ലോണിന് കരാറിലുള്ളതിനേക്കാൾ അധിക പലിശ ഈടാക്കി; കയ്യോടെ പിടിച്ച് ആർബിഐ, ബാങ്ക് ഓഫ് ബറോഡയ്ക്ക് 63.6 ലക്ഷം രൂപ പിഴ

Published : Jul 06, 2026, 01:39 PM IST
RBI

Synopsis

വായ്പ നൽകുന്നതിനുള്ള നിയമങ്ങളും കെവൈസി മാനദണ്ഡങ്ങളും പാലിക്കാത്തതിനെ തുടർന്ന് ബാങ്ക് ഓഫ് ബറോഡയ്ക്ക് 63.6 ലക്ഷം രൂപ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിലുണ്ടായ വീഴ്ചകൾ മുൻനിർത്തിയാണ് ഈ നടപടിയെന്ന് ആർബിഐ വ്യക്തമാക്കി.

രാജ്യത്തെ പ്രമുഖ ബാങ്കിങ് ശൃംഖലയായ ബാങ്ക് ഓഫ് ബറോഡയ്ക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 63.6 ലക്ഷം രൂപയാണ് പിഴയിനത്തിൽ ചുമത്തിയിരിക്കുന്നത്. വായ്പ നൽകുന്നവർക്കായുള്ള 'ഫെയർ പ്രാക്ടീസസ് കോഡ്' (Fair Practices Code for Lenders), 'കെവൈസി' (KYC) മാനദണ്ഡങ്ങൾ എന്നിവ പാലിക്കാത്തതിനെ തുടർന്നാണ് നടപടി. ഇതോടൊപ്പം കെവൈസി മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ജിഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന് (GIC Housing Finance Ltd) 3.1 ലക്ഷം രൂപയും ആർബിഐ പിഴ ചുമത്തിയിട്ടുണ്ട്.

2025 മാർച്ച് 31 വരെയുള്ള തീയതികളിലെ ധന വിനിമയം സംബന്ധിച്ച് നടത്തിയ പരിശോധനയിലാണ് വീഴ്ചകൾ കണ്ടെത്തിയത്. തുടർന്ന് ബാങ്കിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ബാങ്ക് നൽകിയ മറുപടി പരിശോധിച്ച ശേഷം ആർബിഐ നിയമ ലംഘനങ്ങൾ കണ്ടെത്തുകയായിരുന്നു. ചില വായ്പാ അക്കൗണ്ടുകളിൽ നിന്ന് കരാറിൽ പറഞ്ഞിരുന്നതിനേക്കാൾ ഉയർന്ന നിരക്കിൽ ബാങ്ക് പലിശ ഈടാക്കിയെന്ന് കണ്ടെത്തിയിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ ചില ഉപഭോക്താക്കളുടെ കെവൈസി (KYC) രേഖകൾ സെൻട്രൽ കെവൈസി റെക്കോർഡ്സ് രജിസ്ട്രിയിലേക്ക് (CKYCR) അപ്‌ലോഡ് ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ജിഐസി ഹൗസിംഗ് ഫിനാൻസ്

നാഷണൽ ഹൗസിംഗ് ബാങ്ക് (NHB), ജിഐസി ഹൗസിംഗ് ഫിനാൻസിന്റെ 2025 മാർച്ച് 31-ലെ സാമ്പത്തിക സ്ഥിതി വിലയിരുത്തി നടത്തിയ പരിശോധനയിലാണ് വീഴ്ചകൾ കണ്ടെത്തിയത്. ഉപഭോക്തൃ അക്കൗണ്ടുകളുടെ റിസ്ക് കാറ്റഗറൈസേഷൻ (Risk Categorisation) ആറ് മാസത്തിലൊരിക്കലെങ്കിലും കൃത്യമായി അവലോകനം ചെയ്യുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുന്നതിൽ കമ്പനി പരാജയപ്പെട്ടു എന്ന് ആർബിഐ വ്യക്തമാക്കി.

ആർബിഐയുടെ വിശദീകരണം

നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിലുണ്ടായ വീഴ്ചകൾ മുൻനിർത്തി മാത്രമാണ് ഈ പിഴ ചുമത്തിയിട്ടുള്ളത്. ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ തങ്ങളുടെ ഉപഭോക്താക്കളുമായി ഒപ്പുവെച്ചിട്ടുള്ള ഇടപാടുകളുടെയോ കരാറുകളുടെയോ സാധുതയെ ഈ നടപടി ബാധിക്കില്ലെന്ന് ആർബിഐ ബാങ്ക് വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

'നമുക്ക് നഗരങ്ങളിൽച്ചെന്ന് രാപ്പാർക്കാം', കൂട്ടത്തോടെ ആളുകളുടെ ഒഴുക്ക്; സാധാരണക്കാർക്ക് താങ്ങാനാകാതെ ടയർ-2 നഗരങ്ങളും!
കൊലപാതകം നടന്ന സ്ഥലത്ത് സെല്‍ഫിയെടുക്കാന്‍ തിരക്ക്; എന്താണ് 3.16 ലക്ഷം കോടിയുടെ 'ഡാര്‍ക്ക് ടൂറിസം'?