കേന്ദ്രത്തിന്റെ ഉദ്ദേശം എളുപ്പത്തിൽ നടക്കില്ല; സമരത്തിനൊരുങ്ങി ബാങ്ക് ജീവനക്കാരുടെ സംഘടന

By Web TeamFirst Published Nov 22, 2021, 9:50 PM IST
Highlights

പാർലമെന്റിന്റെ ശൈത്യകാല സമ്മേളന സമയത്ത് പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനെതിരെ ബാങ്ക് ജീവനക്കാർ സമരത്തിന്

ദില്ലി: പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സമരത്തിനൊരുങ്ങി ബാങ്ക് ജീവനക്കാരുടെ സംഘടന. ഓൾ ഇന്ത്യ ബാങ്ക് ഓഫീസേർസ് കോൺഫെഡറേഷനാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. പാർലമെന്റിന്റെ ശൈത്യകാല സമ്മേളന സമയത്ത് ദില്ലിയിൽ സമരം നടത്താനാണ് തീരുമാനം.

ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള ബിൽ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്രം അവതരിപ്പിക്കാനിരിക്കെയാണ് തീരുമാനം. നവംബർ 29 മുതലാണ് അടുത്ത പാർലമെന്റ് സമ്മേളനം തുടങ്ങുന്നത്. ഇക്കണോമിക് ലോജികിന് വിരുദ്ധമാണ് കേന്ദ്രസർക്കാരിന്റെ നിലപാടെന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി സൗമ്യ ദത്ത കുറ്റപ്പെടുത്തി.

സ്വയം സഹായ സംഘങ്ങളടക്കം സമൂഹത്തിന്റെ ഏറ്റവും താഴേക്കിടയിലുള്ള ആളുകളുടെ താത്പര്യത്തെ ഹനിക്കുന്നതാണ് കേന്ദ്രസർക്കാരിന്റെ സ്വകാര്യവത്കരണ നയമെന്ന് ഇവർ കുറ്റപ്പെടുത്തുന്നു. രാജ്യത്തെ ആകെ നിക്ഷേപത്തിന്റെ 70 ശതമാനവും പൊതുമേഖലാ ബാങ്കുകളിലാണ്. രാജ്യത്തെ സാധാരണക്കാരന്റെ നിക്ഷേപങ്ങൾ സ്വകാര്യവ്യക്തികളുടെ പക്കലേക്ക് നൽകുന്നതാണ് കേന്ദ്രനയമെന്നും അവർ വിമർശിക്കുന്നു.

നവംബർ 24 ന് ഭാരത യാത്രയോടെയാണ് സമരം തുടങ്ങുക. ഇത് നവംബർ 29 ന് ദില്ലിയിലെ ജന്തർ മന്തറിൽ അവസാനിക്കും. രണ്ട് പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കുമെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ നേരത്തെ വ്യക്തമാക്കിയത്.

click me!