കരുത്തുചോര്‍ന്ന് 'ഒപെക്'; യുഎഇ പുറത്തേക്ക്, പിന്നാലെ കൂടുതല്‍ രാജ്യങ്ങള്‍? എണ്ണവിപണിയില്‍ ആശങ്ക

Published : Apr 30, 2026, 12:58 PM IST
uae exits opec plus hormuz crisis oil prices global impact energy market shift

Synopsis

ഉല്‍പാദന നിയന്ത്രണങ്ങളെച്ചൊല്ലിയുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് യുഎഇ ഒപെക് സഖ്യം വിടാന്‍ ഒരുങ്ങുന്നു. യുഎഇക്ക് പിന്നാലെ കസാക്കിസ്ഥാന്‍, നൈജീരിയ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളും കൂട്ടായ്മ വിട്ടേക്കുമെന്ന സൂചനകള്‍ ആഗോള എണ്ണ വിപണിയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഈ പിന്മാറ്റം എണ്ണവിലയില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമായേക്കാം.

ലോകത്തെ എണ്ണ വിപണിയെ നിയന്ത്രിക്കുന്ന കരുത്തരായ രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കില്‍ വിള്ളല്‍. സഖ്യത്തിലെ പ്രമുഖ രാജ്യമായ യുഎഇ അപ്രതീക്ഷിതമായി സംഘടന വിടാന്‍ തീരുമാനിച്ചതോടെ ആഗോള എണ്ണവിപണി അസ്ഥിരമാകുമോ എന്ന ആശങ്ക പരന്നിരിക്കുകയാണ്. യുഎഇക്ക് പിന്നാലെ മറ്റ് ചില രാജ്യങ്ങള്‍ കൂടി കൂട്ടായ്മ വിട്ടേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഉല്‍പാദന നിയന്ത്രണത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും പ്രാദേശികമായ രാഷ്ട്രീയ പ്രശ്‌നങ്ങളുമാണ് യുഎഇയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്.

എന്തുകൊണ്ട് യുഎഇ പുറത്തേക്ക്?

ഒപെക് നിശ്ചയിക്കുന്ന ഉല്‍പാദന പരിധി തങ്ങളുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്ക് വിഘാതമാകുന്നു എന്നാണ് യുഎഇയുടെ നിലപാട്. നിലവില്‍ യുഎഇക്ക് പ്രതിദിനം 43 ലക്ഷം ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ടെങ്കിലും ഒപെക് നിയന്ത്രണം കാരണം മാര്‍ച്ചില്‍ 23.7 ലക്ഷം ബാരല്‍ മാത്രമേ ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞുള്ളൂ. കൂടാതെ, ഒപെക് അംഗം കൂടിയായ ഇറാന്‍ നടത്തുന്ന മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളും ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങളും യുഎഇയുടെ എണ്ണക്കയറ്റുമതിയെ സാരമായി ബാധിച്ചിരുന്നു. വന്‍തുക മുടക്കി ഉല്‍പാദനശേഷി വര്‍ദ്ധിപ്പിച്ചിട്ടും അത് വിപണിയിലെത്തിക്കാന്‍ കഴിയാത്തത് യുഎഇയെ ചൊടിപ്പിച്ചു.

അടുത്തത് ആര്? വിടവാങ്ങാന്‍ ഒരുങ്ങി ഈ രാജ്യങ്ങളും

യുഎഇയുടെ വഴി തന്നെ കൂടുതല്‍ രാജ്യങ്ങള്‍ സ്വീകരിച്ചേക്കുമെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രധാനമായും മൂന്ന് രാജ്യങ്ങളാണ് ഇത്തരത്തില്‍ പുറത്തുപോകാന്‍ സാധ്യതയുള്ളത്:

കസാക്കിസ്ഥാന്‍: ഒപെക് നിശ്ചയിച്ച പരിധിയിലും കൂടുതല്‍ എണ്ണ നിരന്തരം ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് കസാക്കിസ്ഥാന്‍. അതുകൊണ്ടുതന്നെ നിലവിലെ നിയന്ത്രണങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി മാറി സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു.

നൈജീരിയ: ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണ ഉല്‍പാദകരായ നൈജീരിയ, തങ്ങളുടെ എണ്ണ സ്വന്തം നാട്ടില്‍ത്തന്നെ ശുദ്ധീകരിച്ച് ഉപയോഗിക്കാനുള്ള നീക്കത്തിലാണ്. 'ഡാങ്കോട്ടെ റിഫൈനറി' സജീവമാകുന്നതോടെ ആഗോള വിപണിയിലെ കയറ്റുമതിയേക്കാള്‍ ആഭ്യന്തര വിപണിക്കായിരിക്കും അവര്‍ മുന്‍ഗണന നല്‍കുക.

വെനസ്വേല: രാജ്യത്തെ ഭരണമാറ്റവും അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുന്നതും വഴി എണ്ണ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനാണ് വെനസ്വേലയുടെ നീക്കം. വിപണിയില്‍ കൂടുതല്‍ സജീവമാകാന്‍ ഒപെക് നിയന്ത്രണങ്ങള്‍ ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായേക്കും.

2019-ല്‍ ഖത്തറും, പിന്നീട് ഇക്വഡോറും, ഏറ്റവും ഒടുവിലായി 2024-ല്‍ അംഗോളയുമാണ് സംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. ചില രാജ്യങ്ങള്‍ ഉല്‍പാദന നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കുമ്പോള്‍ മറ്റുചിലര്‍ അത് ലംഘിക്കുന്നത് പതിവാണെന്നും, ഇതില്‍ മനംമടുത്താണ് പല രാജ്യങ്ങളും സംഘടന വിടാന്‍ ഒരുങ്ങുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇനി എന്ത് സംഭവിക്കും?

കൂട്ടായ്മയില്‍ നിന്ന് പ്രമുഖ രാജ്യങ്ങള്‍ വിട്ടുപോകുന്നത് എണ്ണവിലയില്‍ വന്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകും. നിലവില്‍ 2026 അവസാനം വരെ എണ്ണ ഉല്‍പാദനത്തില്‍ കുറവ് വരുത്താനാണ് ഒപെക് പ്ലസ് തീരുമാനം. എന്നാല്‍ അംഗങ്ങള്‍ ഓരോരുത്തരായി വിട്ടുപോയാല്‍ വിപണിയില്‍ എണ്ണയുടെ ഒഴുക്ക് കൂടുകയും വില കുറയുകയും ചെയ്‌തേക്കാം. അതേസമയം, കോവിഡ് കാലത്തെപ്പോലെ പ്രതിസന്ധി ഘട്ടങ്ങളില്‍ വിപണിയെ പിടിച്ചുനിര്‍ത്താന്‍ ഒപെക് അത്യാവശ്യമാണെന്ന് കരുതുന്നവരും വിപണിയിലുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കത്തിക്കയറി എണ്ണവില; വിപണിയില്‍ 'കരിനിഴല്‍': സെന്‍സെക്‌സ് 1000 പോയിന്റ് താഴ്ന്നു, രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച
പുകവലിക്കാര്‍ക്ക് വീണ്ടും '8' ന്റെ പണി; മെയ് മുതൽ ഓരോ സിഗരറ്റിനും എത്ര രൂപ കൊടുക്കേണ്ടി വരും? വില 17 ശതമാനം വരെ കൂടിയേക്കും