'ചോദിച്ച വിവരങ്ങൾ സത്യവാങ്മൂലത്തിലില്ല', മൊറട്ടോറിയത്തിൽ വ്യക്തമായ പദ്ധതി തേടി കോടതി

By Web TeamFirst Published Oct 5, 2020, 12:40 PM IST
Highlights

കൊവിഡ് കാലത്തെ പിഴപ്പലിശ ഒഴിവാക്കി നൽകാമെന്ന് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. എല്ലാ പലിശയും ഒഴിവാക്കി നൽകിയാൽ ബാങ്കുകൾ കടുത്ത പ്രതിസന്ധിയിലാകുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

ദില്ലി: കൊവിഡ് പ്രതിസന്ധിക്കിടയിലുള്ള ലോൺ തിരിച്ചടവുകളുമായി ബന്ധപ്പെട്ട്, കോടതി ഉന്നയിച്ച പല ചോദ്യങ്ങൾക്കുമുള്ള മറുപടി കേന്ദ്രസർക്കാരിന്‍റെ സത്യവാങ്മൂലത്തിലില്ലെന്ന് സുപ്രീംകോടതി. എല്ലാ ചോദ്യങ്ങൾക്കും സമഗ്രമായ മറുപടി ഉൾപ്പെടുത്തി വിശദമായ സത്യവാങ്മൂലം ഒരാഴ്ചയ്ക്കകം നൽകണമെന്ന് കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്രത്തിന്‍റെ മറുപടി പഠിച്ച് മറുപടി നൽകാൻ ഹർജിക്കാർക്കും കോടതി ഒരാഴ്ച സമയം അനുവദിച്ചു. കേസ് ഇനി ഒക്ടോബർ 13-ന് പരിഗണിക്കും.

ധാരണക്കാർക്കും ചെറുകിടകച്ചവടക്കാർക്കും വലിയ ആശ്വാസവുമായാണ് രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്. ആറ് മാസത്തെ മൊറട്ടോറിയം കാലാവധിക്കാലത്തെ പിഴപ്പലിശയാണ് ഒഴിവാക്കുക. എന്നാൽ റിയൽ എസ്റ്റേറ്റ് ബിൽഡർമാർ അടക്കമുള്ളവരുടെ പിഴപ്പലിശ ഇതിൽ നിന്ന് ഒഴിവാകില്ലെന്ന് വ്യക്തമായതോടെ നിർമാണമേഖലയിലെ പ്രമുഖർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇനി കേസ് പരിഗണിക്കുമ്പോൾ, അവരുടെ മറുപടി കൂടി കോടതിയുടെ പരിഗണനയ്ക്ക് വരും. 

ചെറുകിട, MSME ലോണുകൾക്കും, വിദ്യാഭ്യാസ, ഭവന, കൺസ്യൂമർ ഡ്യൂറബിൾ, വാഹന, പ്രൊഫഷണൽ ലോണുകൾക്കും, ക്രെഡിറ്റ് കാർഡ് തുകകൾക്കും, നിലവിൽ പിഴപ്പലിശയിലെ ഈ ഇളവ് ബാധകമാണ്. ''ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ, സർക്കാർ ഈ പിഴപ്പലിശയുടെ ഭാരം വഹിക്കുക എന്നത് മാത്രമാണ് പോംവഴി'', എന്ന് കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. പാർലമെന്‍റിന്‍റെ അനുമതി ഇക്കാര്യത്തിൽ തേടുമെന്നും സത്യവാങ്മൂലം പറയുന്നു.

നേരത്തേ പിഴപ്പലിശ ഒഴിവാക്കാനാകില്ലെന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. ഇത് ബാങ്കുകളെ വലിയ രീതിയിൽ ബാധിക്കുമെന്നും കേന്ദ്രം നിലപാടെടുത്തു. എന്നാൽ, ഉപഭോക്താക്കളുടെ മേലുള്ള ഭാരം കുറയ്ക്കുന്ന നിർദേശങ്ങൾ പഠിച്ച് സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശപ്രകാരം സർക്കാർ രൂപീകരിച്ച വിദഗ്ധസമിതി പിഴപ്പലിശ ഒഴിവാക്കണമെന്ന നിർദേശമാണ് നൽകിയത്. ഇത് പരിഗണിച്ചാണ് പിഴപ്പലിശ ഒഴിവാക്കാൻ തീരുമാനിച്ചത്. 

സത്യവാങ്മൂലത്തിൽ പറയുന്ന മറ്റ് കാര്യങ്ങളെന്ത്?

  • മൊറട്ടോറിയം ഇളവുകൾ വാങ്ങിയാലും ഇല്ലെങ്കിലും എല്ലാ ഇടപാടുകാർക്കും ഈ ആനുകൂല്യം നൽകണം. 
  • എല്ലാ ലോണുകളുടെയും മൊറട്ടോറിയം കാലയളവിലെ പലിശ മുഴുവനായും എഴുതിത്തള്ളാനാകില്ല. എല്ലാ ലോണുകളുടെയും മൊറട്ടോറിയം കാലത്തെ പലിശ മാത്രം ഏതാണ്ട് ആറ് ലക്ഷം കോടിയോളം വരും. അത് ബാങ്കുകളെ കടുത്ത പ്രതിസന്ധിയിലാക്കും.
  • ചെറുകിട വ്യവസായികളെയും സാധാരണക്കാരെയും സഹായിക്കാനാണ് പിഴപ്പലിശ ഒഴിവാക്കിയത്. 
  • രണ്ട് കോടിയിൽ കൂടുതലുള്ള ഒരു വായ്പയ്ക്കും ഈ ആനുകൂല്യം ലഭ്യമാകില്ല. 
click me!