
അമേരിക്കൻ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ല കമ്പനിക്ക് എതിരെ നേരത്തെ പിരിച്ചുവിടപ്പെട്ട തൊഴിലാളികൾ നിയമപോരാട്ടത്തിന്. രാജ്യത്തെ ഫെഡറൽ നിയമങ്ങൾ അട്ടിമറിച്ചുകൊണ്ടാണ് കമ്പനി തങ്ങളെ പിരിച്ചുവിട്ടത് എന്നാണ് മുൻ തൊഴിലാളികൾ ഉയർത്തുന്ന വാദം. മുൻകൂർ നോട്ടീസ് നൽകാതെയായിരുന്നു തൊഴിലാളികളെ ജോലിയിൽ നിന്നും പറഞ്ഞുവിട്ടത്.
ടെക്സാസിലെ കോടതിയിൽ ഞായറാഴ്ച വൈകിട്ടാണ് ഹർജി സമർപ്പിക്കപ്പെട്ടത്. ജൂൺ മാസത്തിൽ പിരിച്ചുവിടപ്പെട്ട രണ്ടു തൊഴിലാളികളാണ് ഹർജിക്ക് പിന്നിൽ. ജോൺ ലിഞ്ച്, ഡാക്സ്റ്റ്ൺ ഹാർട്സ്ഫീൽഡ് എന്നിവരാണ് ഹർജിക്ക് പിന്നിൽ. നെവാദയിലെ സ്പാർക്സിൽ ടെസ്‌ലയുടെ ഗിഗാ ഫാക്ടറിയിലെ തൊഴിലാളികൾ ആയിരുന്നു ഇവർ.
ഈ ഫാക്ടറിയിൽനിന്ന് 500 പേരെ പിരിച്ചുവിട്ടു എന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. രാജ്യത്തെ നിയമ വ്യവസ്ഥ അനുസരിച്ച് ജീവനക്കാരെ തിരിച്ചുവിടുന്നതിനു 60 ദിവസം മുൻപ് നോട്ടീസ് നൽകേണ്ടതുണ്ട്. ടെസ്ല കമ്പനി ഇക്കാര്യത്തിൽ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. എത്ര പേരെ പിരിച്ചുവിട്ടുവെന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.