IT refund : ജനുവരി 10 വരെ 1.54 ലക്ഷം കോടി രൂപ റീഫണ്ട് നൽകിയെന്ന് ആദായ നികുതി വകുപ്പ്

By Web TeamFirst Published Jan 13, 2022, 6:22 PM IST
Highlights

ഒരു ലക്ഷം കോടി രൂപയോളമാണ് കോർപറേറ്റ് ടാക്സ് റീഫണ്ടായി നൽകിയത്. 2.21 ലക്ഷം ബിസിനസുകൾക്കാണ് തുക ലഭിച്ചത്.

ദില്ലി: നടപ്പ് സാമ്പത്തിക വർഷം ഇതുവരെ 1.54 ലക്ഷം കോടി രൂപ ആദായ നികുതി റീഫണ്ട് അനുവദിച്ചതായി കേന്ദ്ര ആദായ നികുതി വകുപ്പ് അറിയിച്ചു. 1.59 കോടിയിലധികം നികുതിദായകർക്കാണ് റീഫണ്ട് നൽകിയത്. ഇതിൽ വ്യക്തിഗത നികുതി ദായകർക്ക് ലഭിച്ച റീഫണ്ട് 53689 കോടി രൂപയാണ്. 1.56 കോടി നികുതിദായകർക്കാണ് ഈ തുക ലഭിച്ചത്.

ഒരു ലക്ഷം കോടി രൂപയോളമാണ് കോർപറേറ്റ് ടാക്സ് റീഫണ്ടായി നൽകിയത്. 2.21 ലക്ഷം ബിസിനസുകൾക്കാണ് തുക ലഭിച്ചത്. 2021-22 കാലത്ത് ലഭിച്ച, 2021 മാർച്ച് 31 വരെ അടച്ച നികുതിയുടെ റീഫണ്ട് മാത്രം 23406 കോടി രൂപ വരും. 1.20 കോടിയോളം അപേക്ഷകർക്കാണ് ഈ തുക അനുവദിച്ചത്. ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി കേന്ദ്രസർക്കാർ മാർച്ച് 15 വരെ നീട്ടി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി ഇത് മൂന്നാം തവണയാണ് നീട്ടുന്നത്.

ജൂലൈ 31 വരെയാണ് പതിവായി ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം. ഇത് ഇക്കുറി ആദ്യം സെപ്തംബർ 30 ലേക്ക് നീട്ടിയിരുന്നു. സെപ്തംബർ മാസത്തിൽ പുറപ്പെടുവിച്ച ഉത്തരവിൽ റിട്ടേൺ സമർപ്പിക്കാൻ ഡിസംബർ 31 വരെ സമയം നീട്ടി നൽകി. ഇതാണ് മാർച്ച് 15 വരെ വീണ്ടും നീട്ടിയിട്ടിരിക്കുന്നത്.

ഇതുവരെ വൈകി സമർപ്പിക്കുന്ന ഐടി റിട്ടേൺ അപേക്ഷയ്ക്കുള്ള പിഴ 10000 രൂപയായിരുന്നു. ഇത് 5000 രൂപയാക്കി കുറച്ചിട്ടുണ്ട്. വേതനം ആദായ നികുതി പരിധിക്ക് താഴെയാണെങ്കിൽ റിട്ടേൺ സമർപ്പിക്കാൻ വൈകിയാലും പിഴ ഈടാക്കില്ല. എന്നാൽ തീയതി നീട്ടിയതോടെ ആദായ നികുതി പരിധിക്ക് മുകളിലുള്ളവർക്കും ഇനി പിഴയടക്കേണ്ടതില്ല.

അതേസമയം ഇൻകം ടാക്സ് വെബ്സൈറ്റിൽ റിട്ടേൺ ഫയൽ ചെയ്യുന്നതിന് സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നതായുള്ള പരാതികളും ശക്തമായിരുന്നു. പലർക്കും റിട്ടേൺ സമർപ്പിക്കാനായിരുന്നില്ല. ഇവരെല്ലാം സമയപരിധി നീട്ടണമെന്ന് കേന്ദ്രത്തോട് ദിവസങ്ങളായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാൽ കേന്ദ്രസർക്കാർ തീയതി നീട്ടേണ്ടെന്ന നിലപാടിലാണ് എത്തിയതോടെ വലിയ വിഭാഗം നിരാശയിലായിരുന്നു. പക്ഷെ കേന്ദ്രസർക്കാരിന് ജനത്തിന്റെ ആവശ്യത്തിന് മുന്നിൽ വഴങ്ങേണ്ടി വന്നു.
 

click me!