റഫാൽ പറക്കും ടാറ്റയുടെ പവറിൽ, കൈകോർത്ത് ടാറ്റയും ദസ്സാള്‍ട്ടും, പ്രധാന ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും

Published : Jun 05, 2025, 06:07 PM IST
Dassault Aviation partners with Tata Advanced Systems to manufacture Rafale fighter aircraft fuselage for India and other global markets (Image: X/@tataadvanced)

Synopsis

റഫാല്‍ വിമാനത്തിന്റെ പ്രധാന ഘടനാപരമായ ഭാഗങ്ങളായ റിയര്‍ ഫ്യൂസലേജിന്റെ വശങ്ങളിലെ ഷെല്ലുകള്‍, പൂര്‍ണ്ണമായ പിന്‍ഭാഗം, മധ്യഭാഗം, മുന്‍ഭാഗം എന്നിവ നിര്‍മ്മിക്കുന്നതിനായി ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ഹൈദരാബാദില്‍ അത്യാധുനിക ഉത്പാദന കേന്ദ്രം സ്ഥാപിക്കും

ഫ്രാന്‍സിനു പുറത്ത് ആദ്യമായി റഫാല്‍ യുദ്ധവിമാനങ്ങളുടെ പ്രധാന ബോഡി (ഫ്യൂസലേജ്) നിര്‍മ്മിക്കാന്‍ ഒരുങ്ങി ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസും ദസ്സാള്‍ട്ട് ഏവിയേഷനും. റഫാല്‍ യുദ്ധവിമാനത്തിന്റെ ഫ്യൂസലേജ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനായി ഇരു കമ്പനികളും നാല് ഉത്പാദന കൈമാറ്റ കരാറുകളില്‍ ഒപ്പുവെച്ചു. ഇത് ഇന്ത്യയുടെ എയ്റോസ്പേസ് അടിസ്ഥാന സൗകര്യങ്ങളില്‍ ഒരു പ്രധാന നിക്ഷേപമാണെന്നും, വിമാനങ്ങളുടെ നിര്‍മ്മാണത്തിനുള്ള ഒരു നിര്‍ണായക കേന്ദ്രമായി ഇത് മാറുമെന്നും ദസ്സാള്‍ട്ട് അറിയിച്ചു. ഈ പങ്കാളിത്തത്തിന്റെ ഭാഗമായി, റഫാല്‍ വിമാനത്തിന്റെ പ്രധാന ഘടനാപരമായ ഭാഗങ്ങളായ റിയര്‍ ഫ്യൂസലേജിന്റെ വശങ്ങളിലെ ഷെല്ലുകള്‍, പൂര്‍ണ്ണമായ പിന്‍ഭാഗം, മധ്യഭാഗം, മുന്‍ഭാഗം എന്നിവ നിര്‍മ്മിക്കുന്നതിനായി ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ഹൈദരാബാദില്‍ ഒരു അത്യാധുനിക ഉത്പാദന കേന്ദ്രം സ്ഥാപിക്കും. 2028 സാമ്പത്തിക വര്‍ഷത്തോടെ ആദ്യ ഫ്യൂസലേജ് ഭാഗങ്ങള്‍ അസംബ്ലി ലൈനില്‍ നിന്ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സൗകര്യം വഴി പ്രതിമാസം രണ്ട് പൂര്‍ണ്ണ ഫ്യൂസലേജുകള്‍ വരെ നിര്‍മ്മിക്കാന്‍ സാധിക്കും.

ഇത് ഇന്ത്യയിലെ തങ്ങളുടെ വിതരണ ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു നിര്‍ണായക ചുവടുവെപ്പാണെന്നും പ്രാദേശിക പങ്കാളികള്‍ വഴി, റഫാല്‍ വിമാനങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഗുണനിലവാരവും മത്സരശേഷിയും ഉറപ്പാക്കുന്നതിനും ഈ വിതരണ ശൃംഖല സഹായിക്കുമെന്നും ദസ്സാള്‍ട്ട് ഏവിയേഷന്‍ ചെയര്‍മാനും സിഇഒയുമായ എറിക് ട്രാപ്പിയര്‍ പറഞ്ഞു. ആഗോള എയ്റോസ്പേസ് വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്താനും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നതായി ദസ്സാള്‍ട്ട് വ്യക്തമാക്കി.

എന്താണ് വിമാനത്തിന്റെ ഫ്യൂസലേജ്?

വിമാനത്തിന്റെ പ്രധാന ഭാഗമായ ഫ്യൂസലേജ് ഒരു നീണ്ട പൊള്ളയായ ട്യൂബാണ്. ഇത് വിമാനത്തിന്റെ എല്ലാ ഭാഗങ്ങളെയും ഒരുമിച്ച് നിര്‍ത്തുന്നു. ഭാരം കുറയ്ക്കുന്നതിനായി ഫ്യൂസലേജ് പൊള്ളയായിട്ടാണ് നിര്‍മ്മിക്കുന്നത്. വിമാനത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ, ഫ്യൂസലേജിന്റെ ആകൃതി സാധാരണയായി വിമാനത്തിന്റെ ദൗത്യത്തെ ആശ്രയിച്ചിരിക്കുന്നു.

ഒരു സൂപ്പര്‍സോണിക് യുദ്ധവിമാനത്തിന് ഉയര്‍ന്ന വേഗതയില്‍ പറക്കുമ്പോള്‍ ഉണ്ടാകുന്ന പ്രതിരോധം കുറയ്ക്കുന്നതിനായി വളരെ നേര്‍ത്തതും ഒഴുക്കന്‍ രൂപത്തിലുള്ളതുമായ ഫ്യൂസലേജ് ഉണ്ടാകും. ഒരു യാത്രാവിമാനത്തിന് പരമാവധി യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതിനായി വിശാലമായ ഫ്യൂസലേജ് ഉണ്ടാകും. യാത്രാവിമാനത്തില്‍ പൈലറ്റുമാര്‍ ഫ്യൂസലേജിന്റെ മുന്‍ഭാഗത്തുള്ള കോക്ക്പിറ്റില്‍ ഇരിക്കുന്നു. യാത്രക്കാരെയും കാര്‍ഗോയും ഫ്യൂസലേജിന്റെ പിന്‍ഭാഗത്ത് വഹിക്കുന്നു, ഇന്ധനം സാധാരണയായി ചിറകുകളിലാണ് സൂക്ഷിക്കുന്നത്. ഒരു യുദ്ധവിമാനത്തെ സംബന്ധിച്ചിടത്തോളം, കോക്ക്പിറ്റ് സാധാരണയായി ഫ്യൂസലേജിന് മുകളിലാണ്, ആയുധങ്ങള്‍ ചിറകുകളില്‍ വഹിക്കുന്നു, എഞ്ചിനുകളും ഇന്ധനവും ഫ്യൂസലേജിന്റെ പിന്‍ഭാഗത്ത് സ്ഥാപിച്ചിരിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം