നീണ്ട ചർച്ചകൾ ഫലം കാണുന്നു; ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ഉടനെന്ന് പിയൂഷ് ഗോയൽ

By Web TeamFirst Published Jul 22, 2020, 8:03 AM IST
Highlights

തുടർച്ചയായ രണ്ടാം വർഷമാണ് അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിൽ സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാകുന്നതിനാൽ വ്യാപാര കരാർ ഏറെ ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

ദില്ലി: രണ്ട് വർഷത്തെ ചർച്ചകൾക്ക് ശേഷം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ അന്തിമ ഘട്ടത്തിലേക്ക് എത്തിയതായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിലിന്റെ ഇന്ത്യ ഐഡിയ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ അമേരിക്കയാണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. തുടർച്ചയായ രണ്ടാം വർഷമാണ് അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിൽ സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാകുന്നതിനാൽ വ്യാപാര കരാർ ഏറെ ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

വാണിജ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2019-20 സാമ്പത്തിക വർഷത്തിലെ ഉഭയകക്ഷി വ്യാപാരം 88.75 ബില്യൺ ഡോളറിന്റേതായിരുന്നു. 2018-19 ൽ 87.96 ബില്യൺ ഡോളറായിരുന്നത് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വർധിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാര വിടവ് വർധിച്ചിട്ടുണ്ട്. 17.42 ബില്യൺ ഡോളറാണ് ഇപ്പോഴത്തെ വിടവ്. അമേരിക്കയെ അപേക്ഷിച്ച് ഇന്ത്യക്കാണ് ഈ വ്യാപാര ബന്ധത്തിൽ മേൽക്കോയ്മ.

നേരത്തെ ചൈനയായിരുന്നു ഇന്ത്യയുടെ വലിയ വ്യാപാര പങ്കാളി. 2018-19 കാലത്താണ് അമേരിക്ക ഇത് മറികടന്നത്. ചൈനയുമായുള്ള വ്യാപാര ബന്ധം 2018-19 ൽ 87.08 ബില്യൺ ഡോളറായിരുന്നത് 2019-20 ൽ 81.87 ബില്യൺ ഡോളറായി മാറി.

click me!