LIC Share Sale : ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഓഹരി വിൽപ്പന നീട്ടിവെച്ചേക്കും

Web Desk   | Asianet News
Published : Mar 02, 2022, 08:49 PM IST
LIC Share Sale : ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഓഹരി വിൽപ്പന നീട്ടിവെച്ചേക്കും

Synopsis

റഷ്യ യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ ഓഹരി വിപണിയിൽ അടിക്കടി ഉണ്ടായ തിരിച്ചടികളെ തുടർന്നാണ് കേന്ദ്രസർക്കാർ എൽഐസിയുടെ ഐപിഒ നീട്ടിവെക്കാൻ ആലോചിക്കുന്നത്

ദില്ലി : ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (Life Insurance Corporation) ഓഫ് ഇന്ത്യയുടെ ഓഹരി വിൽപ്പന (Share Sale) വൈകിയേക്കും. റഷ്യ യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ ഓഹരി വിപണിയിൽ അടിക്കടി ഉണ്ടായ തിരിച്ചടികളെ തുടർന്നാണ് കേന്ദ്രസർക്കാർ എൽഐസിയുടെ ഐപിഒ നീട്ടിവെക്കാൻ ആലോചിക്കുന്നത്. ഇക്കാര്യത്തിൽ പുനരാലോചന നടത്തേണ്ടിവരും എന്നാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ (Nirmala Sitharaman) വ്യക്തമാക്കിയത്.

ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. തുടക്കത്തിൽ യുദ്ധം ഉണ്ടാകും എന്ന ആശങ്ക മാത്രമായിരുന്നുവെന്നും എന്നാൽ ഇപ്പോൾ സ്ഥിതി മാറി എന്നും അതിനാൽ തന്നെ ഇപ്പോഴത്തെ സാഹചര്യം വീണ്ടും വിലയിരുത്തേണ്ടതുണ്ട് എന്നും കേന്ദ്ര ധനകാര്യ മന്ത്രി വ്യക്തമാക്കി.

 കേന്ദ്രസർക്കാറിന് നിശ്ചയിച്ചപ്രകാരം ഐപിഒയുമായി മുന്നോട്ടു പോകണമെന്ന് തന്നെയാണെന്നും എന്നാൽ ആഗോള സാഹചര്യങ്ങൾ തിരിച്ചടിക്കുകയാണെങ്കിൽ ഇക്കാര്യത്തിൽ ഒരു പുനരാലോചന വേണ്ടിവരുമെന്നും അവർ വിശദീകരിച്ചു. യൂറോപ്പിലെ സമാധാനം ആകെ തകർക്കുന്ന രീതിയിലുള്ള ഇപ്പോഴത്തെ യുദ്ധ സാഹചര്യം ആഗോളതലത്തിൽ ഓഹരിവിപണികളെ പ്രതികൂലമായി ബാധിച്ചിരുന്നു. സമാനമായ നിലയിൽ ഇന്ത്യൻ ഓഹരി വിപണികളും പിന്നോട്ടുപോയി.

 ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ കേന്ദ്ര സർക്കാരിന്റെ 5 ശതമാനം ഓഹരികളാണ് വിറ്റഴിക്കുന്നത്. 31.6 കോടി ഓഹരികളാണ് ഇത്തരത്തിൽ വിറ്റഴിക്കപ്പെടുന്നത്. എൽ ഐ സി യിലെ നിലവിലെ തൊഴിലാളികൾക്കും പോളിസി ഉടമകൾക്കും കുറഞ്ഞ നിരക്കിൽ ഓഹരി ലഭ്യമാക്കുമെന്ന് നേരത്തെ തന്നെ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുള്ളതാണ്.

PREV
click me!

Recommended Stories

പാകിസ്താനെ വരിഞ്ഞുമുറുക്കുന്ന 'എലൈറ്റ് ക്യാപ്ചര്‍'! ; അഴിമതി ചോര്‍ത്തുന്നത് ജിഡിപിയുടെ 6% വരെ; ഐ.എം.എഫ്. റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്
ഭവന വായ്പക്കാര്‍ക്ക് ആശ്വാസം; പ്രമുഖ ബാങ്കുകള്‍ പലിശ കുറച്ചു, ഇ.എം.ഐയില്‍ ഇളവുണ്ടാകും