വിവാഹമോചനം തുണച്ചു, മക്കെന്‍സി സ്‌കോട്ട് ഇന്ന് ലോകത്തിലെ ഏറ്റവും സമ്പന്നയായ വനിത

By Web TeamFirst Published Sep 4, 2020, 6:43 AM IST
Highlights

2020ന്റെ തുടക്കത്തില്‍ 2000 ഡോളറായിരുന്ന ആമസോണിന്റെ ഓഹരി വിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്.
 

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാരെന്ന് ചോദിച്ചാല്‍ ഏറെ പേര്‍ക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല ഉത്തരം പറയാന്‍. എന്നാല്‍ വനിതയാരെന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ അല്‍പ്പം ആലോചിക്കേണ്ടി വരും. ആമസോണിന്റെ സിഇഒ ആയ ജെഫ് ബെസോസിന്റെ മുന്‍ ഭാര്യ മാക്കെന്‍സി സ്‌കോട്ടാണ് നിലവില്‍ ലോകത്തെ ഏറ്റവും ധനികയായ വനിത.

ആമസോണിന്റെ നാല് ശതമാനം ഓഹരിക്കുടമയാണ് ഇവര്‍. 2019 ല്‍ ബെസോസുമായി വേര്‍പിരിഞ്ഞപ്പോഴാണ് അവര്‍ക്ക് ആമസോണില്‍ ഓഹരി ലഭിച്ചത്. ഇതിന് പുറമെ കഴിഞ്ഞ വര്‍ഷം 30.3 ബില്യണ്‍ ഡോളറിന്റെ ബാങ്ക് ബാലന്‍സ് കൂടിയായപ്പോള്‍ ആസ്തി 67.4 ബില്യണ്‍ ഡോളറായെന്ന് ബ്ലൂംബെര്‍ഗ് ഇന്‍ഡക്‌സ് പറയുന്നു. നിലവില്‍ ലോകത്തെ ധനികപട്ടികയില്‍ 12ാമതാണ് ഇവര്‍.

2020ന്റെ തുടക്കത്തില്‍ 2000 ഡോളറായിരുന്ന ആമസോണിന്റെ ഓഹരി വിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. 3500 ഡോളറിലേക്ക് വിലയെത്തി. മഹാമാരിക്കാലത്ത് വീടുകളില്‍ കുടുങ്ങിയ ആളുകള്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്‍തോതില്‍ ആശ്രയിച്ചതോടെയാണ് കമ്പനിയുടെ ഓഹരിവിലയിലും കുതിപ്പുണ്ടായത്.

ജെഫ് ബെസോസാണ് നിലവില്‍ ലോകത്തിലെ ധനികരില്‍ ധനികന്‍. സ്‌കോട്ട് തന്റെ ആസ്തിയില്‍ 1.7 ബില്യണ്‍ ഡോളര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിരുന്നു. 2019 ജനുവരിയിലാണ് ഇരുവരും പിരിയാന്‍ തീരുമാനിച്ചത്. ഡിവോഴ്‌സ് കരാറിന്റെ ഭാഗമായാണ് മക്കെന്‍സിക്ക് 19.7 ദശലക്ഷം ഓഹരികള്‍ കൈമാറിയത്. അന്ന് ലോകത്തിലെ 22ാമത്തെ ധനികയായി ഇവര്‍. ലോകത്തിലെ മൂന്നാമത്തെ ധനികയായ വനിതയുമായിരുന്നു അന്ന്. ഇവിടെ നിന്നാണ് ഇവര്‍ ഒന്നാമതെത്തിയിരിക്കുന്നത്.


 

click me!