷികവും പ്രഖ്യാപിക്കുമ്പോൾ നികുതി ചോർച്ചയും കള്ളക്കടത്തും കുറയും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ ധമന്ത്രി വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പില്‍ അഞ്ച് ഓഫീസര്‍മാരോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് അറിയിച്ചു. മറുപടി കിട്ടിയ ശേഷം നടപടി സ്വീകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

click me!