2025 ഓടെ ഇന്ത്യയിലെ 25 നഗരങ്ങളില്‍ മെട്രോ ട്രെയിൻ സർവീസുകൾ ലഭ്യമാകും: പ്രധാനമന്ത്രി നരേന്ദ്ര മോദി

By Web TeamFirst Published Dec 28, 2020, 7:36 PM IST
Highlights

നിലവിൽ രാജ്യത്ത് മെട്രോ കോച്ചുകൾ നിർമ്മിക്കുന്ന നാല് കമ്പനികളുണ്ട്, കൂടുതൽ കമ്പനികൾ മെട്രോ ഘടകങ്ങൾ നിർമ്മിക്കാനായി എത്തും. 

ദില്ലി: രാജ്യത്തെ 25 നഗരങ്ങളില്‍ 2025 ഓടെ മെട്രോ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ ആദ്യത്തെ ഡ്രൈവറില്ലാ ട്രെയിനിന്റെ പ്രവർത്തനങ്ങൾ വീഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ദില്ലി മെട്രോയുടെ മജന്താ ലൈനിലായിരിക്കും ഈ ട്രെയിൻ പ്രവർത്തിക്കുക. 

"2014 ൽ സർക്കാർ രൂപീകരിച്ചപ്പോൾ അഞ്ച് നഗരങ്ങളിൽ മാത്രമാണ് മെട്രോ സർവീസുകൾ ഉണ്ടായിരുന്നത്, ഇന്ന് 18 നഗരങ്ങളിൽ മെട്രോ റെയിൽ സർവീസുണ്ട്. 2025 ആകുമ്പോഴേക്കും ഈ സേവനം 25 ലധികം നഗരങ്ങളിലേക്ക് എത്തിക്കും," പ്രധാനമന്ത്രി പറഞ്ഞു.

നിലവിൽ രാജ്യത്ത് മെട്രോ കോച്ചുകൾ നിർമ്മിക്കുന്ന നാല് കമ്പനികളുണ്ട്, കൂടുതൽ കമ്പനികൾ മെട്രോ ഘടകങ്ങൾ നിർമ്മിക്കാനായി എത്തും. “മെയ്ക്ക് ഇൻ ഇന്ത്യയെയും സ്വാശ്രയ ഇന്ത്യയ്ക്കുള്ള പ്രചാരണത്തെയും ഇത് സഹായിക്കും,” പ്രധാനമന്ത്രി ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു.

രാജ്യത്തെ നിർമാണ മേഖലയിൽ ചെലവ് കുറയ്ക്കുന്നതിനും വിദേശനാണ്യം ലാഭിക്കുന്നതിനും രാജ്യത്തെ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി സഹായിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 
 

click me!