
ദില്ലി: രാജ്യത്തെ സര്‍വീസ് മേഖല ജൂണ്‍ മാസവും സങ്കോചത്തിലായി. ഇത് തുടര്‍ച്ചയായ മൂന്നാം മാസമാണ് സേവന മേഖല ഉയര്‍ന്ന സമ്മര്‍ദ്ദ സ്ഥിതി നേരിടുന്നത്. രാജ്യ വ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മൂലം ആഭ്യന്തര ഡിമാന്റ് ഇടിഞ്ഞതും കയറ്റുമതി ഓര്‍ഡറുകളില്‍ കുറവ് നേരിട്ടതുമാണ് ജൂണ്‍ മാസത്തിലും സങ്കോചം തുടരാനിടയാക്കിയത്.
ഐഎച്ച്എസ് മർക്കിറ്റ് സേവന ബിസിനസ് പ്രവർത്തന സൂചിക (സർവീസസ് പിഎംഐ) സങ്കോചത്തിൽ തുടരുകയാണ്. എന്നാൽ, മുൻ മാസങ്ങളെക്കാൾ സ്ഥിതിയിൽ പുരോഗതിയുണ്ട്. ജൂണിലെ സർവീസ് പിഎംഐ 33.7 ആണ്. മെയ് മാസത്തിൽ പ്രസ്തുത സൂചിക 12.6 ആയിരുന്നു. ഏപ്രിലാണ് വലിയ സമ്മർദ്ദമാണ് മേഖല നേരിട്ടത്. ഏപ്രിലിലെ സർവീസ് പിഎംഐ 5.4 ആയിരുന്നു.
പിഎംഐ സൂചികയിൽ, 50 മാർക്ക് പരിധി സങ്കോചത്തിൽ നിന്ന് വിപുലീകരണത്തെ വേർതിരിക്കുന്നതാണ്.
ബിസിനസ്സ് പ്രവർത്തനങ്ങൾ പുർണതോതിൽ ആരംഭിക്കാനാകാത്തതും ദുർബലമായ ഡിമാൻഡും ജൂൺ മാസത്തിൽ സേവന മേഖലയുടെ ഔട്ട്പുട്ടിനെ കുറച്ചു. കൊവിഡ് -19 പകർച്ചവ്യാധി പുതിയ ജോലികൾ കുറയ്ക്കുകയും ബിസിനസ്സ് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്തതിനാൽ മാന്ദ്യം കൂടുതൽ ശക്തി പ്രാപിച്ചു.