ചെറുകിട ബിസിനസുകള്‍ക്ക് കരുത്തേകാന്‍ മെറ്റ; അവതരിപ്പിച്ചത് കിടിലന്‍ എഐ ഫീച്ചറുകള്‍

Published : Aug 23, 2026, 12:51 PM IST
Meta AI logo

Synopsis

ചെറുകിട ബിസിനസുകളെ സഹായിക്കുന്നതിനായി പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. ഈ ഫീച്ചറുകള്‍ വഴി ബിസിനസിന്റെ പ്രകടനം വിലയിരുത്താനും, എതിരാളികളെക്കുറിച്ച് പഠിക്കാനും, ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക്, ഗൂഗിൾ വർക്ക്സ്പേസ് എന്നിവയുമായി ചേർന്ന് ദൈനംദിന ജോലികൾ എളുപ്പമാക്കാനും സാധിക്കും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇനി വന്‍കിട കമ്പനികള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല. ചെറുകിട ബിസിനസ് നടത്തുന്നവര്‍ക്ക് തങ്ങളുടെ സംരംഭം വേഗത്തില്‍ വളര്‍ത്താനും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കാനും സഹായിക്കുന്ന പുതിയ എഐ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ടെക് ഭീമനായ മെറ്റ.

എന്തൊക്കെയാണ് പുതിയ മാറ്റങ്ങള്‍?

ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മെറ്റ എഐയോട് ചോദിച്ചറിയാം എന്നതാണ് ഈ അപ്ഡേറ്റിലെ ഏറ്റവും വലിയ ആകര്‍ഷണം. ഉദാഹരണത്തിന്, നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ റീച്ച്, നല്‍കിയ പരസ്യങ്ങളുടെ പ്രകടനം എന്നിവയെക്കുറിച്ചെല്ലാം എഐ കൃത്യമായ മറുപടി നല്‍കും. ഇതിനുപുറമെ, നിങ്ങള്‍ ചെയ്യുന്ന അതേ ബിസിനസ് ചെയ്യുന്ന മറ്റ് ബ്രാന്‍ഡുകളെക്കുറിച്ചുള്ള വിവരങ്ങളും എഐ നിങ്ങള്‍ക്ക് നല്‍കും. ഇതിലൂടെ വിപണിയിലെ മത്സരം മനസ്സിലാക്കാനും ബിസിനസ് മെച്ചപ്പെടുത്താനും സാധിക്കും.

ഗൂഗിള്‍ വര്‍ക്ക്സ്പേസുമായും ബന്ധിപ്പിക്കാം

പുതിയ ഫീച്ചറുകള്‍ വരുന്നതോടെ ഇന്‍സ്റ്റാഗ്രാം, ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍, മെറ്റ ആഡ് കാമ്പെയ്നുകള്‍ എന്നിവയുമായി നേരിട്ട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മെറ്റ എഐയ്ക്ക് സാധിക്കും. കൂടാതെ ഗൂഗിള്‍ വര്‍ക്ക്സ്പേസ് ആപ്പുകളായ ജിമെയില്‍, ഡോക്സ്, ഷീറ്റ്സ്, സ്ലൈഡ്സ് എന്നിവയുമായും എഐയെ ബന്ധിപ്പിക്കാം. ഇന്‍സ്റ്റാഗ്രാമും ഫെയ്സ്ബുക്കും ഇന്ന് ചെറുകിട ബിസിനസുകളുടെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളായതിനാല്‍, ദൈനംദിന ജോലികള്‍ ലഘൂകരിക്കാന്‍ ഈ പുതിയ മാറ്റം വലിയ സഹായകമാകും.

മാക് പയോക്താക്കള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതിനനുസരിച്ച് മെറ്റ എഐയുടെ മറുപടികളും കൂടുതല്‍ കൃത്യമാകുമെന്ന് മെറ്റ പറയുന്നു. ജോലി കൂടുതല്‍ എളുപ്പമാക്കുന്നതിനായി ആപ്പിള്‍ മാക് ഉപയോക്താക്കള്‍ക്ക് പ്രത്യേക സൗകര്യവുമുണ്ട്. സിസ്റ്റത്തില്‍ നിങ്ങള്‍ ജോലി ചെയ്യുന്ന വിന്‍ഡോ എഐയുമായി ഷെയര്‍ ചെയ്താല്‍, നിങ്ങള്‍ ചെയ്യുന്ന ജോലിക്ക് ഏറ്റവും അനുയോജ്യമായ നിര്‍ദ്ദേശങ്ങള്‍ അപ്പപ്പോള്‍ തന്നെ എഐ നല്‍കും. മാക്കിലെ എല്ലാ ആപ്പുകളിലും പ്രവര്‍ത്തിക്കുന്ന വോയ്സ് ടൈപ്പിങ് സൗകര്യവും ഇതിലുണ്ട്.

മാന്വല്‍ ജോലികള്‍ ഇനി എഐ ചെയ്യും

വെബ്ബില്‍ നിന്നുള്ള വിവരങ്ങളും നിങ്ങളുടെ ബിസിനസ് വിവരങ്ങളും ഉപയോഗിച്ച് പ്രസന്റേഷനുകള്‍, ഡോക്യുമെന്റുകള്‍, സ്‌പ്രെഡ്ഷീറ്റുകള്‍ തുടങ്ങിയവ തയ്യാറാക്കാനും മെറ്റ എഐയെ ഉപയോഗിക്കാം. സ്ഥിരമായി മാന്വലായി ചെയ്യുന്ന പല ജോലികളും ഇനി എഐയെ ഏല്‍പ്പിക്കാം. ഇതിനായി പ്രത്യേക ടാസ്‌ക്കുകളും റിമൈന്‍ഡറുകളും സെറ്റ് ചെയ്യാനും ബിസിനസ്സിന്റെ പുരോഗതി കൃത്യമായി നിരീക്ഷിക്കാനും സാധിക്കും.

വലിയ ബഡ്ജറ്റും വലിയ ടീമുകളുമുള്ള വന്‍കിട കമ്പനികള്‍ക്ക് മാത്രം ലഭ്യമായിരുന്ന ഇത്തരം ആധുനിക ടൂളുകള്‍ ഇനി സാധാരണക്കാരായ ചെറുകിട കച്ചവടക്കാര്‍ക്കും ലഭ്യമാക്കുകയാണ് മെറ്റ. ബിസിനസ്സ് രംഗത്ത് എഐയുടെ ഉപയോഗം അതിവേഗം വളരുമ്പോള്‍, ഈ കുതിപ്പില്‍ ആരും പിന്നിലായിപ്പോകരുത് എന്ന് ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും മെറ്റ വ്യക്തമാക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

4 പേർ ഒരുമിച്ച് നിന്നാൽ ഡിസൈൻ പൂർണ്ണം! ഓണത്തിന് ട്രെൻഡായി ഈ കസവ് മുണ്ടുകളും ഷർട്ടുകളും
അയര്‍ലന്‍ഡില്‍ 440 ഏക്കറിൽ പുരാതന കൊട്ടാരം സ്വന്തമാക്കി മാര്‍ക്ക് സക്കര്‍ബര്‍ഗ്; മെറ്റ ആസ്ഥാനത്തിന് തൊട്ടരികെ പുതിയ താവളം