പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തിയാൽ സാമ്പത്തിക നേട്ടവും ഉണ്ടാകുമെന്ന് എസ്ബിഐ

By Web TeamFirst Published Oct 23, 2020, 8:35 AM IST
Highlights

ചെറുപ്രായത്തിൽ വിവാഹിതരാവുന്ന പെൺകുട്ടികളിൽ 25 ശതമാനം പേർ പോലും തൊഴിൽ വിപണിയിലേക്ക് എത്തുന്നില്ല. പുരുഷന്മാരെ അപേക്ഷിച്ച് ഇന്ത്യയിലെ സ്ത്രീകളുടെ ശരാശരി വേതനം 35 ശതമാനം കുറവാണ്. 

ദില്ലി: രാജ്യത്ത് പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്താനുള്ള പ്രധാനമന്ത്രിയുടെ നീക്കം സാമ്പത്തികമായും സാമൂഹികമായും നേട്ടമാകുമെന്ന് എസ്ബിഐ റിപ്പോർട്ട്. പ്രസവ സമയത്തെ മരണങ്ങൾ കുറയ്ക്കാനും, ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാനും കൂടുതൽ പെൺകുട്ടികൾ കോളേജിൽ പോകാനും സാമ്പത്തികമായി സ്വാതന്ത്ര്യം നേടാനും ഇത് സഹായകരമാകുമെന്നും എസ്ബിഐയിലെ സാമ്പത്തിക വിദഗ്ദ്ധ സൗമ്യ കാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോർട്ടിലുണ്ട്.

രാജ്യത്തെ പെൺകുട്ടികളുടെ ശരാശരി വിവാഹ പ്രായം 21 ആണെങ്കിലും 35 ശതമാനം പേർ ഇതിന് മുൻപേ വിവാഹിതരാകുന്നുണ്ട്. നിലവിൽ വിവാഹ പ്രായം 18 ആണ്. വിവാഹിതരാകുന്ന ലോകത്തെ മൂന്നിലൊന്ന് ബാലികമാർ ഉള്ള രാജ്യമാണ് ഇന്ത്യ. 100 ദശലക്ഷം പേർ 15 വയസിന് മുൻപ് വിവാഹിതരാകുന്നുവെന്നാണ് യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് റിപ്പോർട്ട്.

ചെറുപ്രായത്തിൽ വിവാഹിതരാവുന്ന പെൺകുട്ടികളിൽ 25 ശതമാനം പേർ പോലും തൊഴിൽ വിപണിയിലേക്ക് എത്തുന്നില്ല. പുരുഷന്മാരെ അപേക്ഷിച്ച് ഇന്ത്യയിലെ സ്ത്രീകളുടെ ശരാശരി വേതനം 35 ശതമാനം കുറവാണ്. ആഗോള തലത്തിൽ 16 ശതമാനത്തിന്റെ വ്യത്യാസമുണ്ട്. 

രാജ്യത്തെ പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുമെന്നാണ് കരുതുന്നത്. നിലവിൽ പുരുഷന്മാരുടെ വിവാഹപ്രായം 21 ആണ്. ഇതോടെ ഇന്ത്യയിലെ ബിരുദ ധാരികളായ സ്ത്രീകളുടെ എണ്ണത്തിൽ ഏഴ് ശതമാനം വർധനവുണ്ടാകും. നിലവിലിത് 9.8 ശതമാനമാണ്. 
 

click me!