അംബാനി ലോകത്തെ നാലാമത്തെ ഏറ്റവും വലിയ ധനികൻ: ഏഷ്യയിലും യൂറോപ്പിലും ഇനി എതിരാളികളില്ല

By Web TeamFirst Published Aug 8, 2020, 10:05 PM IST
Highlights

സമ്പത്തിന്റെ കാര്യത്തിൽ ഏഷ്യ, യൂറോപ്പ് എന്നിവടങ്ങളിൽ മുകേഷ് അംബാനിക്ക് എതിരാളികളില്ലാതായി. 

മുംബൈ: ബ്ലുംബർഗ് പുറത്തുവിട്ട ശതകോടീശ്വരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി നാലാം സ്ഥാനത്തേക്ക് ഉയർന്നു. എൽ‌വി‌എം‌എച്ച് ചെയർമാനും സിഇഒയുമായ ബെർണാഡ് അർനോൾട്ടിനെ മറികടന്നാണ് ലോകത്തെ ഏറ്റവും സമ്പന്നനായ നാലാമത്തെ വ്യക്തിയായി മുകേഷ് അംബാനി മാറിയത്. 

ഓഗസ്റ്റ് ഏഴിലെ കണക്കുകൾ പ്രകാരം മുകേഷ് അംബാനിയുടെ ആസ്തി 32.6 ദശലക്ഷം ഡോളർ ഉയർന്ന്, ആസ്തി ഇപ്പോൾ 80.6 ബില്യൺ ഡോളർ (6.04 ലക്ഷം കോടി രൂപ) ആയി. ഫ്രാൻസുകാരനായ  ബെർണാഡ് അർനോൾട്ട് യൂറോപ്പിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ്. ഇതോടെ സമ്പത്തിന്റെ കാര്യത്തിൽ ഏഷ്യ, യൂറോപ്പ് എന്നിവടങ്ങളിൽ മുകേഷ് അംബാനിക്ക് എതിരാളികളില്ലാതായി. 

റിലയൻസിന്റെ ടെലികോം വിഭാ​ഗമായ ജിയോയിലേക്ക് കഴിഞ്ഞ മാസങ്ങളിൽ വന്ന നിക്ഷേപങ്ങളാണ് അംബാനിയുടെ കുതിപ്പിന് കാരണമായത്. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസാണ് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ മനുഷ്യൻ. 187 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. രണ്ടാം സ്ഥാനം മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിന് 121 ബില്യൺ ഡോളർ ആസ്തിയുണ്ട്. ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗാണ് അംബാനിക്ക് തൊട്ടുമുകളിൽ സ്ഥാനമുളള ആൾ. 102 ബില്യണ്‍ ഡോളറാണ് സക്കർബർ​ഗിന്റെ ആസ്തി. 

click me!