ഇന്ധനവില കുതിക്കുന്നു; ആറ് ദിവസം തുടർച്ചയായി വില വർധിച്ചു

By Web TeamFirst Published Sep 22, 2019, 12:31 PM IST
Highlights

ദിവസവും ഇന്ധനവില പരിഷ്കരിക്കാൻ ആരംഭിച്ച ശേഷം തുടർച്ചയായി ഉണ്ടായ ഏറ്റവും വലിയ വർധനവാണിത്

ദില്ലി: സൗദി അറേബ്യയിലെ അരാംകോയിലുണ്ടായ ആക്രമണത്തിന് പിന്നാലെ ആറ് ദിവസം കൊണ്ട് എണ്ണവിലയിലുണ്ടായത് വൻ വർധന. പെട്രോൾ വില 1.59 രൂപയും ഡീസൽ വില 1.31 രൂപയും വർധിച്ചു. ദിവസവും ഇന്ധനവില പരിഷ്കരിക്കാൻ ആരംഭിച്ച ശേഷം തുടർച്ചയായി ഉണ്ടായ ഏറ്റവും വലിയ വർധനവാണിത്.

ഇന്ന് പെട്രോൾ വിലയിൽ 27 പൈസയുടെ വർധനവാണ് ഉണ്ടായത്. ഡീസൽ വിലയിൽ 18 പൈസയുടെ വർധനവും ഉണ്ടായി. സെപ്‌തംബർ 17 മുതലാണ് എണ്ണവില വർധിക്കാൻ തുടങ്ങിയത്.

സൗദിയിലെ പ്രധാന എണ്ണക്കമ്പനിയായ അരാംകോ എണ്ണ ഉത്പാദനം നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണം. സൗദിയിലെ എണ്ണ ഉത്പാദനം പകുതിയായി കുറഞ്ഞതും വിലകൂടിയതും ഇന്ത്യയെയും സാരമായി ബാധിക്കും.

ദിവസേന 50 ലക്ഷം ബാരൽ എണ്ണ പമ്പു ചെയ്യാൻ ശേഷിയുള്ള 1200 കിലോമീറ്റർ നീളമുള്ള പ്രധാന പൈപ്പ്‍ലൈനിനു നേരെയായിരുന്നു ആക്രമണം. ഇതിലൂടെയുള്ള എണ്ണ പംമ്പിങ് താൽകാലികമായി നിർത്തിവച്ചിരിക്കുകയാണ്. ദിവസേന ഏഴു ദശലക്ഷം ബാരൽ എണ്ണ ഉത്പാദിപ്പിക്കാനുള്ള ശേഷി പ്ലാന്‍റിനുണ്ടായിരുന്നു. അപകടത്തോടെ ഇത് അഞ്ച് ദശലക്ഷം ബാരലായി കുറഞ്ഞു. 

പ്രതിദിനം പത്തുലക്ഷം ബാരല്‍ വരെയാണ് ആഗോള വിപണയിലേക്ക് സൗദി എണ്ണ വിതരണം ചെയ്യുന്നത്. അബ്ഖൈക് പ്ലാൻറില്‍ ഉൽപാദനം താല്‍ക്കാലികമായി നിര്‍ത്തിയതോടെ 5.7 ദശലക്ഷം ബാരലാണ് വിതരണത്തിലെ കുറവ് കണക്കാക്കുന്നത്. 

click me!