ആസൂത്രണ ബോര്‍ഡിന്‍റെ രാജ്യാന്തര സമ്മേളനം: വ്യവസായ നിക്ഷേപ സാധ്യതകള്‍ സംസ്ഥാനം അവതരിപ്പിക്കും

By Web TeamFirst Published Jan 25, 2021, 12:32 PM IST
Highlights

സമ്മേളനത്തിലൂടെ ലഭ്യമാകുന്ന മികച്ച നിര്‍ദേശങ്ങള്‍ക്കനുസൃതമായി സംസ്ഥാന സമ്പദ് വ്യവസ്ഥയുടെ സുപ്രധാന മേഖലകള്‍ നവീകരിക്കാനും ലക്ഷ്യമിടുന്നുണ്ട്.
 

തിരുവനന്തപുരം: വ്യാവസായിക മേഖലയിലെ വന്‍നിക്ഷേപ സാധ്യതകള്‍ തുറന്നുകാട്ടി രാജ്യത്തിനകത്തും പുറത്തും നിന്ന് നിക്ഷേപം ആകര്‍ഷിക്കാന്‍ സംസ്ഥാനം ഒരുങ്ങുന്നു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിക്കുന്ന ത്രിദിന രാജ്യാന്തര സമ്മേളനത്തിലാണ് നേതാക്കള്‍ക്കും മേഖലയിലെ പ്രമുഖര്‍ക്കും പങ്കാളികള്‍ക്കും മുന്നില്‍ കേരളത്തിന്‍റെ നിക്ഷേപസാധ്യതകള്‍ അനാവരണം ചെയ്ത് വന്‍കിട നിക്ഷേപങ്ങള്‍ തേടുന്നത്. 

ഫെബ്രുവരി ഒന്ന് മുതല്‍ മൂന്ന് വരെ 'ഭാവി വീക്ഷണത്തോടെ കേരളം' എന്ന പ്രമേയത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന സമ്മേളനം നയപരമായ ഇടപെടലുകളുടെ പിന്തുണയോടെ  സംസ്ഥാനത്ത് അനായാസം ബിസിനസ് ചെയ്യാനാകുമെന്ന വസ്തുത വിളിച്ചോതും. കൂടാതെ സമ്മേളനത്തിലൂടെ ലഭ്യമാകുന്ന മികച്ച നിര്‍ദേശങ്ങള്‍ക്കനുസൃതമായി സംസ്ഥാന സമ്പദ് വ്യവസ്ഥയുടെ സുപ്രധാന മേഖലകള്‍ നവീകരിക്കാനും ലക്ഷ്യമിടുന്നുണ്ട്.

'ആധുനിക വ്യവസായ സാധ്യതകള്‍' എന്ന വിഷയത്തില്‍ ഫെബ്രുവരി 2ന്  നടക്കുന്ന സെഷനില്‍ സാങ്കേതിക മുന്നേറ്റമുള്ള മേഖലകളിലെ ഉത്പ്പാദനത്തിനാണ് പ്രാമുഖ്യം.  ലൊജിസ്റ്റ്കിസ് - തുറമുഖ അധിഷ്ഠിത വ്യവസായ വികസനം, കാര്‍ഷികാധിഷ്ഠിത ഭക്ഷ്യ സംസ്കരണം, പെട്രോകെമിക്കല്‍ കോംപ്ലക്സ്, വ്യവസായ പാര്‍ക്കുകളും ഇടനാഴികളും, സംരംഭകത്വപോഷണം, സ്വകാര്യമേഖലയിലെ വ്യാവസായിക വളര്‍ച്ചയുടെ മാര്‍ഗനിര്‍ദേശകര്‍ എന്ന നിലയില്‍ പൊതുമേഖലാസ്ഥാപനങ്ങളെ ഉയര്‍ത്തുക, പരമ്പരാഗത വ്യവസായ നവീകരണം തുടങ്ങിയവയും സെഷനില്‍ ചര്‍ച്ച ചെയ്യും.

വ്യാവസായിക വികസനം പ്രോത്സാഹിപ്പിക്കുന്നതിലെ  ദക്ഷിണകൊറിയന്‍ അനുഭവത്തെക്കുറിച്ചും വികസിച്ചുവരുന്ന ആഗോളചട്ടക്കൂടില്‍ കേരളത്തിന്‍റെ സാമ്പത്തിക വളര്‍ച്ചാ സാധ്യതകളെക്കുറിച്ചും യോന്‍സെ യൂണിവേഴ്സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫ്യൂച്ചര്‍ ഗവണ്‍മെന്‍റ് സ്റ്റഡീസ് ഡയറക്ടര്‍ പ്രൊഫ.മ്യുങ്ജെ മൂണ്‍ സംസാരിക്കും. സമ്മേളനത്തിന്‍റെ ആദ്യ ദിനത്തില്‍ സാമ്പത്തിക നൊബേല്‍ ജേതാവ് ജോസഫ് സ്റ്റിഗ്ലിറ്റ്സും ഡബ്ല്യുഎച്ച്ഒ ചീഫ് സയന്‍റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥനും പങ്കെടുക്കും. സമാപന ദിനത്തില്‍ പ്രത്യേക വ്യവസായ സെഷന്‍ നടക്കും.

click me!