'ആകെ മൊത്തം പിടിപ്പുകേട്': സാമ്പത്തികമാന്ദ്യത്തിൽ മോദി സർക്കാരിനെതിരെ മൻമോഹൻ സിംഗ്

By Web TeamFirst Published Sep 1, 2019, 12:45 PM IST
Highlights

രാജ്യത്തിന്‍റെ സാമ്പത്തിക പുരോഗതിയിൽ നിർണായകമായ നിർമാണമേഖലയിൽ ഈ സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ വെറും 0.6% വളർച്ചയാണുണ്ടായതെന്ന് സിംഗ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം ഇതേസമയത്ത് ഇത് 12 ശതമാനമായിരുന്നു.

ദില്ലി: മോദി സർക്കാരിന്‍റെ മൊത്തത്തിലുള്ള പിടിപ്പുകേടാണ് രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന സാമ്പത്തികമാന്ദ്യത്തിന് കാരണമെന്ന് മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്‍ധനുമായ മൻമോഹൻസിംഗ്. പകയുടെയും അന്ധമായ എതിർപ്പിന്‍റെയും രാഷ്ട്രീയം ഉപേക്ഷിച്ച് മോദി സർക്കാർ സാമ്പത്തിക രംഗത്തെക്കുറിച്ച് അറിവുള്ളവരിൽ നിന്ന് വിദഗ്‍ധോപദേശം നേടി പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും മൻമോഹൻ സിംഗ് ആവശ്യപ്പെട്ടു.

''രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ ആശങ്കാജനകമാണ്. സാമ്പത്തിക വർഷത്തിന്‍റെ ആദ്യപാദത്തിലെ ജിഡിപി വളർച്ചാ നിരക്ക് വെറും 5 ശതമാനത്തിൽ ഒതുങ്ങിയതിന്‍റെ അർത്ഥം നമ്മൾ വലിയൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നു എന്നാണ്. വൻ വളർച്ചയ്ക്ക് സാധ്യതയുള്ള രാജ്യമാണ് ഇന്ത്യ. പക്ഷേ, മോദി സർക്കാരിന്‍റെ ആകെ മൊത്തമുള്ള പിടിപ്പുകേടുകൊണ്ട് രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നീങ്ങുന്നത്'', മൻമോഹൻ സിംഗ് പ്രസ്താവനയിൽ പറയുന്നു. 

''നമ്മുടെ യുവാക്കളും കർഷകരും ചെറുകിട വ്യവസായികളും അരികുവൽക്കരിക്കപ്പെട്ടവരും സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് വരേണ്ടതുണ്ട്. രാജ്യത്തിന്‍റെ സാമ്പത്തിക വികസനം ഇങ്ങനെ ഇടിയാൻ അനുവദിക്കരുത്. അതിനാൽ പകയുടെയും അന്ധമായ എതിർപ്പിന്‍റെയും രാഷ്ട്രീയം ഉപേക്ഷിച്ച് മോദി സർക്കാർ സാമ്പത്തിക രംഗത്തെക്കുറിച്ച് അറിവുള്ളവരിൽ നിന്ന് വിദഗ്‍ധോപദേശം നേടി പ്രശ്നപരിഹാരത്തിന് ശ്രമിക്കണം'', എന്ന് സിംഗ്. 

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടാണ് ജിഡിപി വളർച്ച അഞ്ച് ശതമാനമായി ഇടിഞ്ഞുവെന്ന് വെളിപ്പെടുത്തുന്നത്. രാജ്യത്തിന്‍റെ ആഭ്യന്തര ഉത്പാദനത്തിന്‍റെ വളർച്ചാ തോത് കഴിഞ്ഞ ആറ് വ‍ർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. ഏപ്രിൽ - ജൂൺ കാലത്തെ ജിഡിപി വളർച്ചാ നിരക്ക് കുത്തനെ താഴേയ്ക്ക് പോയതിൽ സാമ്പത്തിക രംഗം മൊത്തത്തിൽ ആശങ്കയിലാണ്. ഇതിന്‍റെ പിന്നാലെയാണ് നിർമാണമേഖലയിൽ ഒരു ശതമാനത്തിൽ താഴെ മാത്രം രേഖപ്പെടുത്തിയ വളർച്ചാ നിരക്ക്. 

രാജ്യത്തിന്‍റെ സാമ്പത്തിക പുരോഗതിയിൽ നിർണായകമായ നിർമാണമേഖലയിൽ ഈ സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ വെറും 0.6% വളർച്ചയാണുണ്ടായതെന്ന് സിംഗ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം ഇതേസമയത്ത് ഇത് 12 ശതമാനമായിരുന്നു.

''മനുഷ്യനിർമിതമായ വൻ അബദ്ധങ്ങളായിരുന്നു നോട്ട് നിരോധനവും തിരക്ക് പിടിച്ച് ആലോചനയില്ലാതെ നടപ്പാക്കിയ ജിഎസ്‍ടിയും. ഇതാണ് നിർമാണമേഖല തകരാൻ കാരണം'', എന്ന് സിംഗ്.

''ആഭ്യന്തര വാങ്ങൽശേഷി ഇടിഞ്ഞു. ആളുകളുടെ വാങ്ങൽശേഷിയിൽ 18 മാസത്തിനിടയിലുള്ള ഏറ്റവും വലിയ ഇടിവാണ്. നികുതിപ്പണം പിരിക്കുന്നതിൽ വൻ വീഴ്ചയാണ്. വലിയ ഇടപാടുകാർക്ക് സൗജന്യനികുതി. അതേസമയം സാധാരണക്കാരെ സർക്കാർ പിഴിയുകയാണ്. സാമ്പത്തിക രംഗം രക്ഷപ്പെടുന്ന സ്ഥിതി കാണുന്നില്ല''. സിംഗ് പറയുന്നു.

കൂടുന്ന തൊഴിലില്ലായ്മാ നിരക്കിനെയും മൻമോഹൻ സിംഗ് വിമർശിക്കുന്നു. വാഹനനി‍ർമാണമേഖലയിൽ മാത്രം മൂന്നര ലക്ഷം തൊഴിലുകളാണ് നഷ്ടമായത്. ചെറുകിട വ്യവസായമേഖലയിലും സർവീസിതര മേഖലകളിലും സമാനമായ രീതിയിൽ തൊഴിലില്ലായ്മ ബാധിച്ചിട്ടുണ്ട്. സാധാരണക്കാരായ ജോലിക്കാരെയാണ് ഇത് ഗുരുതരമായി ബാധിക്കുന്നതെന്ന് സിംഗ് ചൂണ്ടിക്കാട്ടുന്നു. 

തുടർച്ചയായി അഞ്ച് സാമ്പത്തിക പാദങ്ങളിലായി ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് കുറഞ്ഞു കുറഞ്ഞ് വരികയാണ്. ബിസ്കറ്റ് ഉത്പാദനം മുതൽ കാർ - ഓട്ടോമൊബൈൽ മേഖലയിലടക്കമുണ്ടായ മാന്ദ്യമാണ് ജിഡിപി വളർച്ചാ നിരക്കും കുറച്ചതെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്‍ധർ വിലയിരുത്തുന്നത്. 

ഉപഭോക്താക്കൾ വിപണിയിൽ വലിയ രീതിയിൽ സാധനങ്ങൾ വാങ്ങാതിരിക്കുകയും, സ്വകാര്യ നിക്ഷേപങ്ങൾ കുത്തനെ ഇടിഞ്ഞതും വളർച്ചാ മാന്ദ്യത്തിന് ആക്കം കൂട്ടി. 

click me!