ബാങ്കുകൾക്കെതിരെ പരാതികളുടെ 'പ്രളയം'; കിട്ടിയത് 3.08 ലക്ഷം പരാതികളെന്ന് റിസർവ് ബാങ്ക്

By Web TeamFirst Published Feb 9, 2021, 9:48 AM IST
Highlights

ഇതിൽ 20 ശതമാനത്തോളം പരാതികളും എടിഎമ്മുകളെയോ ഡെബിറ്റ് കാർഡുകളെയോ സംബന്ധിച്ചുള്ളതാണ്. മൊബൈൽ, ഇലക്ട്രോണിക് ബാങ്കിങിനെ കുറിച്ചുള്ളതാണ് 13.38 ശതമാനം പരാതികൾ.

മുംബൈ: ബാങ്ക് സർവീസുകൾക്കെതിരെ ഉപഭോക്താക്കൾ സമർപ്പിച്ച പരാതികളുടെ എണ്ണം 57 ശതമാനം ഉയർന്ന് 3.08 ലക്ഷത്തിലെത്തിയെന്ന് റിസർവ് ബാങ്ക്. 2020 ജൂൺ 30 വരെയുള്ള കണക്കാണിത്. ഓംബുഡ്‌സ്മാൻ സ്കീമുകളെ കുറിച്ചുള്ള വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇതിൽ 20 ശതമാനത്തോളം പരാതികളും എടിഎമ്മുകളെയോ ഡെബിറ്റ് കാർഡുകളെയോ സംബന്ധിച്ചുള്ളതാണ്. മൊബൈൽ, ഇലക്ട്രോണിക് ബാങ്കിങിനെ കുറിച്ചുള്ളതാണ് 13.38 ശതമാനം പരാതികൾ. ഫെയർ പ്രാക്ട്രീസ് കോഡിന്റെ ലംഘനങ്ങളെ കുറിച്ചുള്ള പരാതികളാണ് എണ്ണത്തിൽ മൂന്നാമതുള്ളത്.

ക്രഡിറ്റ് കാർഡുകളെ കുറിച്ചും, ഉത്തരവാദിത്വം നിറവേറ്റുന്നതിൽ വരുത്തിയ വീഴ്ചകളെ കുറിച്ചും നോട്ടീസ് നൽകാതെ പിഴ ഈടാക്കിയതിനെ കുറിച്ചും വായ്പകൾ, അഡ്വാൻസുകൾ, ബാങ്കിങ് കോഡുകളുടെ ലംഘനം എന്നിവയെ കുറിച്ചെല്ലാമുള്ള പരാതികൾ ഇക്കുറി വർധിച്ചു. 2018-19 ൽ വെറും 629 പരാതികൾ മാത്രം ഉയർന്ന സ്ഥാനത്ത്, ഡയറക്ട് സെയിൽസ് ഏജന്റിനെ കുറിച്ചുള്ള പരാതികൾ ഇത്തവണ 1406 ആയി ഉയർന്നു. ലഭിച്ച പരാതികളിൽ 92.36 ശതമാനവും തീർപ്പാക്കിയെന്നും കേന്ദ്ര ബാങ്ക് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ കാര്യത്തിലാണ് അമ്പരപ്പിക്കുന്ന വളർച്ച പരാതികളിൽ ഉണ്ടായത്. 386 ശതമാനമാണ് പരാതികളുടെ എണ്ണത്തിലെ വർധന. 19432 പരാതികളാണ് ലഭിച്ചത്. ഇതിൽ 95.34 ശതമാനവും തീർപ്പാക്കി. ഡിജിറ്റൽ ഇടപാടുകൾ സംബന്ധിച്ച ഓംബുഡ്സ്മാൻ സ്കീം 2481 പരാതികൾ കൈകാര്യം ചെയ്തു. ഇതിൽ 43.89 ശതമാനവും റിസർവ് ബാങ്കിന്റെ പേമെന്റ് ഇടപാട് ചട്ടങ്ങളുടെ ലംഘനം സംബന്ധിച്ചുള്ളതായിരുന്നു.

click me!