
ടാറ്റാ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റാ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ പ്രതിഫലവും ചര്‍ച്ചാവിഷയമാവുകയാണ്. ചന്ദ്രശേഖരന്റെ പ്രതിഫലത്തില്‍ എട്ടു വര്‍ഷത്തിനിടെ മൂന്നിരട്ടിയോളം വര്‍ധനവാണ് ഉണ്ടായത്. 2018 സാമ്പത്തിക വര്‍ഷത്തില്‍ 55.11 കോടി രൂപയായിരുന്ന അദ്ദേഹത്തിന്റെ പ്രതിഫലം 2026 സാമ്പത്തിക വര്‍ഷത്തില്‍ 158.66 കോടി രൂപയായി ഉയര്‍ന്നു. ഏതാണ്ട് 188 ശതമാനത്തിന്റെ വര്‍ധനവാണ് ഈ കാലയളവില്‍ രേഖപ്പെടുത്തിയത്. ലാഭവിഹിതമായി ലഭിക്കുന്ന കമ്മിഷന്‍ തുകയിലുണ്ടായ വന്‍ വളര്‍ച്ചയാണ് അദ്ദേഹത്തിന്റെ മൊത്തം പ്രതിഫലം ഇത്രയധികം ഉയരാന്‍ പ്രധാന കാരണം. 2017 ഫെബ്രുവരി 21-നാണ് ചന്ദ്രശേഖരന്‍ ടാറ്റാ സണ്‍സ് ചെയര്‍മാനായി ചുമതലയേറ്റത്.
ചന്ദ്രശേഖരന്റെ ശമ്പള പാക്കേജില്‍ ഏറ്റവും വലിയ തുക വരുന്നത് കമ്പനിയുടെ ലാഭ വിഹിതത്തില്‍ നിന്നുള്ള കമ്മീഷന്‍ ഇനത്തിലാണ്. 2018 സാമ്പത്തിക വര്‍ഷത്തില്‍ 47 കോടി രൂപയായിരുന്നു അദ്ദേഹത്തിന് കമ്മീഷനായി ലഭിച്ചതെങ്കില്‍, 2026-ല്‍ ഇത് 140.69 കോടി രൂപയായി വര്‍ദ്ധിച്ചു. 2026-ലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം അടിസ്ഥാന ശമ്പളവും മറ്റ് അലവന്‍സുകളുമായി 17.97 കോടി രൂപയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇതിനൊപ്പമാണ് കമ്മീഷന്‍ തുകയായ 140.69 കോടി രൂപ കൂടി ലഭിച്ചത്. ബോര്‍ഡ് മീറ്റിംഗുകളില്‍ പങ്കെടുത്തതിനുള്ള സിറ്റിംഗ് ഫീസായി അദ്ദേഹം യാതൊരു തുകയും കൈപ്പറ്റിയിട്ടില്ല.
2018-ല്‍ 55.11 കോടിയായിരുന്ന പ്രതിഫലം 2019-ല്‍ 65.52 കോടി രൂപയായി ഉയര്‍ന്നു. തുടര്‍ന്ന് 2020, 2021 വര്‍ഷങ്ങളില്‍ ഇത് 58 കോടി രൂപയായിരുന്നു. പിന്നീട് 2022-ല്‍ 109 കോടി രൂപയായും 2023-ല്‍ 113 കോടി രൂപയായും ഈ തുക വര്‍ദ്ധിച്ചു. 2024-ല്‍ 135.32 കോടി രൂപയും 2025-ല്‍ 155.81 കോടി രൂപയുമായിരുന്ന ശമ്പളമാണ് നിലവില്‍ 158.66 കോടിയായി മാറിയിരിക്കുന്നത്. ടാറ്റാ സണ്‍സിന്റെ ബോര്‍ഡ് കോമ്പോസിഷന്‍ പട്ടികയില്‍ അദ്ദേഹത്തെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ശമ്പള പാക്കേജില്‍ ഏറ്റവും വലിയ മാറ്റം കൊണ്ടുവന്നത് കമ്മീഷന്‍ തുകയിലുണ്ടായ വര്‍ധനവാണ്. 2018-ലെ 47 കോടി രൂപയില്‍ നിന്ന് 2022-ല്‍ 94 കോടി രൂപയായും 2023-ല്‍ 100 കോടി രൂപയായും കമ്മീഷന്‍ ഉയര്‍ന്നു. 2024-ല്‍ 121.50 കോടിയായും 2025-ല്‍ 140.69 കോടിയായും ഇത് വര്‍ദ്ധിക്കുകയുണ്ടായി. 2026-ല്‍ കമ്മീഷന്‍ തുക 140.69 കോടി രൂപയായി തന്നെ തുടര്‍ന്നെങ്കിലും ശമ്പളവും മറ്റാനുകൂല്യങ്ങളും മുന്‍വര്‍ഷങ്ങളേക്കാള്‍ വര്‍ദ്ധിച്ച് 17.97 കോടി രൂപയിലെത്തി.