എസ്ബിഐയുടെ പദ്മകുമാർ എം നായർ നാഷണൽ എആർസിയുടെ പുതിയ സിഇഒ

By Web TeamFirst Published May 12, 2021, 5:37 PM IST
Highlights

ബാങ്കുകളിൽ നിന്ന് കിട്ടാക്കടങ്ങൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമ രൂപീകരണം അടക്കമുള്ള കാര്യങ്ങൾ ഇദ്ദേഹത്തിന്റെയും സംഘത്തിന്റെയും ചുമതലയായിരിക്കുമെന്നാണ് ബിസിനസ് സ്റ്റാന്റേർഡ് റിപ്പോർട്ട് ചെയ്യുന്നത്. 

മുംബൈ: എസ്ബിഐ ചീഫ് ജനറൽ മാനേജറായ പദ്മകുമാർ എം നായരെ കേന്ദ്രസർക്കാർ നാഷണൽ അസറ്റ് റികൺസ്ട്രക്ഷൻ കമ്പനിയുടെ (എൻഎആർസി) സിഇഒ ആയി നിയമിച്ചതായി റിപ്പോർട്ട്. സിഎൻബിസി ടിവി18നാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ബാഡ് ബാങ്കിന്റെ ഇന്ത്യൻ വകഭേദമായ എൻഎആർസി 2021 ലെ യൂണിയൻ ബജറ്റിൽ നിർമ്മല സീതാരാമൻ മുന്നോട്ട് വച്ച ആശയമാണ്. 

പൊതുമേഖലയിലെ ബാങ്കിങ് ഇതര വായ്പാ ദാതാക്കളാവും ഇതിന്റെ പ്രധാന ഗുണഭോക്താക്കൾ. കിട്ടാക്കടങ്ങൾ എൻഎആർസിക്ക് വിടുന്ന കാര്യത്തിൽ ഇന്ത്യൻ ബാങ്ക് അസോസിയേഷൻ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അടുത്ത മാസം എൻഎആർസിയുടെ പ്രവർത്തനം തുടങ്ങാനാണ് തീരുമാനം.

2020 ഏപ്രിൽ മുതൽ എസ്ബിഐയിലെ സ്ട്രസ്‌ഡ് അസറ്റ് റസല്യൂഷൻ ഗ്രൂപ്പിന്റെ ചീഫ് ജനറൽ മാനേജറായി പ്രവർത്തിച്ച് വരികയായിരുന്നു പദ്മകുമാർ നായർ. ഇതിന് മുൻപ് ഇതേ വിഭാഗത്തിൽ 2017 മുതൽ ജനറൽ മാനേജറായി പ്രവർത്തിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കോർപറേറ്റ് ബാങ്കിങ് രംഗത്ത് പ്രവർത്തിച്ച അനുഭവ സമ്പത്താണ് പദ്മകുമാർ നായരുടെ കരുത്ത്.

ബാങ്കുകളിൽ നിന്ന് കിട്ടാക്കടങ്ങൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമ രൂപീകരണം അടക്കമുള്ള കാര്യങ്ങൾ ഇദ്ദേഹത്തിന്റെയും സംഘത്തിന്റെയും ചുമതലയായിരിക്കുമെന്നാണ് ബിസിനസ് സ്റ്റാന്റേർഡ് റിപ്പോർട്ട് ചെയ്യുന്നത്. 

നിലവിലെ ബാങ്കിങ് രംഗത്ത് ധനകാര്യ സ്ഥാപനങ്ങൾക്ക് കൂടുതൽ സഹായം ലഭ്യമാക്കുകയാണ് എൻഎആർസിയുടെ ലക്ഷ്യം. ആസ്തികൾ ഏറ്റെടുത്ത് ഇവ നവീകരിച്ച് മിതമായ നിരക്കിൽ വിൽക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!