Petrol Price| പെട്രോളിന് ഏറ്റവും കൂടുതൽ വില കുറച്ചത് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനം, ഡീസൽ വാങ്ങാൻ നല്ലത് ലഡാക്ക്

By Web TeamFirst Published Nov 15, 2021, 3:04 PM IST
Highlights

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പഞ്ചാബിൽ പെട്രോളിന്റെ വിലയിൽ ലിറ്ററിന് 16.02 രൂപ കുറവുണ്ടായി. പെട്രോളിന് 11.27 രൂപയാണ് പഞ്ചാബ് വാറ്റ് കുറച്ചത്

ദില്ലി: രാജ്യത്ത് നികുതിയിളവ് നടപ്പിലാക്കി പെട്രോളിന്റെ വില കുത്തനെ കുറച്ച് കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ്. സംസ്ഥാനത്തെ മൂല്യ വർധിത നികുതി കുത്തനെ കുറച്ചതാണ് ഇതിന് കാരണം. ഡീസലിന് ഏറ്റവും കുറവ് വില കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിലാണ്. കേന്ദ്രസർക്കാർ എക്സൈസ് നികുതിയിൽ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കുറച്ചതിന് പിന്നാലെ രാജ്യത്തെ 25 ഓളം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മൂല്യവർധിത നികുതിയിൽ കുറവ് വരുത്തിയിരുന്നു. 

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പഞ്ചാബിൽ പെട്രോളിന്റെ വിലയിൽ ലിറ്ററിന് 16.02 രൂപ കുറവുണ്ടായി. പെട്രോളിന് 11.27 രൂപയാണ് പഞ്ചാബ് വാറ്റ് കുറച്ചത്. ഉത്തർപ്രദേശിൽ അതേസമയം 6.96 രൂപയാണ് വാറ്റ് കുറച്ചത്. ഡീസലിന് ലഡാക്കിൽ 13.43 രൂപയും കർണാടകത്തിൽ 13.35 രൂപയും ലിറ്ററിന് കുറഞ്ഞു.

ഗുജറാത്തിൽ പെട്രോളിന്റെ വാറ്റ് 6.82 രൂപ കുറച്ചു. ഒഡീഷയിൽ 4.55 രൂപയും ബിഹാറിൽ 3.21 രൂപയും പെട്രോളിന്റെ വിലയിൽ വാറ്റിൽ കുറവ് വരുത്തി. ഡീസലിന് കർണാടകം 9.30 രൂപയാണ് വാറ്റ് കുറച്ചത്. പുതുച്ചേരിയിൽ 9.02 രൂപയും വാറ്റ് കുറച്ചു. പഞ്ചാബാകട്ടെ ഡീസൽ വാറ്റ് 6.77 രൂപയാണ് ലിറ്ററിന് കുറവ് വരുത്തിയത്. ഉത്തർപ്രദേശിൽ യോഗി സർക്കാർ 2.04 രൂപയാണ് ഒരു ലിറ്റർ ഡീസൽ വിലയിൽ വാറ്റ് കുറച്ചത്.

ഒഡിഷ - 3.91, മധ്യപ്രദേശ് - 6.96, ബിഹാർ - 3.91, ഹരിയാന - 2.04, ഉത്തരാഖണ്ഡ് 2.04 എന്നിങ്ങനെയാണ് ഒരു ലിറ്റർ ഡീസൽ വിലയിലെ മൂല്യവർധിത നികുതിയിൽ മറ്റ് സംസ്ഥാനങ്ങൾ വരുത്തിയ ഇളവ്. അതേസമയം ഇനിയും മൂല്യവർധിത നികുതി പെട്രോളിനും ഡീസലിനും കുറയ്ക്കാത്തത് രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, മഹാരാഷ്ട്ര, ഝാർഖണ്ഡ്, തമിഴ്നാട്, ദില്ലി, പശ്ചിമ ബംഗാൾ, കേരള, തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളാണ്. 

അതേസമയം സംസ്ഥാനങ്ങൾ മൂല്യവർധിത നികുതി ചുമത്തുന്നത് എക്സൈസ് തീരുവ അടക്കമുള്ള ഇന്ധനവിലയ്ക്ക് മുകളിലായതിനാൽ കേന്ദ്രസർക്കാർ കുറച്ച വിലയേക്കാൾ കൂടുതലാണ് എല്ലാ സംസ്ഥാനങ്ങളിലും വിലയിലുണ്ടായ മാറ്റം. കേന്ദ്രം എക്സൈസ് നികുതി കുറച്ചതിന് ശേഷം കഴിഞ്ഞ 11 ദിവസമായി രാജ്യത്ത് ഇന്ധന വിലയിൽ മാറ്റമുണ്ടായിട്ടില്ല.  

click me!