സര്‍ക്കാരിന് റിസര്‍വ് ബാങ്ക് പണം നൽകും: കരുതൽ ശേഖരത്തിൽ നിന്ന് 1.76 ലക്ഷം കോടി രൂപ

By Web TeamFirst Published Aug 26, 2019, 9:03 PM IST
Highlights

കരുതൽ ധനശേഖരത്തിൽ നിന്ന് പണം എടുക്കാനുള്ള നീക്കം റിസര്‍വ് ബാങ്ക് മുൻ ഗവര്‍ണര്‍ ഊര്‍ജിത് പാട്ടേലിന്‍റെ കാലത്ത് വലിയ വിവാദമായിരുന്നു.

മുംബൈ: രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നു എന്ന വാര്‍ത്തകൾക്കിടെ നിര്‍ണായക നീക്കവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐ കരുതൽ ധനശേഖരത്തിൽ നിന്ന്  1.76 ലക്ഷം കോടി രൂപ സർക്കാരിന് നൽകും. ബിമൽ ജലാൻ സമിതി നിര്‍ദ്ദേശം അംഗീകരിച്ച ആര്‍ബിഐ സെൻട്രൽ ബോര്‍ഡ് തുക കൈമാറാൻ തീരുമാനം എടുക്കുകയായിരുന്നു. ഇതോടെ വരുന്ന മാര്‍ച്ച് മാസത്തിനകം കേന്ദ്ര സര്‍ക്കാരിന് ബജറ്റിൽ പ്രതീക്ഷിച്ചിരുന്നതിലും അറുപത്തിനാല് ശതമാനം തുക അധികമായി റിസര്‍വ് ബാങ്കിൽ നിന്ന് കിട്ടും 

ഘട്ടം ഘട്ടമായി തുക കൈമാറാനാണ് റിസര്‍വ് ബാങ്കിന്‍റെ തീരുമാനം. കരുതൽ ധനം കൈമാറുന്നതിൽ നേരത്തെ ഗവർണറായിരുന്ന ഊർജിത് പട്ടേലും സർക്കാരും തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.ഊര്‍ജിത് പാട്ടേലിന്‍റെ രാജിയിലേക്ക് വരെ നയിച്ചതും ഇത്തരം അഭിപ്രായ വ്യത്യാസങ്ങളായിരുന്നു. രണ്ട് വര്‍ഷമായി സര്‍ക്കാരും ആര്‍ബിഐയും തമ്മിൽ ഇതു സംബന്ധിച്ച് വലിയ തര്‍ക്കം നിലനിന്നിരുന്നു. കരുതൽ ധനശേഖരത്തിൽ നിന്ന് തുകയെടുത്ത് ധനക്കമ്മി കുറയ്ക്കുന്നതിന് പ്രയോജനപ്പെടുത്താനാണ് നീക്കം. 

കരുതൽ ധനശേഖരം കൈമാറുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനായി  ആര്‍ബിഐ യോഗം ചേര്‍ന്നാണ് സാമ്പത്തിക വിദഗ്ധനായ ബിമൽ ജെലാൻ കമ്മിറ്റിയെ നിയോഗിച്ചത് . 

click me!