രണ്ടായിരം രൂപ അച്ചടി നിർത്തിയോ? കേന്ദ്ര സർക്കാറിന് പറയാനുള്ളത്

By Web TeamFirst Published Sep 19, 2020, 8:55 PM IST
Highlights

രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി നിർത്താനുള്ള തീരുമാനം ഇതുവരെ കൈക്കൊണ്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.

ദില്ലി: നോട്ട് നിരോധനത്തിന് പിന്നാലെയാണ് രാജ്യത്ത് ആദ്യമായി രണ്ടായിരം രൂപയുടെ കറൻസികൾ പ്രചാരത്തിൽ വന്നത്. എന്നാൽ അന്ന് മുതലേ പറഞ്ഞുകേൾക്കുന്ന ഒന്നാണ് ഈ രണ്ടായിരം രൂപ നോട്ടും അധികം വൈകാതെ നിരോധിക്കുമെന്ന്. അതിനാൽ തന്നെ രണ്ടായിരം നിരോധിച്ചോ ഇല്ലേ എന്ന ചോദ്യവും പലപ്പോഴും ഉയർന്നുവന്നിരുന്നു. ഇപ്പോഴിതാ വീണ്ടും രണ്ടായിരം രൂപ നോട്ട് നിരോധിച്ചുവെന്ന് കേൾക്കുന്നു. എന്നാൽ ഇതിന്റെ നിജസ്ഥിതി എന്താണെന്ന് ഇന്ന് രാജ്യസഭയിൽ കേന്ദ്രസർക്കാർ വിശദീകരിച്ചു.

കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് രാജ്യസഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടി നൽകിയത്. രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി നിർത്താനുള്ള തീരുമാനം ഇതുവരെ കൈക്കൊണ്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. നിശ്ചിത രൂപയുടെ നോട്ടുകളുടെ അച്ചടി റിസർവ് ബാങ്കുമായി ആലോചിച്ച് കേന്ദ്ര സർക്കാരാണ് കൈക്കൊള്ളുന്നത്. എന്നാൽ 2019-20, 2020-21 സാമ്പത്തിക വർഷങ്ങളിൽ ഇതുവരെയായി 2000 രൂപ അച്ചടിക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ അർത്ഥം അച്ചടി എന്നെന്നേക്കുമായി നിർത്തിയെന്നല്ലെന്നും അദ്ദേഹം പറഞ്ഞു.

2020 മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം 27398 ലക്ഷം 2000 രൂപയാണ് വിപണിയിലുള്ളത്. 2019 മാർച്ച് 31 ന് 32910 ലക്ഷം രണ്ടായിരം രൂപ നോട്ടുകളാണ് ഉണ്ടായിരുന്നത്. കൊവിഡിനെ തുടർന്ന് പ്രിന്റിങ് പ്രസുകളുടെ പ്രവർത്തനം നിർത്തിവച്ചിരുന്നതായി റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്. 
 

click me!