പൊള്ള ചിട്ടി വാദം തെറ്റ്; വിജിലൻസ് കണ്ടെത്തലിൽ വിശദീകരണവുമായി കെഎസ്എഫ്ഇ ചെയര്‍മാൻ

By Web TeamFirst Published Nov 28, 2020, 10:38 AM IST
Highlights

എതെങ്കിലും ജീവനക്കാർ ഇത്തരം ക്രമക്കേട് നടത്തിയിട്ടുണ്ടെങ്കിൽ ആഭ്യന്തര നടപടി എടുക്കും. കെഎസ്എഫ്ഇ വിശ്വാസ്യത ഉള്ള സ്ഥാപനമാണ്, 
വിജിലൻസ് പരിശോധന സ്വാഭാവികം

പത്തനംതിട്ട: സംസ്ഥാനത്തെ കെഎസ്എഫ്ഇ ഓഫീസുകളിൽ ജീവനക്കാര്‍ ബിനാമി പേരിൽ ചിട്ടിപിടിക്കുന്നു എന്ന വിജിലൻസ് കണ്ടെത്തലിനോട് പ്രതികരണവുമായി ചെയര്‍മാൻ അഡ്വ. പീലിപ്പോസ് തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട്. സ്ഥിരമായി നടക്കുന്ന പരിശോധനയാണ് ഇപ്പോഴും നടന്നിട്ടുള്ളത്. വിജിലൻസ് പറയുന്ന പൊള്ള ചിട്ടി എന്ന വാദം തള്ളിയ ചെയര്‍മാൻ എതെങ്കിലും ജീവനക്കാർ ഇത്തരം ക്രമക്കേട് നടത്തിയിട്ടുണ്ടെങ്കിൽ ആഭ്യന്തര നടപടി എടുക്കുമെന്നും അറിയിച്ചു. 

ട്രഷറിയിൽ പണം നിക്ഷേപിക്കാതെ ചിട്ടി ആരംഭിച്ചു എന്ന് പറയുന്നത് അസാധ്യമാണ്. ആതാത് ദിവസത്തെ കളക്ഷൻ ചിട്ടി പിടിച്ചവര്‍ക്ക് നൽകാനുള്ളതാണ്. സര്‍പ്ലസ് ഫണ്ട് മാത്രമാണ് ട്രഷറിയിൽ നിക്ഷേപിക്കുന്നത്. ട്രഷറിയിൽ പണം അടക്കുന്നില്ല എന്ന പരാതിയിൽ അടിസ്ഥാനം ഇല്ല. പകരം ആളെ ചിട്ടിയിൽ ചേര്‍ക്കുക എന്നത് സ്വാഭാവികമാണ്. അതെല്ലാം പൊള്ള ചിട്ടിയാണെന്ന് ആക്ഷേപത്തിൽ അടിസ്ഥാനം ഇല്ലെന്നും ചെയര്‍മാൻ പറയുന്നു. 

ഓപ്പറേഷൻ ബചത് എന്ന പേരിലാണ് ഇന്നലെ പരിശോധന നടത്തിയത്. ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പരിശോധന. 40 ഓഫീസുകളിൽ നടത്തിയ പരിശോധനയില്‍ 35 ഓഫീസുകളിലും ക്രമക്കേട് കണ്ടെത്തി. പിരിക്കുന്ന പണം ട്രഷറിയിലോ ബാങ്കിലോ നിക്ഷേപിക്കുന്നില്ലെന്നും കണ്ടെത്തല്‍. ബിനാമി പേരുകളിൽ ജീവനക്കാർ ചിട്ടി പിടിക്കുന്നുവെന്നും കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കാനാണോ ഇതെന്നും സംശയമുണ്ട്.

ചിട്ടികളിൽ ക്രമക്കേടുണ്ടെന്ന ആക്ഷേപവുമായി ബന്ധപ്പെട്ടാണ് വിജിലൻസ് സംസ്ഥാന വ്യാപകമായി കെഎസ്എഫ്ഇ ഓഫീസുകളിൽ പരിശോധന നടത്തിയത്. ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ ചില വ്യക്തികൾ ബിനാമി ഇടപാടിൽ ക്രമക്കേട് നടത്തുന്നു എന്നായിരുന്നു പരാതി. റെയ്ഡിൽ ഗുരുതര ചട്ടലംഘനങ്ങളാണ് കണ്ടെത്തിയത്. തൃശൂരിലെ ഒരു ബ്രാഞ്ചിൽ രണ്ട് പേര്‍ 20 ചിട്ടിയിൽ ചേർന്നതായി കണ്ടെത്തി. മറ്റൊരാൾ 10 ചിട്ടിയിൽ ചേർന്നിരിക്കുന്നു. ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ പണം വകമാറ്റിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നും കണ്ടെത്തി. വലിയ ചിട്ടികളിൽ ചേരാൻ ആളില്ലാതെ വരുമ്പോൾ കെ എസ് എഫ് ഇയുടെ തനത് ഫണ്ടിൽ നിന്നും ചിട്ടിയടച്ച് ചില മാനേജർമാർ കള്ളക്കണക്ക് തയാറാക്കുന്നതായും വിജിലൻസ്  കണ്ടെത്തൽ ഉണ്ട്. വിജിലൻസ് പരിശോധന ഇന്നും തുടരുകയാണ്. 

click me!