പുകവലി ആരോഗ്യത്തിന് മാത്രമല്ല, പോക്കറ്റിനും ദോഷം; ഇന്‍ഷുറന്‍സ് പ്രീമിയം 100% വരെ വര്‍ധിക്കാന്‍ സാധ്യത

Published : Jun 01, 2025, 04:01 PM IST
പുകവലി ആരോഗ്യത്തിന് മാത്രമല്ല, പോക്കറ്റിനും ദോഷം; ഇന്‍ഷുറന്‍സ് പ്രീമിയം 100% വരെ വര്‍ധിക്കാന്‍ സാധ്യത

Synopsis

പുകവലിക്കുകയോ പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം വലിയ തോതില്‍ കൂടും

 

പുകവലിക്കുന്നവര്‍ക്ക് ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം 100% വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍. പുക വലി ആരോഗ്യത്തിന് മാത്രമല്ല, സാമ്പത്തികമായും ദോഷകരമാണെന്ന് ലോക പുകവലി വിരുദ്ധ ദിനത്തില്‍ (മെയ് 31) വിദഗ്ദ്ധര്‍ പറയുന്നു. പുകവലിക്കുകയോ പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം വലിയ തോതില്‍ കൂടും. ചിലപ്പോള്‍ ഇത് 100% വരെ ഉയരാം. എന്നിരുന്നാലും, പുകവലിക്കുന്നവരും ഇന്‍ഷുറന്‍സ് എടുക്കേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കാരണം, അവര്‍ക്ക് ആരോഗ്യപരമായ അപകടസാധ്യതകള്‍ കൂടുതലാണ്. 35 വയസ്സുകാരനായ ഒരു പുകവലിക്കാരന്‍, പുകവലിക്കാത്ത ഒരാളെക്കാള്‍ 80% കൂടുതല്‍ പ്രീമിയം നല്‍കേണ്ടി വരും. പുക വലി മരണസാധ്യത വര്‍ദ്ധിപ്പിക്കുന്നതുകൊണ്ടാണ് ഈ വ്യത്യാസം. പുകവലിക്കുന്നവര്‍ക്ക് ടേം ഇന്‍ഷുറന്‍സ് കിട്ടില്ല എന്നത് തെറ്റിദ്ധാരണയാണ്. അവര്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കും, അവര്‍ക്ക് സാമ്പത്തിക സുരക്ഷയുടെ ആവശ്യം കൂടുതലുമാണ്.

പുകവലിക്കുന്നവര്‍ക്കുള്ള പ്രീമിയം വര്‍ദ്ധനവ് ഓരോ ഇന്‍ഷുറന്‍സ് കമ്പനിയിലും വ്യത്യാസപ്പെടാം. 75 ലക്ഷം രൂപയില്‍ കൂടുതല്‍ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍, പുകയില ഉപയോഗിക്കുന്നവര്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം 50-100% വരെ വര്‍ധിക്കാം. ആരോഗ്യ ഇന്‍ഷുറന്‍സിലും ഈ വ്യത്യാസം കാണാം. പല ആരോഗ്യ ഇന്‍ഷുറന്‍സ് ഉല്‍പന്നങ്ങള്‍ക്കും പുകവലിക്കാര്‍ക്ക് പ്രത്യേക നിരക്കുകള്‍ ഇല്ലെങ്കിലും, അമിതമായ പുകവലി ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രീമിയം കൂടുകയോ കവറേജ് നിഷേധിക്കുകയോ ചെയ്യാം.

 എങ്കിലും, പുകവലി ഉപേക്ഷിക്കാന്‍ തയ്യാറുള്ളവര്‍ക്ക് ആശ്വാസിക്കാം. കാരണം മിക്ക ഇന്‍ഷുറന്‍സ് കമ്പനികളും പുകവലി ഉപേക്ഷിക്കുന്നവര്‍ക്ക് പ്രീമിയം കുറയ്ക്കാന്‍ അവസരം നല്‍കുന്നു. ഒരാള്‍ 12-36 മാസം വരെ പുക വലിക്കാതെ ജീവിച്ചാല്‍, ഇന്‍ഷുറന്‍സ് കമ്പനിയുടെ നയം അനുസരിച്ച് അവരെ പുകവലിക്കാത്തവരുടെ വിഭാഗത്തില്‍ പെടുത്താം.. എന്നാല്‍, ഇതിന് പുതിയ മെഡിക്കല്‍ പരിശോധനകള്‍ ആവശ്യമാണ്. പുകവലി ഉപേക്ഷിച്ച ഉടന്‍ പ്രീമിയം കുറയില്ലെങ്കിലും, ആരോഗ്യപരമായ പുരോഗതി ഭാവിയില്‍ കുറഞ്ഞ പ്രീമിയത്തില്‍ ഇന്‍ഷുറന്‍സ് എടുക്കാന്‍ സഹായിക്കും.

PREV
Read more Articles on
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ