ഉപയോഗിച്ചാല്‍ ഉടന്‍ മുഖം വെളുക്കും; ഉല്‍പ്പന്നങ്ങളിലുള്ളത് മെര്‍ക്കുറി; നിരോധിച്ചിട്ടും ആമസോണിലും ടിക് ടോക്കിലും ക്രീം വില്‍പന പൊടിപൊടിക്കുന്നു

Published : Sep 17, 2026, 02:58 PM IST
Mercury cream

Synopsis

ആമസോൺ ഉൾപ്പെടെയുള്ള പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ നിരോധിക്കപ്പെട്ടതും മാരക വിഷാംശമുള്ളതുമായ സ്കിൻ വൈറ്റനിങ് ക്രീമുകൾ വ്യാപകമായി വിൽക്കപ്പെടുന്നു. ഉയർന്ന അളവിൽ മെർക്കുറി അടങ്ങിയ ഇത്തരം ഉൽപ്പന്നങ്ങൾ വൃക്ക തകരാറുകൾക്കും നാഡീവ്യൂഹ പ്രശ്നങ്ങൾക്കും കാരണമാകുന്നു. വ്യാജ പേരുകളിലാണ് ഇവ വിപണിയിലെത്തുന്നത്.

ലോകത്തെ വന്‍കിട ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ആമസോണ്‍, ടെമു, ടിക്ടോക് ഷോപ്പ് എന്നിവയിലൂടെ നിരോധിക്കപ്പെട്ടതും മാരക വിഷാംശമുള്ളതുമായ മെര്‍ക്കുറി അടങ്ങിയ ഇരുപതിലേറെ ചര്‍മ്മം വെളുപ്പിക്കുന്ന ക്രീമുകളും സോപ്പുകളും ഇപ്പോഴും വില്‍പനയ്ക്ക് ലഭ്യമാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ,യുഎസ്, ഫ്രാന്‍സ്, യുഎഇ, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളിലെ ഇ- കൊമേഴ്സ് വിപണികളിലാണ് ഇത്തരം ഉല്‍പ്പന്നങ്ങള്‍ പരസ്യമായി വില്‍ക്കപ്പെടുന്നത്.

പരിധിക്കും മുകളില്‍ മെർക്കുറി

മെര്‍ക്കുറി ഉപയോഗത്തിന് സുരക്ഷിതമായ ഒരു അളവുമില്ലെന്നാണ് ലോക ആരോഗ്യ സംഘടന തന്നെ വ്യക്തമാക്കുന്നത്. യുഎസ് എഫ്ഡിഎ പ്രകാരം പ്രധന സാമഗ്രികളില്‍ പരമാവധി 1പി പി എം (പാര്‍ട്ട് പെര്‍ മില്യണ്‍) മെര്‍ക്കുറി മാത്രമേ പാടുള്ളൂ. എന്നാല്‍ വിപണിയിലുള്ള ഇത്തരം ക്രീമുകളില്‍ ലിറ്ററിന് 10 മുതല്‍ 1,00,000 മില്ലിഗ്രാം വരെ മെര്‍ക്കുറി അടങ്ങിയിട്ടുണ്ടെന്ന് പരിശോധനകളില്‍ വ്യക്തമായിട്ടുണ്ട്.

പാകിസ്ഥാനില്‍ നിര്‍മ്മിച്ച 'പാര്‍ലി ബ്യൂട്ടി ക്രീം', മെക്‌സിക്കന്‍ നിര്‍മ്മിത ബ്ലീച്ചിങ് ക്രീമുകള്‍, ഫിലിപ്പീന്‍സിലെ സോപ്പുകള്‍ തുടങ്ങിയവയിലാണ് മെര്‍ക്കുറി സാന്നിധ്യം കണ്ടെത്തിയത്. ഇന്ത്യയിലെ ഒരു ആമസോണ്‍ സെല്ലർ യുഎസ് എഫ്ഡിഎ നിരോധിച്ച പാകിസ്ഥാനിലെ എസ്ജെ എന്റര്‍പ്രൈസസിന്റെ 'ചാന്ദ്‌നി' ക്രീം, 'ബ്യൂട്ടി ബ്രൈറ്റനിങ് ക്രീം' എന്ന പേരുമാറ്റി ചിത്രത്തിലെ യഥാര്‍ത്ഥ പേര് ബ്ലര്‍ ചെയ്താണ് വില്‍പനയ്ക്ക് വെച്ചിരുന്നത്.

കുറഞ്ഞ വില, പെട്ടെന്ന് റിസൾട്ട്

നിയമവിധേയമായ കോജിക് ആസിഡ്, ആര്‍ബൂട്ടിന്‍ തുടങ്ങിയ ഘടകങ്ങളെ അപേക്ഷിച്ച് മെര്‍ക്കുറി അടങ്ങിയ ക്രീമുകള്‍ വളരെ വേഗത്തില്‍ വെളുപ്പ് നിറം നല്‍കും. മെര്‍ക്കുറി കുറഞ്ഞ ചെലവില്‍ ക്രീമുകളില്‍ ചേര്‍ക്കാന്‍ സാധിക്കും. ഏറെ നാള്‍ കേടു കൂടാതെയുമിരിക്കും. 2021-ല്‍ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനമനുസരിച്ച് കോജിക് ആസിഡ് അടങ്ങിയ സുരക്ഷിതമായ ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു ഔണ്‍സിന് ശരാശരി 24.89 ഡോളറാണ് വില. ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ ഏകദേശം 2,000 രൂപയ്ക്ക് മുകളില്‍ വില വരും. എന്നാല്‍ മെര്‍ക്കുറി അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് വെറും ഏകദേശം 540 രൂപ മാത്രമാണ് വില വരുന്നത്.

ആരോഗ്യത്തിന് കടുത്ത ഭീഷണി

ഇനി മെർക്കുറി മനുഷ്യ ശരീരത്തെിന് എത്രമാത്രം അപകടകരമാണെന്ന് നോക്കാം. ചർമ്മത്തിലൂടെ നേരിട്ട് രക്തത്തിലെത്തുന്ന മെർക്കുറി അരിച്ചെടുക്കാൻ ശ്രമിക്കുന്നതിലൂടെ വൃക്കയിലെ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും നെഫ്രോട്ടിക് സിൻഡ്രോം വരെ പിടിപെടുകയും ചെയ്യാം. നാഡീവ്യൂഹത്തെയും മെർക്കുറി ബാധിക്കും. കൈകാലുകളിൽ തരിപ്പ്, വിറയൽ, ഓർമ്മക്കുറവ്, കാഴ്ച ശക്തി കുറയൽ, മൂഡ് സ്വിങഅസ്, വിഷാദം എന്നിവ വരെ ഉണ്ടാകാം. ചർമ്മത്തിലും വരും പ്രശ്നങ്ങൾ. ചർമ്മം വലിഞ്ഞു മുറുകുക, തടിപ്പ്, ചുവന്നു തിണർക്കുക, ചർമ്മത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി നഷ്ടപ്പെട്ട് അണുബാധയുണ്ടാകുക എന്നിവ സംഭവിക്കാം. ഗർഭിണികൾ ഇത്തരം ക്രീമുകൾ ഉപയോഗിച്ചാൽ മെർക്കുറി ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും വളർച്ചയെയും സാരമായി ബാധിക്കും.

എന്നാല്‍, നിരോധനം മറികടക്കാന്‍ വ്യാപാരികള്‍ വ്യാജ പേരുകളിലും ചേരുവകളുടെ വിവരം മറച്ചുവെച്ചുമാണ് ഉല്‍പ്പന്നങ്ങള്‍ ലിസ്റ്റ് ചെയ്യുന്നത്. ഈ ക്രീമുകളിലൊന്നും മെര്‍ക്കുറിയുടെ സാന്നിധ്യം പരസ്യമായി രേഖപ്പെടുത്തിയിട്ടില്ല. അപകടകരമായ ഇത്തരം ക്രീമുകൾ ഉപയോഗിച്ച് വലിയ വാർത്തയാകുമ്പോൾ മാത്രമാണ് യുവാക്കളടക്കമുള്ള പലരും ഇതിനെപ്പറ്റി ശ്രദ്ധിക്കുകയെങ്കിലും ചെയ്യാറുള്ളത്. എന്നാൽ, ഇത്തരം ക്രീമുകൾ അറിഞ്ഞും അറിയാതെയും ഇപ്പോഴും ഉപയോഗിക്കുന്നവരുണ്ട്. ചർമ്മത്തിൽ നിറം വയ്ക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഇത്തരം ക്രീമുകൾ ജീവൻ വരെ കവരും...!

PREV
Read more Articles on
click me!

Recommended Stories

സ്‌കോച്ചിന്റെ പ്രതാപം മങ്ങുമോ? 'ഇംഗ്ലീഷ് വിസ്‌കി'ക്ക് പ്രത്യേക പദവി നല്‍കിയ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ സ്‌കോട്ട്ലന്‍ഡില്‍ വന്‍ പ്രതിഷേധം
യുപിഐ ഇടപാടുകൾക്ക് ഫീസ്: പിൻവലിക്കല്ലെന്ന് കേന്ദ്രസർക്കാർ, പ്രതിപക്ഷത്ത് ഭിന്നത