മുംബൈക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ; മന്ത്രിസഭാ യോഗത്തിൽ പുതിയ തീരുമാനം

By Web TeamFirst Published Jan 22, 2020, 11:03 PM IST
Highlights

ഇന്ത്യയിലെ പ്രധാന വാണിജ്യ നഗരമായ മുംബൈക്ക് ഇനി ഉറക്കമില്ലാത്ത
രാത്രികൾ. 

മുംബൈ: ഇന്ത്യയിലെ പ്രധാന വാണിജ്യ നഗരമായ മുംബൈക്ക് ഇനി ഉറക്കമില്ലാത്തരാത്രികൾ. ഇവിടെ കടകളും ഷോപ്പിങ് മാളുകളും മൾട്ടിപ്ലക്സ് തിയേറ്ററുകളും എല്ലാ ദിവസവും 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്നതിന് സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് അനുമതി നൽകി.

ജനുവരി 27 മുതൽ പുതിയ തീരുമാനം നടപ്പിലാക്കപ്പെടും. സംസ്ഥാനത്തിന് കൂടുതൽ വരുമാനം ലഭിക്കാനും തൊഴിലസവരങ്ങൾ സൃഷ്ടിക്കാനും പുതിയ തീരുമാനത്തിലൂടെ സാധിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി ആദിത്യ താക്കറെ പ്രതികരിച്ചു. അതേസമയം ഇതൊരു നിർബന്ധ നിയമമല്ലെന്നും കടകൾ തുറന്നാൽ കൂടുതൽ കച്ചവടം നടക്കുമെന്ന് കരുതുന്നവർക്ക് കടകൾ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കുക മാത്രമാണെന്നും താക്കറെ പറഞ്ഞു.

ആദ്യ ഘട്ടത്തിൽ കടകൾ, ഭക്ഷണശാലക(, മാളുകൾക്ക് അകത്തെ തിയേറ്ററുകൾ, മില്ലുകൾ എന്നിവയ്ക്ക് തുറന്ന് പ്രവർത്തിക്കാനാവും. നരിമാൻ പോയിന്റ്, ബന്ദ്ര കുർള കോംപ്ലക്സ് എന്നിവിടങ്ങളിൽ റോഡിന്റെ ഒരു വശം ഫുഡ് ട്രക്കുകൾക്ക് പ്രവർത്തിക്കാനായി തുറന്ന് കൊടുക്കും. ഫുഡ് ഇൻസ്പെക്ടർമാർ ഇവയെ നിരീക്ഷിക്കും. മാലിന്യ സംസ്കരണം, ശബ്ദ മലിനീകരണം, ക്രമസമാധാനം തുടങ്ങിയ നിയമങ്ങൾ ലംഘിച്ചാൽ കടയുടമകൾക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുമെന്നും ശിവസേനാ നേതാവ് കൂടിയായ ആദിത്യ താക്കറെ പറഞ്ഞു.

ഇതോടെ രാത്രി മുഴുവൻ ഷോപ്പിങിനും സിനിമ കാണുന്നതിനും ഭക്ഷണം കഴിക്കുന്നതിനും മുംബൈയിൽ അവസരമൊരുങ്ങുകയാണ്. സിസിടിവി നിരീക്ഷണം കർശനമാക്കാനും പുതിയ സർക്കാർ ഉത്തരവിൽ ആവശ്യപ്പെടുന്നുണ്ട്.

click me!