രാജ്യത്ത് പെട്രോൾ ഡീസൽ ഉപഭോഗത്തിൽ വീണ്ടും വൻ ഇടിവ്

By Web TeamFirst Published Jul 18, 2020, 8:11 AM IST
Highlights

പെട്രോൾ വിൽപ്പനയിൽ ജൂൺ മാസത്തെ അപേക്ഷിച്ച് ജൂലൈ ആദ്യ പകുതിയിൽ 6.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. 8.80 ലക്ഷം ടണ്ണിലേക്കാണ് വിൽപ്പന ഇടിഞ്ഞത്.

ദില്ലി: രാജ്യത്തെ ഇന്ധന ഉപഭോഗം താഴേക്കെന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്ക്. ജൂലൈ മാസത്തിലെ ആദ്യ 15 ദിവസത്തിലെ കണക്ക് തൊട്ടുമുൻപത്തെ മാസത്തിലെ ആദ്യ പകുതിയിലെ കണക്കുമായി താരതമ്യം ചെയ്ത റിപ്പോർട്ടാണിത്.

പൊതുമേഖലാ റിഫൈനറികളുടെ ഡീസൽ വിൽപ്പന ജൂലൈ മാസത്തിലെ ആദ്യ പകുതിയിൽ, ജൂണിലെ ഇതേ കാലയളവിലെ വിൽപ്പനയെ അപേക്ഷിച്ച്, 18 ശതമാനം ഇടിഞ്ഞ് 2.2 ദശലക്ഷം ടണ്ണിലെത്തി. മുൻവർഷത്തെ ഇതേ കാലയളവിലേതിനേക്കാൾ 21 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

പെട്രോൾ വിൽപ്പനയിൽ ജൂൺ മാസത്തെ അപേക്ഷിച്ച് ജൂലൈ ആദ്യ പകുതിയിൽ 6.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. 8.80 ലക്ഷം ടണ്ണിലേക്കാണ് വിൽപ്പന ഇടിഞ്ഞത്. മുൻവർഷത്തെ അപേക്ഷിച്ച് 12 ശതമാനമാണ് ഇടിവ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റേതാണ് കണക്ക്. 

വില വർധനവും രാജ്യത്തിന്റെ പല ഭാഗത്തും തുടരുന്ന ലോക്ക്ഡൗണുമാണ് ഉപഭോഗം കുറയാൻ കാരണം. ലോകത്തെ മൂന്നാമത്തെ വലിയ ഇന്ധന ഇറക്കുമതി രാഷ്ട്രമാണ് ഇന്ത്യ. ഉപഭോഗത്തിലും ലോകത്തെ മൂന്നാമത്തെ വലിയ രാജ്യമാണ്.

click me!