കാലാവധിയെത്തുന്നതിന് മുമ്പ് എഫ്‌ഡി പിന്‍വലിക്കാന്‍ പ്ലാനുണ്ടോ; ബാങ്കുകൾ ഈടക്കുന്ന പിഴ ഇതാണ്

Published : Feb 18, 2025, 03:48 PM IST
കാലാവധിയെത്തുന്നതിന് മുമ്പ് എഫ്‌ഡി പിന്‍വലിക്കാന്‍ പ്ലാനുണ്ടോ; ബാങ്കുകൾ ഈടക്കുന്ന പിഴ ഇതാണ്

Synopsis

കാലാവധി എത്തുന്നതിനു മുന്‍പ് സ്ഥിരനിക്ഷേപങ്ങള്‍ പിന്‍വലിക്കുന്ന ആളുകള്‍ക്ക് പല ബാങ്കുകളും പലനിരക്കിലുള്ള പിഴയാണ് ചുമത്തുന്നത്. സാധാരണയായി ഇത് അര ശതമാനം മുതല്‍ ഒരു ശതമാനം വരെയാണ്.

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ആറര ശതമാനത്തില്‍ നിന്ന് ആറേകാല്‍ ശതമാനമാക്കി കുറച്ചതോടെ ബാങ്കുകള്‍ സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശയിലും അതനുസരിച്ചുള്ള കുറവ് വരുത്തിയേക്കും. പലിശ നിരക്ക് കുറയ്ക്കുന്നതില്‍ നിന്ന് രക്ഷപ്പെടാനുള്ള പ്രധാനപ്പെട്ട മാര്‍ഗങ്ങളില്‍ ഒന്നായി പലരും തിരഞ്ഞെടുക്കുന്നത് നിലവിലുള്ള സ്ഥിരനിക്ഷേപങ്ങള്‍ പിന്‍വലിച്ച് ഉയര്‍ന്ന പലിശ നിരക്കുള്ള ദീര്‍ഘകാലത്തെ നിക്ഷേപങ്ങളിലേക്ക് മാറ്റുക എന്നതാണ്. പക്ഷേ ബാങ്കുകള്‍ പലപ്പോഴും ഇങ്ങനെ കാലാവധി എത്തുന്നതിന് മുന്‍പ് സ്ഥിരനിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിന് പിഴ ഈടാക്കാറുണ്ട്. എന്നാല്‍ അതേ ബാങ്കിന്‍റെ ദീര്‍ഘകാലത്തെ സ്ഥിരനിക്ഷേപ പദ്ധതികളിലേക്കാണ് നിക്ഷേപം മാറ്റുന്നതെങ്കില്‍ ഇത്തരത്തിലുള്ള പിഴ ബാങ്കുകള്‍ ഒഴിവാക്കി നല്‍കാറുണ്ട്. അതുകൊണ്ടുതന്നെ സ്ഥിരനിക്ഷേപം നടത്തിയ ആളുകള്‍ അവരുടെ നിക്ഷേപം പിന്‍വലിച്ച് മറ്റ് നിക്ഷേപങ്ങളിലേക്ക് മാറ്റുന്നതിന് മുമ്പ് ബാങ്കുകള്‍ ഏര്‍പ്പെടുത്തുന്ന പിഴ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ അറിഞ്ഞിരിക്കണം.

കാലാവധി എത്തുന്നതിനു മുന്‍പ് സ്ഥിരനിക്ഷേപങ്ങള്‍ പിന്‍വലിക്കുന്ന ആളുകള്‍ക്ക് പല ബാങ്കുകളും പലനിരക്കിലുള്ള പിഴയാണ് ചുമത്തുന്നത്. സാധാരണയായി ഇത് അര ശതമാനം മുതല്‍ ഒരു ശതമാനം വരെയാണ്. ഇങ്ങനെ രാജ്യത്തെ പ്രധാനപ്പെട്ട ബാങ്കുകള്‍ ഈടാക്കുന്ന പിഴയുടെ നിരക്കുകള്‍  എത്രയാണെന്ന് പരിശോധിക്കാം.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് ആയ എസ് ബി ഐ അവരുടെ 5 ലക്ഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ കാലാവധി എത്തുന്നതിന് മുന്‍പേ പിന്‍വലിച്ചാല്‍ അര ശതമാനം പിഴ ഈടാക്കും. 5 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്കാണെങ്കില്‍ 1% ആണ് പിഴ. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് ആയ എച്ച്ഡിഎഫ്സി ബാങ്ക് അവരുടെ സ്ഥിരനിക്ഷേപങ്ങള്‍ കാലാവധി എത്തുന്നതിന് മുന്‍പ് പിന്‍വലിക്കുകയാണെങ്കില്‍ ബാങ്ക് വാഗ്ദാനം ചെയ്ത പലിശ നിരക്കിനേക്കാള്‍ 1% കുറവോടെയുള്ള പലിശയായിരിക്കും നല്‍കുക.

മറ്റൊരു പൊതു മേഖല ബാങ്ക് ആയ പഞ്ചാബ് നാഷണല്‍ ബാങ്ക് ഏത് കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങള്‍ ആണെങ്കിലും അത് ഭാഗികമായോ കാലാവധി എത്തുന്നതിന് മുന്‍പോ പിന്‍വലിക്കുകയാണെങ്കില്‍ 1% പിഴപ്പലിശ ഈടാക്കും. അതായത് ബാങ്ക് വാഗ്ദാനം നല്‍കിയ സ്ഥിരനിക്ഷേപ പലിശ എത്രയാണോ അതില്‍ നിന്ന് 1% കുറച്ചായിരിക്കും പലിശ നല്‍കുക. ഐസിഐസിഐ ബാങ്ക് അഞ്ചുകോടി രൂപയില്‍ താഴെയുള്ള നിക്ഷേപം ഒരു വര്‍ഷത്തിന്‍റെ മുമ്പ് പിന്‍വലിച്ചാല്‍ അരശതമാനം പിഴയും, ഒരു മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള പിന്‍വലിക്കലുകള്‍ക്ക് 1% പിഴയും ചുമത്തും. അഞ്ചു വര്‍ഷത്തിനുശേഷം പണം പിന്‍വലിക്കുമ്പോള്‍ ഒന്നുമുതല്‍ ഒന്നര ശതമാനം വരെയാണ് പിഴ.

 മറ്റൊരു പൊതുമേഖലാ ബാങ്ക് ആയ കനറാ ബാങ്ക് മൂന്നു കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ ഭാഗികമായി പിന്‍വലിക്കുകയാണെങ്കില്‍ 1% പിഴ ഈടാക്കും. സ്വകാര്യ ബാങ്കായ യെസ് ബാങ്ക്, 181 ദിവസത്തിന് മുന്‍പ് എഫ്ഡി പിന്‍വലിക്കുകയാണെങ്കില്‍ മുക്കാല്‍ ശതമാനം പിഴ ചുമത്തും 182 ദിവസമോ അതില്‍ കൂടുതലോ ദിവസങ്ങളോ കഴിഞ്ഞാല്‍ ഒരു ശതമാനമാണ് പിഴ.

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ