
മുംബൈ: എണ്ണ, ടെലികോം, ടെക്സ്റ്റെയില്‍ തുടങ്ങിയ ഏതാണ്ട് എല്ലാ മേഖലയിലും സംരംഭങ്ങളുളള മുകേഷ് അംബാനി വ്യോമയാന രംഗത്തേക്ക് കടക്കാന്‍ ആലോചിക്കുന്നതായി ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങി പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്ന ജെറ്റ് എയര്‍വേസിനെ ഏറ്റെടുത്ത് വ്യോമയാന രംഗത്തേക്ക് കടക്കുന്നത് സംബന്ധിച്ച് അദ്ദേഹം സാധ്യതകള്‍ പരിശോധിച്ച് വരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍, നിലവില്‍ ജെറ്റിനായി താല്‍പര്യപത്രം സമര്‍പ്പിച്ചവരുടെ കൂട്ടത്തില്‍ അദ്ദേഹം ഉള്‍പ്പെട്ടിട്ടില്ല. ജെറ്റ് എയര്‍വേസ് ലേലത്തില്‍ ഇത്തിഹാദ് പങ്കെടുക്കുന്നുണ്ട്. നിലവില്‍ കമ്പനിയില്‍ 24 ശതമാനം ഓഹരി വിഹിതമുളള ഇത്തിഹാദ് അത് 49 ശതമാനത്തിലേക്ക് ഉയര്‍ത്താനാകും ശ്രമിക്കുക. ഇത്തിഹാദിനോടൊപ്പം ചേര്‍ന്ന് വ്യോമയാന രംഗത്തേക്ക് കടക്കുന്നതിനെപ്പറ്റിയും റിലയന്‍സ് സാധ്യതകള്‍ തേടുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍, ഇക്കാര്യത്തില്‍ മുകേഷ് അംബാനിയോ റിലയന്‍സ് ഇന്‍ഡസ്ട്രീസോ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.