Latest Videos

Kochi Metro Loss: കൊച്ചി മെട്രോയുടെ നഷ്ടക്കണക്ക്; കെ റെയിലിനുള്ള പാഠപുസ്തകം

By Akhila NandakumarFirst Published Dec 16, 2021, 1:30 PM IST
Highlights

ആലുവ മുതൽ പേട്ട വരെ കൊച്ചി മെട്രോയിൽ പ്രതിദിനം മൂന്നര ലക്ഷം യാത്രക്കാരുണ്ടാകുമെന്നായിരുന്നു ആദ്യം കണക്കുകൂട്ടിയത്. 2020ൽ യാത്രക്കാർ നാലര ലക്ഷം എത്തുമെന്നായിരുന്നു പദ്ധതി

സംസ്കാര വൈവിധ്യങ്ങൾ കൊണ്ട് പണ്ടേ മെട്രോപൊളിറ്റനായ കൊച്ചിക്ക് പ്രൗഡമായ ഒരു അലങ്കാരമാണ് മെട്രോ റെയിൽ. നഗരം ചുറ്റി 25 കിലോമീറ്റർ മെട്രോ ഓടുന്നത് ആദ്യ കാഴ്ചയിൽ വലിയ കൗതുകമാണ്. എന്നാൽ ഈ കാഴ്ചക്കപ്പുറം കൊച്ചി മെട്രോയുടെ യാഥാർത്ഥ്യമെന്താണ്? സിൽവർ ലൈൻ വന്നാലുള്ള പുത്തൻ കേരളമെന്ന മേനി പറച്ചിൽ നടക്കുന്ന സമയത്ത് കൊച്ചിക്കാർ പറയുന്നത് ഇങ്ങനെ - 'വർഷങ്ങൾക്ക് മുൻപെ ഇങ്ങനെ പലതും കേട്ടതാണ്.അങ്ങനങ്ങ് വിശ്വസിക്കല്ലേ' എന്ന്. 

ആലുവ മുതൽ പേട്ട വരെ കൊച്ചി മെട്രോയിൽ പ്രതിദിനം മൂന്നര ലക്ഷം യാത്രക്കാരുണ്ടാകുമെന്നായിരുന്നു ആദ്യം കണക്കുകൂട്ടിയത്. 2020ൽ യാത്രക്കാർ നാലര ലക്ഷം എത്തുമെന്നായിരുന്നു പദ്ധതി രൂപരേഖയിലെ അവകാശവാദം. കൊച്ചി നഗരത്തിലെ ഗതാഗതകുരുക്കിന് മറ്റൊരു പരിഹാരമില്ല എന്നും അന്ന് വാദിച്ചവരുണ്ട്. എന്നാൽ കൊച്ചി നഗര പരിസരത്തെ 11 ലക്ഷം ജനസംഖ്യയിൽ ദിവസവും മെട്രോ ഉപയോഗിക്കുന്നവർ 35000 മുതൽ 40000 ത്തിനും ഇടയിൽ മാത്രമാണ്.

കൊവിഡ് കാലത്ത് ഇത് 22000 യാത്രക്കാരിലെത്തി. എന്നാൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞതിന് കൊവിഡിനെ കുറ്റം പറയാനാവില്ല. ലോക്ഡൗണിന് മുൻപ് പോലും ഈ കണക്ക് 70000ത്തിന് താഴെയായിരുന്നു. സൗജന്യ ഓഫർ അടക്കം നൽകിയ ദിവസം പോലും യാത്രക്കാരുടെ എണ്ണം 50233 മാത്രമായിരുന്നു. അതായത് 25 കിലോമീറ്റർ നഗരത്തിലൂടെ സ്റ്റൈലായി നമ്മൾ സഞ്ചരിക്കുമ്പോൾ സംസ്ഥാന പൊതുഖജനാവിന് ഒരു ദിവസത്തെ നഷ്ടം ഒരു കോടി രൂപ. 

പദ്ധതി ചിലവ് 7377 കോടി രൂപയായിരുന്നു. ഇതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിഹിതമുണ്ട്. ഒപ്പം ഫ്രഞ്ച് ഏജൻസിയിൽ നിന്നുള്ള വായ്പയുമുണ്ട്. നഷ്ടം സഹിക്കുക സംസ്ഥാന സർക്കാർ ഒറ്റയ്ക്ക് തന്നെയാകും. ലാഭം വേണ്ട നഷ്ടം കുറഞ്ഞ് വരിക എന്നതാണ് മെട്രോ ഒരു നഗരജീവിതത്തിന്‍റെ ഭാഗമായി എന്നതിന്‍റെ അടയാളം എന്നാൽ കഴിഞ്ഞ നാല് വർഷത്തെ നഷ്ടക്കണക്കുകൾ പ്രതീക്ഷിച്ചതിലും അപ്പുറമാണ്. 

മെട്രോ സർവ്വീസ് തുടങ്ങിയത് മുതലുള്ള നഷ്ടം

2017-18 - 167.33 കോടി രൂപ
2018-19 - 281.23 കോടി രൂപ
2019-20 - 310.01 കോടി രൂപ
2020-21 ഇതുവരെ - 334.40 കോടി രൂപ

നാല് വർഷം കൊണ്ട് ആകെ നഷ്ടം 1092 കോടി രൂപയാണ്. കൊച്ചിയുടെ ഗതാഗത കുരുക്കിനും കാര്യമായ മാറ്റങ്ങളില്ല. എന്നാൽ നഷ്ടം ആദ്യവർഷത്തിൽ നിന്ന് ഇരട്ടിയായി. ഒരു കിലോമീറ്റർ മെട്രോ പണിത് ഉയർത്താൻ ചിലവായത് 203 കോടി രൂപയായിരുന്നുവെന്ന് എടുത്ത് പറഞ്ഞോട്ടെ. കാക്കനാട് ഇൻഫോപാർക്കിലേക്കും, അങ്കമാലിയിലേക്കും മെട്രോ തുടർപദ്ധതികൾ കേന്ദ്ര അനുമതിയിൽ തട്ടി നിൽക്കുകയാണ്.

കൊച്ചി നഗരത്തിലെ 7300 കോടി രൂപാ പദ്ധതിയുടെ നഷ്ടക്കണക്കാണ് മുകളിൽ. ഇപ്പോൾ വിഭാവനം ചെയ്യുന്ന സിൽവർ ലൈൻ പദ്ധതിക്ക് ചെലവ് 69341 കോടി രൂപയെന്ന് സംസ്ഥാന സർക്കാരും, 120000 കോടി രൂപയെന്ന് നീതി ആയോഗും കണക്കുകൂട്ടുന്നു. കൊച്ചിയുടെ 25 കിലോമീറ്ററല്ല, സംസ്ഥാനത്തെ 600 കിലോമീറ്ററാണ് ഓടിയെത്തേണ്ടത്. ലാഭമല്ലെങ്കിൽ നഷ്ടവും പെരുകുമെന്ന് ചുരുക്കം. പദ്ധതി പാളിയാൽ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ തന്നെ അപകടത്തിലാക്കാനും സാധ്യതകൾ ഏറെ. പെരുപ്പിക്കുന്ന കണക്കുകളിലാകില്ല യാഥാർത്ഥ്യമെന്നതാണ് കൊച്ചി മെട്രോ മുന്നോട്ട് വെക്കുന്നത്.

click me!