കൊല്ലം ബൈപ്പാസിന് ഫണ്ട് കണ്ടെത്തിയത് പിണറായി സർക്കാർ: മന്ത്രി കെ.എൻ ബാല​ഗോപാൽ

Published : May 15, 2025, 02:18 PM IST
കൊല്ലം ബൈപ്പാസിന് ഫണ്ട് കണ്ടെത്തിയത് പിണറായി സർക്കാർ: മന്ത്രി കെ.എൻ ബാല​ഗോപാൽ

Synopsis

പ്രതിപക്ഷത്തിന് പോലും കേരളത്തിലെ വികസനകാര്യങ്ങളെക്കുറിച്ച് അം​ഗീകരിക്കാതിരിക്കാൻ പറ്റില്ലാത്ത സ്ഥിതിയാണുള്ളതെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ.

കൊല്ലത്ത് "എന്റെ കേരളം" പ്രദർശന വിപണന മേള മന്ത്രി കെ.എൻ ബാല​ഗോപാൽ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വികസന പ്രവർത്തനങ്ങൾ അതിവേ​ഗം തുടരുകയാണെന്ന് മന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന് പോലും കേരളത്തിലെ വികസനകാര്യങ്ങളെക്കുറിച്ച് അം​ഗീകരിക്കാതിരിക്കാൻ പറ്റില്ലാത്ത സ്ഥിതിയാണുള്ളത്. ഇതിന് ഉദാഹരണമാണ് കേരളത്തിലെ ദേശീയപാതാ വികസനം. കേരളത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് എട്ട് മണിക്കൂർകൊണ്ട് എത്താനാകും എന്നത് ഒമ്പത് വർഷം മുൻപ് വിദൂര സ്വപ്നംപോലും ആയിരുന്നില്ല - മന്ത്രി പറഞ്ഞു.

കൊല്ലം ജില്ലയിലും നിരവധി പദ്ധതികൾ നടപ്പിലാക്കിയത് എൽ.ഡി.എഫ് സർക്കാർ ആണെന്ന് കെ.എൻ ബാല​ഗോപാൽ പറഞ്ഞു. കൊല്ലം ബൈപ്പാസിന് ഫണ്ട് അനുവദിച്ചത് പിണറായി വിജയൻ സർക്കാരാണ്. 1970-കളിൽ സ്ഥലം ഏറ്റെടുക്കാൻ തുടങ്ങിയതാണ്. ഇത് പൂർത്തിയായില്ല. നിർമ്മാണം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രിയാണ് വന്നത്. നാൽപ്പത് വർഷത്തോളം അതിന്റെ പ്രശ്നങ്ങൾ തീരാതെ കിടന്നു. ഒടുവിൽ എൽ.ഡി.എഫ് സർക്കാരാണ് അതിനായി ഫണ്ട് മാറ്റിവച്ചത് - അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ഭാ​ഗമായാണ് എന്റെ കേരളം എന്ന പേരിൽ പ്രദർശന വിപണന മേള സംഘടിപ്പിക്കുന്നത്. മേയ് 20 വരെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് മേള നടക്കുക. ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ നടക്കുന്ന മേളയിൽ പ്രവശനം സൗജന്യമാണ്.

55,000 ചതുരശ്ര അടി ശീതീകരിച്ച പവിലിയൻ ഉൾപ്പെടെ 79,000 ചതുരശ്ര അടിയിലാണ് സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളും സൗജന്യസേവനങ്ങളും പൊതുജനങ്ങളെ അറിയിക്കുന്ന തീം സ്റ്റാളുകൾ മേളയിലുണ്ട്. മൊത്തം 263 സ്റ്റാളുകളാണ് ഉള്ളത്.

എല്ലാ ദിവസവും വൈകീട്ട് ഏഴുമുതൽ മുഖ്യവേദിയിൽ കലാപരിപാടികൾ ഉണ്ടാകും. മേയ് 16-ന് ഗായകനും സംഗീത സംവിധായകനുമായ അൽഫോൻസ് ജോസഫിന്റെ 'ഫിൽമി ബീറ്റ്സ്' സംഗീതപരിപാടി നടക്കും. 17-ന് ഭദ്ര റെജിൻ, സുദീപ് പലനാട് എന്നിവർ അവതരിപ്പിക്കുന്ന 'സ്റ്റോറിടെല്ലർ' മ്യൂസിക് ഷോ. 18-ന് മർസി ബാൻഡിന്റെ 'യുവ' സംഗീതരാവ്. 19-ന് മെഗാ ഷോ 'ഹാപ്പി ഈവനിങ്' എന്നിവയും നടക്കും. സമാപനദിനം രമേശ് നാരായൺ, മധുശ്രീ നാരായൺ എന്നിവർ അവതരിപ്പിക്കുന്ന സംഗീതവിരുന്ന് നടക്കും.

ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി ചിഞ്ചുറാണി അദ്ധ്യക്ഷയായി. എം.നൗഷാദ് എംഎൽഎ, കൊല്ലം കോർപറേഷൻ മേയർ ഹണി ബെഞ്ചമിൻ, ഡെപ്യൂട്ടി മേയർ എസ്.ജയൻ, കളക്ടർ എൻ.ദേവിദാസ്, സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ, റൂറൽ എസ്.പി സാബു മാത്യു, എ.ഡി.എം ജി. നിർമൽകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ. ഹേമന്ത് കുമാർ എന്നിവർ പങ്കെടുത്തു. 
 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം